ഇപ്പോൾ യുപിഐ ഇടപാട് എളുപ്പമാക്കാൻ ഈ അഞ്ച് കാര്യങ്ങൾ നിങ്ങളെ സഹായിക്കും
Mail This Article
വെട്ടുമിഠായി വാങ്ങണമെങ്കിൽ പോലും യുപിഐ ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട് കാര്യങ്ങൾ. ആളുകൾ കാശ് കൈയിൽ കരുതാതെയായി. അത്ര മേൽ യുപിഐ നമ്മുടെ ഇടപാട് ശീലങ്ങളെ മാറ്റിക്കഴിഞ്ഞു. യുപിഐയിലെ ഓരോ മാറ്റവും സാധാരണക്കാരുടെ ഇടപാടിനെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. അതു കൊണ്ടു തന്നെ യുപിഐയിലെ ഈ പ്രധാന മാറ്റങ്ങളറിയണം
യുപിഐ എടിഎം
ഇന്ത്യയിലെ റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റിന്റെ 75 ശതമാനവും യുപിഐ ആണിപ്പോൾ കൈകാര്യം ചെയ്യുന്നത്. യുപിഐയുടെ സൗകര്യവും സുരക്ഷിതത്വവും എടിഎമ്മുകളിൽ ലഭ്യമാക്കി ഇടപാട് കൂടുതൽ ലളിതമാക്കുകയാണ് യുപിഐ എടിഎമ്മുകൾ. കാർഡില്ലാതെ തന്നെ പണം ലഭിക്കാൻ സാധിക്കുമെന്നതാണിതിന്റെ മെച്ചം. ക്യൂആർ കോഡ് സ്കാൻ ചെയ്ത് നേരിട്ട് പണമെടുക്കാം. ജപ്പാനിലെ ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചുള്ള ഹിറ്റാച്ചി മണി സ്‌പോട്ട് യുപിഐ എടിഎം എന്ന വൈറ്റ് ലേബൽ എടിഎം ആണിത്.
നാല് മണിക്കൂർ ഇടപാട് പരിധി
രണ്ട് ഇടപാടുകാർ തമ്മിലുള്ള ആദ്യ യുപിഐ ഇടപാട് 2000 രൂപയ്ക്ക് മുകളിലാണെങ്കിൽ നാല് മണിക്കൂർ സമയ നിയന്ത്രണമുണ്ടാകും. അതായത് നടപടിക്രമങ്ങൾ കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷമേ സ്വീകർത്താവിന്റെ അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്യൂ. നിലവിലിപ്പോൾ നെറ്റ് ബാങ്കിങിൽ ഉള്ള ഈ രീതി ഇടപാടിന് കൂടുതൽ സുരക്ഷയുറപ്പാക്കും. തട്ടിപ്പുകൾക്ക് തടയിടാൻ വലിയൊരളവ് സഹായിക്കും.
ഇന്റർ ചേയ്ഞ്ച് ഫീസ്
ഓൺലൈൻ വാലറ്റ് പോലുള്ള പ്രീപെയ്ഡ് ഉപകരണങ്ങളുപയോഗിച്ച് 2000 രൂപയ്ക്ക് മുകളിൽ ഇടപാട് നടത്തുമ്പോൾ ഇന്റർചേയ്ഞ്ച് ഫീസീടാക്കും.
ഇടപാട് പരിധി
യുപിഐ വഴിയുള്ള പ്രതിദിന ഇടപാട് പരിധി ഒരു ലക്ഷം രൂപയാക്കി ആർബിഐ ഉയർത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ 8 മുതൽ ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ യുപിഐ ഇടപാട് പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തിയിരുന്നു.
യുപിഐ ഐഡി നിർജീവമാകും
ഇടപാടുകാർ ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം ഒരു വർഷമായി ഇടപാടുകൾ നടക്കാത്ത യുപിഐ ഐഡികൾ എൻ പിസിഐ നിർജീവമാക്കും. പിന്നെയും യുപിഐ ആപ്പ് ഉപയോഗിക്കണമെങ്കിൽ റജിസ്റ്റർ ചെയ്യേണ്ടി വരും