ADVERTISEMENT

ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോർ സൈക്കിൾ എന്ന വാദവുമായി ബജാജ് ഓട്ടോയുടെ പുതിയ സി എൻ ജി മോട്ടോർ സൈക്കിൾ 'ഫ്രീഡം 125'  വിപണിയിലെത്തിയിരിക്കുകയാണ്. പെട്രോൾ - ഡീസൽ വിലകൾ ഉയരുമ്പോൾ സാധാരണക്കാരന് ആശ്വാസമാകാനാണ് ബജാജ്  സി എൻ ജി മോട്ടോർ സൈക്കിളുകൾ വിപണിയിൽ എത്തിക്കുന്നത് എന്ന് ബജാജ്  ഡയറക്ടർ  രാജീവ് ബജാജ് പറഞ്ഞു. കൂടാതെ ഭാവിയിൽ സി എൻ ജി വാഹനങ്ങളിലേക്ക് ഇന്ത്യൻ വിപണി മാറുമെന്ന പ്രവചനങ്ങളുമുണ്ട്. അത് മുന്നിൽ കണ്ടുകൊണ്ടു ബജാജ് ഇതിലേക്ക് ചുവടു വെച്ചിരിക്കുന്നത്.   

 പോക്കറ്റ് ചോർച്ച തടയും 

വർധിച്ചു വരുന്ന ഇന്ധന വിലയും, പണപ്പെരുപ്പവും സാധാരണക്കാരന്റെ നിത്യേനയുള്ള ചെലവുകൾ കൂട്ടുന്നതിനാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ബജാജിന്റെ 'ഫ്രീഡം 125 ' എന്ന മോഡലിന് കൂടുതൽ പ്രാധാന്യം ഉണ്ട്. ലോകത്തിലെ ആദ്യത്തെ പെട്രോളും, സിഎൻജിയും ( ബൈ-ഫ്യുവൽ മോട്ടോർസൈക്കിൾ) ഒരുമിച്ച്‌ ഉപയോഗിക്കാവുന്ന തരത്തിൽ പുറത്തിറക്കിയിരിക്കുന്ന ബജാജ് മോട്ടോർ സൈക്കിളുകൾക്ക് അതുകൊണ്ടുതന്നെ ഡിമാൻഡ് കൂടാനാണ് സാധ്യത. പെട്രോൾ, ഡീസൽ എന്നിവയെ അപേക്ഷിച്ച് സി എൻ ജിക്ക് വില കുറവായതിനാൽ ഇതിന് ഗ്രാമീണ മേഖലയിലും, സാധാരണക്കാരുടെ ഇടയിലും പ്രിയം കൂടുമെന്നാണ് മാർക്കറ്റ് റിസർച്ച് റിപ്പോർട്ടുകൾ.

ഒരു കിലോ സി എൻ ജി ഉപയോഗിച്ച് 100 കിലോമീറ്റർ  ഓടിക്കാമെന്നുള്ളത് വലിയ രീതിയിൽ സാധാരണക്കാരന്റെ പോക്കറ്റ് ചോർച്ച തടയുമെന്നാണ് പറയുന്നത്. സാധാരണ മോട്ടോർ സൈക്കിളുകളേക്കാൾ ഇന്ധന ചെലവ്  ഇതിൽ പകുതി ആയി കുറയ്ക്കാം എന്ന മെച്ചവുമുണ്ട്. 79 രൂപയാണ് ഒരു കിലോ സി എൻ ജി യുടെ വില. എന്നാൽ 94 മുതൽ 104 രൂപ വരെ(പല സംസ്ഥാനങ്ങളിൽ പല വില ആയതിനാൽ)  ഒരു  ലിറ്റർ പെട്രോളിന് ആകും. ഒരു ലിറ്റർ പെട്രോളിൽ പരമാവധി 65 കിലോമീറ്റർ ഓടുമ്പോൾ അതിലും വില കുറഞ്ഞ സി എൻ ജി യിൽ 100 കിലോമീറ്റർ ഓടും എന്നുള്ളത് തന്നെയാണ് ബജാജ് 'ഫ്രീഡം 125 ' മോഡൽ ഇറക്കിയപ്പോൾ ആകർഷണമായി കാണിക്കുന്നത്.

2 ലിറ്റർ പെട്രോൾ ടാങ്കിന്റെ രഹസ്യം

സാധാരണക്കാരും,  ദിവസവും ജോലിക്ക് പോകുന്നവരും 100 രൂപക്ക് മാത്രമേ പെട്രോൾ നിറയ്ക്കാറുള്ളൂ എന്നതുകൊണ്ടാണ് 2 ലിറ്റർ പെട്രോൾ ടാങ്ക് മാത്രം 'ഫ്രീഡം 125 ' മോട്ടോർ സൈക്കിളിൽ ഒരുക്കിയിരിക്കുന്നത്. യാത്ര സൗകര്യങ്ങൾ ഇല്ലാത്ത ഇന്ത്യയിലെ ഗ്രാമങ്ങളിൽ മോട്ടോർ സൈക്കിൾ ഒരു വ്യക്തിക്ക് ഉപയോഗിക്കാനായാൽ അത് ആ കുടുംബത്തിന്റെ മാത്രമല്ല പ്രാദേശിക സമ്പദ് വ്യവസ്ഥയിൽ തന്നെ ചലനങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉദാഹരണത്തിന് മോട്ടോർ സൈക്കിളിൽ ജോലിക്ക് പോയി വരാമെന്നുള്ളതിനു പുറമെ, ചന്തയിൽ പോകാനോ, കൃഷി സ്ഥലത്തു പോകാനോ,  വീട്ടിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ കടകളിൽ വിതരണത്തിനോ, കുട്ടികളെ മെച്ചപ്പെട്ട സ്‌കൂളിൽ ചേർക്കുന്നതിനോ ഉപകരിക്കും. 47 ശതമാനം ഇന്ത്യക്കാർക്കാണ് ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ ഉള്ളത്. ഇന്ധനക്ഷമത കൂടിയ മോട്ടോർ സൈക്കിളുകളും, സ്‌കൂട്ടറുകളും വിപണിയിൽ എത്തുന്നതോടെ ഗ്രാമീണ മേഖലയിൽ നിന്ന് അടക്കം ഇരുചക്ര വാഹനങ്ങൾക്ക്  വൻ ഡിമാൻഡ് കൂടും എന്നും പ്രതീക്ഷിക്കുന്നുണ്ട്. കാറുകളെ ആശ്രയിച്ചു ഇരുചക്ര വാഹനങ്ങൾക്ക് അറ്റകുറ്റ പണികൾ കുറവായതിനാൽ അതും സാധാരണക്കാരന്റെ പോക്കറ്റ് ചോർച്ച തടയാൻ സഹായിക്കും. 

pocket-money

പ്രശ്നങ്ങൾ 
90000 മുതൽ 100000 വരെയായിരിക്കും ((എക്സ്-ഷോറൂം)ബജാജ് 'ഫ്രീഡം 125 ' മോട്ടോർ സൈക്കിളിന്റെ വിവിധ വേരിയന്റുകളുടെ വില. അത് സാധാരണക്കാരനെ സംബന്ധിച്ച്  കൂടുതലാണ്.  കൂടാതെ സി എൻ ജി സ്റ്റേഷനുകൾ ഗ്രാമീണ മേഖലയിൽ കാര്യമായി ഇല്ല എന്നതും പ്രശ്‍നം ആണ്. ദൂരെ പോയി സി എൻ ജി വാങ്ങേണ്ട അവസ്ഥ വെല്ലുവിളിയായിരിക്കും. ഇന്ത്യയിലെ പോലെ കൊടും ചൂടുള്ള കാലാവസ്ഥയിൽ സി എൻ ജി ഇന്ധനം ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ കുറിച്ചും ആശങ്കകളുണ്ട്

English Summary:

Bajaj CNG Bike and Common Man

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com