15 വർഷത്തിന് ശേഷം സ്ക്രാപ്പിങ് വേണ്ടേ? സാധാരണക്കാരന്റെ പോക്കറ്റ് ചോർച്ച കുറയും, കടമ്പകളേറെ
Mail This Article
15 വർഷമായ വാഹനങ്ങൾ നശിപ്പിക്കണം, പിന്നീട് ഉപയോഗിക്കരുത് എന്ന ഇപ്പോഴത്തെ നയം മാറ്റി വാഹനങ്ങൾ നന്നായി ഓടുന്നുണ്ടെങ്കിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന രീതിയിലേക്ക് സർക്കാർ വരുന്നത് സാധാരണക്കാർക്ക് ആശ്വാസമാകും. 15 വർഷം കഴിഞ്ഞ വണ്ടികൾക്ക് മലിനീകരണ പ്രശ്നമൊന്നുമില്ലെങ്കിൽ തുടർന്നും ഉപയോഗിക്കാമെന്നതാണ് ഇപ്പോഴത്തെ നിലപാട്. കൃത്യമായി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് 15 വർഷം കഴിഞ്ഞാലും കേടുപാടുകൾ ഉണ്ടാകുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര സർക്കാരിന് മനസുമാറ്റം വന്നത്. പുതിയ നയം വരുന്നത് പഴയ കാറുകൾ ഉപയോഗിക്കുന്നവർക്ക് ആശ്വാസമാകും. 2021 മാർച്ചിൽ ആരംഭിച്ച വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി അല്ലെങ്കിൽ വോളണ്ടറി വെഹിക്കിൾ-ഫ്ലീറ്റ് മോഡേണൈസേഷൻ പ്രോഗ്രാം (വിവിഎംപി) പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിന് രൂപകൽപ്പന ചെയ്‌തതാണ്. പോളിസി പ്രകാരം, 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വർഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെട്ടാൽ അവ സ്‌ക്രാപ്പ് ചെയ്യണം. വീണ്ടും റജിസ്‌ട്രേഷന് അർഹതയില്ല എന്നാണ്.
ഓഹരി വിപണിയിൽ എങ്ങനെ പ്രതിഫലിക്കും?
15 വർഷം കഴിഞ്ഞാലും വണ്ടികൾ ഉപയോഗിക്കാം എന്ന നയം വന്നാൽ അത് സ്പെയർ പാർട്സ് കമ്പനികളുടെ ഓഹരി വില കുത്തനെ കൂട്ടുമെന്ന അഭ്യൂഹങ്ങളുണ്ട്.15 വർഷമാകുമ്പോഴേക്കും വണ്ടികൾക്ക് പല ഭാഗങ്ങളും മാറ്റി വയ്ക്കേണ്ടതായി വരും. ഇത് സ്പെയർപാർട്സ് കമ്പനികൾക്ക് വരുമാനം കുത്തനെ കൂട്ടാൻ സഹായിക്കും.
കടമ്പകളേറെ
മലിനീകരണ തോത് എങ്ങനെ കണക്കാക്കുമെന്ന കാര്യത്തില്‍ ആശയകുഴപ്പം തുടരുന്നു. 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (UTs) പഴയ വാഹനങ്ങൾ ഒഴിവാക്കി പുതിയത് വാങ്ങുന്ന ഉപഭോക്താക്കൾക്ക് വാഹന വിലയിലോ റോഡ് നികുതിയിലോ 25 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനമാണ് ഇളവ്. നിങ്ങളുടെ കാറോ ബൈക്കോ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണെങ്കിൽ, റീ-റജിസ്‌ട്രേഷൻ നടത്തുമ്പോൾ ഗ്രീൻ ടാക്‌സ് അടയ്‌ക്കേണ്ടി വന്നേക്കാം എന്നും സൂചനകളുണ്ട്. അതുപോലെ റോഡ് ടാക്‌സിന്റെ 50 ശതമാനം വരെ നികുതി ഈടാക്കാം. അത് താമസിക്കുന്ന സംസ്ഥാനത്തെ മലിനീകരണ നിലവാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇലക്‌ട്രിസിറ്റി അല്ലെങ്കിൽ സി എൻ ജി ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റജിസ്ട്രേഷൻ പുതുക്കുന്നതിനും ഫിറ്റ്നസ് ടെസ്റ്റുകൾക്കും 15 വർഷത്തിന് ശേഷം ഉയർന്ന ഫീസ് നൽകേണ്ടിവരും.