ജീവിത സായാഹ്നത്തിൽ ഒറ്റപ്പെട്ടവർക്ക് ഇനി കേരളത്തിന്റെ 'കെയർ സെന്റർ'
Mail This Article
ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവരെക്കുറിച്ചുള്ള ഒരുപാട് കഥകൾ എന്നും കേൾക്കുന്നു. ഇപ്പോൾ മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം ഈ ഗൗരവതരമായ സാമൂഹ്യപ്രശ്നത്തിന് കൈവന്നിട്ടുമുണ്ട്. കാരണം തൊഴിൽ തേടിയും വിദ്യാഭ്യാസത്തിനുമായി മക്കൾ വിദേശങ്ങളിലേയ്ക്ക് ചേക്കേറുന്ന പ്രവണത കൂടിയതോടെ മാതാപിതാക്കളുടെ ഒറ്റയ്ക്കുള്ള ജീവിതം വീണ്ടും വിഷമകരമാകുകയാണ്. പ്രായമായവരെ പരിരക്ഷിക്കാന്‍ കെൽപ്പുള്ള ആളുകളുടെ എണ്ണം കുറയുന്നത് വീണ്ടും സ്ഥിതി രൂക്ഷമാക്കുന്നു.
അതിവേഗം മലയാളികളിലെ 20 ശതമാനത്തിലേറെയും 60 വയസിനു മുകളിലാകും എന്നതാണ് അവസ്ഥ. ഇന്നത്തെ ബജറ്റിൽ ധനമന്ത്രി ഈ അവസ്ഥയിൽ പ്രായമായവർക്ക് ആശ്വാസമായി കെയർ സെന്ററുകൾ സ്ഥാപിച്ച് ആരോഗ്യ പരിചണവും സംരക്ഷണവും നൽകുന്ന പദ്ധതി ആവിഷ്ക്കരിക്കമെന്നറിയിച്ചത് വളരെ ആശ്വാസമേകുന്നുവെന്ന് അധ്യാപക ജീവിതത്തിൽ നിന്ന് വിരമിച്ച, മക്കൾ രണ്ടാളും വിദേശത്ത് ജോലിചെയ്യുന്ന കൊച്ചിയിലെ മുരളീധരൻ പറയുന്നു. സംസ്ഥാനത്തിന്റെ സാമൂഹ്യതലത്തിൽ വലിയൊരളവിൽ മാറ്റങ്ങളുണ്ടാക്കുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
സംസ്ഥാനത്തെ ജീവിത നിലവാരം മെച്ചപ്പെട്ടതാണെങ്കിലും തനിച്ചായ മുതിർന്നവർക്ക് ഒരു കൈസഹായം എന്ന രീതിയിലുള്ള നീക്കം ഇതുവരെയില്ലായിരുന്നു. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കുന്നതോടെ സ്വകാര്യമേഖലയിലുള്ളവരും മുതിർന്നവർക്ക് കൈത്താങ്ങൊരുക്കാൻ സന്നദ്ധരാകും. ഇപ്പോഴുള്ള അപ്പാർട്ട്മെന്റുകൾക്ക് പകരം സ്പേസ് കമ്യൂണിറ്റി ലിവിങും, റിട്ടയർമെന്റ് ലിവിങ്ങും, ക്രിട്ടിക്കൽ കെയർ ലിവിങ്ങും ഇവിടെ യാഥാര്‍ത്ഥ്യമാകാൻ ഇനി അധികനാൾ വേണ്ട എന്നര്‍ത്ഥം.
സർക്കാരിന്റ പിന്തുണയും ആനുകൂല്യങ്ങളും ലഭിക്കുന്നതോടെ സ്വകാര്യമേഖല ഈ രംഗത്ത് കൂടുതൽ മൂലധനം ഇറക്കും. "സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവർക്കും വിദേശീയർക്കും വരെ ഇത്തരം കേന്ദ്രങ്ങളിൽ പരിചരണം തേടി വരാവുന്ന വിധത്തിലുള്ള സേവനങ്ങളാകും പ്രകൃതിരമണീയമായ പശ്ചാത്തത്തിലുള്ള ഇത്തരം സെന്ററുകളിൽ ലഭ്യമാക്കുക" സീനിയർ ലിവിങ് ആശയത്തിന്റെ വക്താക്കളിലൊരാളായ വ്യവസായ കണ്‍സൾട്ടന്റ് മുഹമ്മദ് സലീം പറയുന്നു. സ്വകാര്യ മേഖലയുടെ കൂടി പിന്തുണയോടെ ഈ പദ്ധതിയൊരുക്കിയാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്രമജീവിതത്തിനും പരിചരണത്തിനുമായി ആളുകൾ തേടിയെത്തുന്ന ഒരു ഹബ്ബായി ഇവിടം വളരുകയും സമ്പദ് വ്യവസ്ഥയ്ക്കത് മുതൽ കൂട്ടായി മാറുകയും ചെയ്യും. സലീം വിശദീകരിച്ചു. വളർച്ചാ സാധ്യതയുള്ള ഈ മേഖലയിൽ മുതിർന്ന പൗരന്മാരും കൂടുതൽ സജീവമാകും. ഒപ്പം തന്നെ താഴെത്തട്ടിലുള്ള മുതിര്‍ന്നർക്ക് സർക്കാരിന്റെ പിന്തുണയും ഉറപ്പാക്കുകയാണ് വേണ്ടത്