ഓഫിസിലേക്ക് തിരിച്ചു വന്നാൽ മാത്രം പ്രമോഷൻ!
Mail This Article
കോവിഡ് കാലത്ത് നടപ്പാക്കിയ 'വർക്ക് ഫ്രം ഹോം' പല കമ്പനികളും തുടരാൻ അനുവദിക്കില്ല എന്ന സന്ദേശം ജീവനക്കാർക്ക് നൽകി കഴിഞ്ഞു. ഓഫീസിലേക്ക് തിരിച്ചു വന്നാൽ മാത്രം 'വേരിയബിൾ പേ'യും 'പ്രൊമോഷനും'എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐടി കമ്പനിയായ ടി സി എസ് ഇപ്പോൾ. പ്രമോഷനുകൾക്ക് ആവശ്യമായ ഗ്രേഡുകൾ, ഓഫീസിൽ നിന്ന് ജോലി ചെയ്തതിൻ്റെ ട്രാക്ക് റെക്കോർഡ് അടിസ്ഥാനമാക്കിയായിരിക്കുമെന്ന് യൂണിറ്റ് മേധാവികൾ അവരുടെ ടീമുകളെ അറിയിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി അവസാനിപ്പിച്ച് ആഴ്ചയിലെ അഞ്ച് ദിവസവും ഓഫീസിലേക്ക് മടങ്ങാൻ TCS ജീവനക്കാരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പല കമ്പനികളില്‍ ഒരേ സമയത്ത് ജോലി
ജീവനക്കാർക്ക് അവരുടെ വീടിന് അടുത്തുള്ള ഓഫീസുകൾ തിരഞ്ഞെടുക്കുന്നതിന് പകരം അവരുടെ നിയുക്ത ഓഫീസുകളിലേക്ക് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ സൗകര്യത്തിനായി ചില ജീവനക്കാർ 'സിറ്റി അലവൻസ്' ഉപേക്ഷിക്കാൻ തയ്യാറാണ്. എച്ച്ആർ വകുപ്പ് ഓരോ കേസിൻ്റെ അടിസ്ഥാനത്തിൽ വീട്ടിലിരുന്ന് പരിമിതമായ ജോലികൾ അനുവദിക്കുന്നുണ്ട്. എന്നാൽ പൊതുവെ വീട്ടിലിരുന്നുള്ള ജോലികൾ അനുവദിക്കില്ല എന്ന നയമാണ് ഇപ്പോൾ ഐ ടി കമ്പനികൾ പിന്തുടരുന്നത്. പല കമ്പനികളില്‍ ഒരേ സമയത്ത് ജോലി ചെയ്യുന്ന പ്രവണത ജീവനക്കാരുടെ ഇടയിൽ കൂടുന്നതും, ഓഫീസുകളിലേക്ക് തിരിച്ചു വിളിക്കാൻ കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണ്.