ചെലവു ചുരുക്കാൻ വഴിയുണ്ട്; ദിവസവും 5 മിനിറ്റ് മാറ്റിവയ്ക്കാമോ
Mail This Article
കിട്ടുന്ന പണം മുഴവനും ചെലവായി പോകുകയാണോ? മാസം പകുതി പിന്നിടുമ്പോഴേക്കും കീശ കാലിയായി. പിന്നെ ക്രെഡ്റ്റ് കാർഡ്, കടം വാങ്ങൽ ഒക്കെയായി ആ മാസം തള്ളിനീക്കേണ്ടി വരും. അടുത്തമാസം ശമ്പളം കിട്ടുമ്പോൾ കടം വാങ്ങിയതെല്ലാം കൊടുത്തുതീരുമ്പോഴേക്കും വീണ്ടും പോക്കറ്റിൽ കാര്യമായി ഒന്നും ഉണ്ടാകില്ല. എത്ര ശ്രമിച്ചിട്ടും ഈ ഒരു രീതിയിൽ നിന്നു ഊരിപ്പോരാൻ നിങ്ങൾക്ക് കഴിയുന്നില്ലേ? എങ്കിൽ പണം ചെലവഴിക്കുന്നതിനു നിങ്ങൾക്കൊരു കണക്കു പുസ്തകം വേണം. നമ്മൾ അറിയാതെ എത്ര രൂപ കയിൽനിന്നു ചെലവാക്കുന്നുണ്ട്, എവിടെയെല്ലാമാണ് അധിക ചെലവ് വരുന്നത് എന്നറിയാൻ ഈ കണക്കു പുസ്തകം സഹായിക്കും.
സ്വന്തം കണക്കു പുസ്തകം
ഓരോ ദിവസവും ചെലവാക്കുന്ന ഓരോ രൂപയും ഒരു ഡയറിയിൽ തിയതി അനുസരിച്ച് കൃത്യമായി എഴുതിയിടുക. ദിവസേന ചെലവാക്കുന്ന എല്ലാ തുകയും, അതെത്ര ചെറുതാണെങ്കിലും അത് എഴുതിയിടുക. എല്ലാ ദിവസവും കണക്കുകൾ കുറിച്ചിടാൻ ഇങ്ങനെ 5 മിനിറ്റ് മാറ്റിവയ്ക്കാം. പല തുള്ളി പെരുവെള്ളം എന്നല്ലേ?ദിവസേന ചെലവാക്കുന്ന ചെറിയ തുകകൾ ആകും നിങ്ങളുടെ പോക്കറ്റ് ചോർച്ചക്ക് പ്രധാന കാരണം. അതു തടയാൻ കഴിഞ്ഞാൽ നല്ലൊരു തുക മിച്ചം പിടിക്കാം.
ആവശ്യമോ അത്യാവശ്യമോ?
നമുക്കൾ ആവശ്യങ്ങൾ പലതുണ്ടാകും. ചെലവഴിക്കുന്ന ഓരോ തുകയ്ക്കു നേരെ ആവശ്യം, അത്യാവശ്യം എന്നിങ്ങനെ തരംതിരിക്കുക. ആവശ്യമാണെങ്കിൽ അതിനു നേരെ വാണ്ട് (want) എന്നു നോട്ട് ചെയ്യുക. അത്യാവശ്യമാണെങ്കിൽ അതിനു നേരെ നീഡ് (need) എന്നെഴുതുക. ഒന്നു വിശകലനം ചെയ്താൽ കൂടുതൽ സാധനങ്ങളും ആവശ്യം ആയിരിക്കും. അതായത് അതൊന്നും ഇപ്പോൾ അത്യാവശ്യമില്ല. വേണമെങ്കിൽ മാറ്റിവയ്ക്കാവുന്നതേ ഉള്ളൂ. പിന്നീടെപ്പോഴെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചമായശേഷം വാങ്ങിയാലും മതി. അത്തരം സാധനങ്ങൾ വാങ്ങുമ്പോൾ രണ്ടു വട്ടം നന്നായി ആലോചിക്കുക.
ഇത്തരത്തിൽ കണക്കെഴുത്ത് ഒരു മാസം പൂർത്തിയാക്കിയാൽ ഒന്നു വിശദമായി വിലയിരുത്തണം. മാസം ബജറ്റിൽ വരുമാനത്തിൽ എത്രം മിച്ചം അല്ലെങ്കിൽ അധികമായിട്ടുണ്ടെന്ന് നോക്കുക. വരവിനേക്കാൾ കൂടുതൽ തുക ചെലവാകുന്നുണ്ടോ എന്നു പരിശോധിക്കുക. അത്തരം അവസരങ്ങളിലാണല്ലോ കടം എടുക്കേണ്ടി വരുന്നത്. കടം എടുക്കേണ്ട അവസ്ഥയാണെങ്കിൽ ചെലവു ചുരുക്കണം എന്നർത്ഥം. അതിന് അത്യാവശ്യങ്ങൾക്കും ആവശ്യങ്ങൾക്കും വിനോദത്തിനും ചെലവാക്കിയത് എന്നിവ വെവ്വേറെ കൂട്ടിനോക്കുക. അതിലൂടെ ഒന്നു കണ്ണോടിച്ചാൽ പലതും അത്യാവശ്യമല്ലെന്നും മാറ്റിവയ്ക്കാവുന്നതാണെന്നും മനസിലാക്കാം. അതുവഴി ചെലവുകൾ ചുരുക്കാനുള്ള അവസരങ്ങൾ നിങ്ങൾക്ക് സ്വയം കണ്ടെത്താൻ കഴിയും.
ബജറ്റ് തീരുമാനിക്കുക
ഇനി വേണ്ടത് തൊട്ടടുത്ത മാസത്തേയ്ക്കായി ഒരു ബജറ്റ് നേരത്തെ തന്നെ തീരുമാനിക്കുക എന്നതാണ്. അതിൽ കുറച്ചു തുക എമർജൻസി ഫണ്ടായി മാറ്റി വയ്ക്കുക. ഈ തുക ആശുപത്രി ആവശ്യങ്ങൾ പോലുള്ള ഒഴിവാക്കാനാകത്ത ആവശ്യങ്ങൾക്കു മാത്രമേ എടുക്കാവൂ. അത്തരം ഒരു ഫണ്ട് ഉണ്ടെങ്കിൽ അപ്രതീക്ഷിത ആവശ്യങ്ങൾക്കായി കടം വാങ്ങേണ്ട ആവശ്യം വരില്ല.
തുടർന്ന് എല്ലാ ആഴ്ചയും വരവ്–ചെലവ് കണക്കുകൾ റിവ്യൂ ചെയ്യുകയും പർച്ചേയ്സിംങ്ങിൽ അത്യാവശ്യമില്ലാത്തവ ഒഴിവാക്കാനും ശ്രദ്ധിക്കണം. ആവശ്യം, അത്യാവശ്യം എന്നിവ തിരിച്ചറിഞ്ഞാൽ പിന്നീടു പണം ചെലവഴിക്കുമ്പോൾ ഒന്നാലോചിക്കും. ഇത്തരം കാര്യങ്ങളിൽ മക്കളെ കൂടി പങ്കാളികളാക്കിയാൽ അവരും അനാവശ്യമായ നിർബന്ധങ്ങൾ ഒഴിവാക്കാൻ തയ്യാറാകും. അതു ചെലവു ചുരുക്കലിനു സഹായിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?