യാത്ര തീവണ്ടിയിൽ, ഭക്ഷണം സ്വിഗ്ഗിയിൽ നിന്ന്: ഐ ആർ സി ടി സി യുടെ പുതിയ നീക്കം
Mail This Article
ഐആർസിടിസി ഇ-കാറ്ററിങ് പോർട്ടൽ വഴി മുൻകൂട്ടി ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഭക്ഷണ വിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗിയുമായി കരാറിലേർപ്പെട്ടതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. പൈലറ്റ് പ്രോഗ്രാമിൻ്റെ ആദ്യ ഘട്ടം ബെംഗളൂരു, ഭുവനേശ്വർ, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിലെ നാല് റെയിൽവേ സ്റ്റേഷനുകളിൽ നടത്തുമെന്നും സ്വിഗ്ഗി ഫുഡ്‌സ് വഴിയുള്ള ഇ-കാറ്ററിങ് സേവനം ഉടൻ തന്നെ യാത്രക്കാർക്ക് ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഹരി വിപണി ഇന്ന് പൊതുവെ മന്ദതയിലായതിനാൽ ഈ വാർത്തയോട് ഐ ആർ സി ടി സി യുടെ ഓഹരി അത്ര പ്രതികരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ ഐ ആർ സി ടി സിയുടെ ഓഹരികൾ 50 ശതമാനം ഉയർന്നിട്ടുണ്ട്.
2023 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ ഐആർസിടിസി 300 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. ഇത് വാർഷികാടിസ്ഥാനത്തിൽ 17.4 ശതമാനം ഉയർന്നു. കാറ്ററിങ്, ഇൻ്റർനെറ്റ് ടിക്കറ്റിങ് യൂണിറ്റുകളിൽ നിന്നുള്ള വരുമാനം യഥാക്രമം 29 ശതമാനവും 11.4 ശതമാനവും വർധിച്ച് യഥാക്രമം 508 കോടി രൂപയും 335.3 കോടി രൂപയുമായി ഉയർന്നു.
എങ്ങനെ രണ്ടുകൂട്ടർക്കും നേട്ടമാകും?
ഐആർസിടിസിയും സ്വിഗ്ഗിയും തമ്മിലുള്ള പങ്കാളിത്തം രണ്ട് കമ്പനികൾക്കും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. തീവണ്ടി യാത്രക്കാരുടെ എണ്ണം കൂടുന്നതിനാൽ ഭക്ഷണത്തിനുള്ള ഡിമാൻഡ് വർധിക്കുന്നത് സ്വിഗ്ഗിക്ക് നേട്ടമാകും. തീവണ്ടിയിൽ യാത്ര ചെയ്യുന്നവരെ കൂടി തങ്ങളുടെ ഉപഭോക്താക്കളാക്കാൻ സ്വിഗ്ഗിക്ക് സാധിക്കും. എന്നാൽ ഐആർസിടിസിയെ സംബന്ധിച്ചിടത്തോളം ഇത് യാത്രക്കാരുടെ സുഖസൗകര്യം കൂട്ടും. കാരണം യാത്രക്കാർക്ക് വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ തീവണ്ടിയിൽ യാത്ര ചെയ്യാൻ താല്പര്യമേറും.