സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഉയർത്തി, ദീപാവലിക്ക് ഓൺലൈനിൽ വാങ്ങിയാൽ പോക്കറ്റ് കൂടുതൽ ചോരും
Mail This Article
ദീപാവലിക്ക് മുന്നോടിയായി സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് 7 രൂപയിൽ നിന്ന് 10 രൂപയായി ഉയർത്തി. ഉത്സവ സീസണിൽ സേവനങ്ങൾ നിലനിർത്താൻ ഫീസ് വർധിപ്പിച്ചു എന്ന അറിയിപ്പ് ആപ്പ് തുറക്കുമ്പോൾ വരുന്നുണ്ട്.
ദീപീന്ദർ ഗോയലിന്റെ നേതൃത്വത്തിലുള്ള സൊമാറ്റോ ഒരു വർഷത്തിനുള്ളിൽ പ്ലാറ്റ്ഫോം ഫീസ് 400 ശതമാനമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റിൽ 2 രൂപ ഏർപ്പെടുത്തിയ ശേഷം ലാഭം കൂട്ടാൻ പടിപടിയായി വർധിപ്പിക്കുകയായിരുന്നു. ഇതുവരെ ആറ് തവണ പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയിട്ടുണ്ട്. സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി നിലവിൽ 7 രൂപയാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ബിസിനസ് കൂടുമ്പോൾ ഉപഭോക്താക്കളെ കൂടുതൽ പിഴിയാനാണ് ഭക്ഷണ ഡെലിവറി കമ്പനികൾ ശ്രമിക്കുന്നത്. ബ്ലിങ്കിറ്റ്, സ്വിഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റൊ തുടങ്ങിയ ക്വിക്ക് കോമേഴ്‌സ് കമ്പനികൾ ചെറിയ സമ്മാന പൊതികൾ നൽകി ഉപഭോക്താക്കളെ വീണ്ടും ഓർഡർ ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ സമ്മാനങ്ങൾക്ക് ചെലവാക്കുന്ന തുക ഉപഭോക്താവിന്റെ കയ്യിൽ നിന്ന് പരോക്ഷമായി ഈടാക്കുന്നത് ആരും അറിയാറില്ല. ഈ പ്ലാറ്റ് ഫോം ഫീസിന് പുറമെ നേരിട്ട് വാങ്ങുന്നതിനേക്കാൾ കൂടുതൽ തുകയാണ് ഉപഭോക്താക്കൾ ഇവർ വഴി ഓർഡർ ചെയ്യുമ്പോൾ കൊടുക്കേണ്ടി വരിക എന്നും പലരും അറിയുന്നില്ല.
2024 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ സോമറ്റോ 176 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 36 കോടി രൂപയുടെ അറ്റാദായത്തിൽ നിന്ന് ഗണ്യമായ വർദ്ധനവാണിത്. അതേസമയം, ഈ പാദത്തിലെ മൊത്തം ചെലവ് 4,783 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,039 കോടി രൂപയായിരുന്നു. കഴിഞ്ഞ ഒരു മാസമായി സൊമാറ്റോ ഓഹരികൾ തളർച്ചയിലായിരുന്നു. എന്നാൽ ആറ് മാസത്തെ കണക്കുകൾ നോക്കിയാൽ 40 ശതമാനം ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിൽ ഈ ഓഹരി 142 ശതമാനമാണ് ഉയർന്നിരിക്കുന്നത്.