വല്ലാത്തൊരു വീട്ടുചെലവ്!
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിലെ ശരാശരി ആളോഹരി വീട്ടുചെലവിൽ ഇരട്ടി വർധന. 2011–12ൽ ഗ്രാമമേഖലകളിലെ ആളോഹരി വീട്ടുചെലവ് 2,669 രൂപയായിരുന്നത് കഴിഞ്ഞ വർഷം 5,924 രൂപയായി. നഗരമേഖലകളിൽ 3,408 രൂപയായിരുന്നത് 7,078 രൂപയുമായി. ഒരു വ്യക്തിയുടെ പ്രതിമാസ ശരാശരി ചെലവാണ് ആളോഹരി വീട്ടുചെലവ്.
നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) സർവേ ഫലത്തിലാണ് വിവരങ്ങളുള്ളത്. ഗ്രാമീണമേഖലകളിലെ ചെലവിന്റെ പട്ടികയിൽ കേരളം നിലവിൽ നാലാമതും നഗരമേഖലകളിലെ ചെലവിൽ 11–ാമതുമാണ്.
രാജ്യമാകെ ഗ്രാമമേഖലകളിലെ ആളോഹരി വീട്ടുചെലവ് 3,773 രൂപയാണ്. നഗരങ്ങളിൽ ഇത് 6,459 രൂപ. രാജ്യമാകെ ഗ്രാമീണ, നഗരമേഖലകളിൽ ചെലവിൽ ഏകദേശം രണ്ടര മടങ്ങ് വർധനയാണ് 12 വർഷത്തിനിടെയുണ്ടായത്. 12 വർഷത്തിനു ശേഷമാണ് രാജ്യത്തെ വീട്ടുചെലവ് സംബന്ധിച്ച സർവേഫലം കേന്ദ്രം പ്രസിദ്ധീകരിക്കുന്നത്. 5 വർഷത്തിലൊരിക്കലാണ് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് സർവേഫലം പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ നോട്ട് നിരോധനത്തിനു പിന്നാലെ 2017–18ൽ നടന്ന സർവേയുടെ ഫലം കേന്ദ്രം പ്രസിദ്ധീകരിച്ചില്ല.
ഡേറ്റയുടെ ആധികാരികത സംബന്ധിച്ച പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പ്രസിദ്ധീകരിക്കാതിരുന്നത്.