ADVERTISEMENT

പെരുമഴയാണ്. എവിടെയാ എപ്പോഴാ വെള്ളം കേറുന്നതെന്നു പ്രവചിക്കാൻ വയ്യാത്ത അവസ്ഥ. വെള്ളക്കെട്ടുകളിൽ വാഹനം കുടുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകാം. വെള്ളക്കെട്ടിൽ ഡ്രൈവ് ചെയ്യാമോ എന്നതാണ് ആദ്യ സംശയം. ഗ്രൗണ്ട് ക്ലിയറൻസ് കുറവുള്ള വാഹനങ്ങൾ വെള്ളക്കെട്ടിലൂടെ ഓടിച്ചുപോകുന്നത് അപകടമാണ്. 

∙ ചെറിയ വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ഫസ്റ്റ് ഗിയറിലോ, സെക്കൻഡ് ഗിയറിലോ മാത്രം ഓടിക്കുക. 

∙ ഗിയർ മാറ്റാൻ ശ്രമിക്കരുത്. മാറ്റുമ്പോൾ എക്സോസ്റ്റിലൂടെ വെള്ളം ഇരച്ചുകയറി എൻജിൻ നിശ്ചലമാകാം. 

∙ എൻജിൻ ഓഫ് ആയാൽ പിന്നെ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിനിലേക്ക് വായു എത്തിക്കുന്ന എയർ ഇൻടേക്ക് സംവിധാനം വഴി വെള്ളം എൻജിനിലേക്കെത്തും. 

∙ ഈർപ്പം കേറിയിരിക്കുന്ന അവസരത്തിൽ ക്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. 

∙ വെള്ളക്കെട്ടിൽപെട്ടാൽ വാഹനം തള്ളി വെള്ളമില്ലാത്തിടത്തേക്ക് മാറ്റുക. പിന്നീട് കെട്ടിവലിച്ച് അടുത്തുള്ള വർക്ക്ഷോപ്പിൽ എത്തിക്കുക.  

∙ മുന്നിലെ വാഹനത്തിൽ വെള്ളം കേറിയിട്ടില്ലെന്നു കരുതി വെള്ളക്കെട്ടിലൂടെ മുന്നോട്ടു പോകാൻ ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിന്റെയും എൻജിൻ ഡിസൈൻ അനുസരിച്ച് എയർ ഇൻടേക് സംവിധാനത്തിന്റെ ഉയരം വ്യത്യസ്തമായിരിക്കും. അതിനാൽ വെള്ളത്തിൽ മുങ്ങിയ വാഹനത്തിലെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.

സർവീസ് ചെയ്യുമ്പോൾ

∙ വാഹനം വർക്‌ഷോപ്പിൽ എത്തിച്ച ശേഷം സ്പാർക്ക് പ്ലഗും എയർ ഫിൽറ്ററും പരിശോധിച്ച് എൻജിൻ തകരാർ (ഹൈഡ്രോ സ്റ്റാറ്റിക് എൻജിൻ ലോക്ക്) ഉണ്ടോ എന്നു പരിശോധിക്കുക.

∙ സ്പാർക് പ്ലഗ് അഴിച്ച് എൻജിൻ കറങ്ങുന്നുണ്ടോ എന്നു നോക്കുക. 

∙ വെള്ളം കയറിയ എൻജിന്റെ ഓയിൽ മൂന്നു തവണയെങ്കിലും എൻജിൻ ക്ലീൻ ചെയ്യണം.

∙ എയർ ഫിൽറ്റർ, ഫ്യൂവൽ ഫിൽറ്റർ, ഓയിൽ ഫിൽറ്റർ തുടങ്ങിയവ മാറ്റി പുതയത് ഘടിപ്പിക്കണം.  

∙ വെള്ളം കയറിയിട്ടുള്ള എല്ലാ ഭാഗങ്ങളും നന്നായി വൃത്തിയാക്കി ഈർപ്പരഹിതമാക്കുക. ഈർപ്പം ഉണ്ടെങ്കിൽ തുരുമ്പ് പിടിക്കും.

∙ വാഹനത്തിന്റെ ഇലക്ട്രിക് പാർട്സുകൾ നന്നായി പരിശോധിക്കുക. ഇലക്ട്രിക് ഷോർട്ട് ആകുന്നുണ്ടെങ്കിൽ അവ മാറ്റുക. ഫ്യൂസുകൾ മാറ്റിയിടുക.  

∙ സീറ്റുകൾ വെള്ളത്തിൽ കുതിർന്നിട്ടുണ്ടെങ്കിൽ മാറ്റുക. ഫംഗസ്ബാധയുണ്ടാകാം.

പെരുമഴയത്തു ഡ്രൈവ് ചെയ്യുമ്പോൾ

കഴിയുമെങ്കിൽ പെരുമഴയത്ത് ഡ്രൈവ് ചെയ്യാതിരിക്കുക. റോഡ് വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിൽ അത് അപകടം ക്ഷണിച്ചുവരുത്തലാകും. അഥവാ ഡ്രൈവ് ചെയ്യേണ്ടി വരുമ്പോൾ ഫോഗ്‌ലാംപ്, ഹെഡ്‌ലൈറ്റ് (ഡിം മോഡ്) ഓൺ ചെയ്യുക. അമിത വേഗമെടുക്കാതെ പതുക്കെ ഓടിക്കുക. റോഡരുകിൽ പാർക്ക് ചെയ്യേണ്ട അവസരങ്ങളിൽ ഹസാഡ് ലൈറ്റ് ഓൺ ചെയ്യാം. മഴയത്ത് എസി കുറച്ചിടുമ്പോൾ ഗ്ലാസിൽ മിസ്റ്റ് പിടിക്കും. ഇതൊഴിവാക്കാൻ ഇൻടേക്ക് എയർ സർക്കുലേറ്റ് മോഡ് സിലക്ട് ചെയ്യുക. പുറത്തെ എയർ വലിച്ചെടുക്കുമ്പോൾ കാറിനകത്തും പുറത്തും ഒരേ ഊഷ്മാവ് ആയിരിക്കും. കാറിനകത്തെ ഊഷ്മാവ് 20–22 ഡിഗ്രി സെൽഷ്യസ് ആയി സെറ്റ് ചെയ്യുക. ഇത് മിസ്റ്റ് ഒഴിവാക്കും.   

എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുഷൻസ് പരിരക്ഷ

മഴയത്ത് എൻജിനകത്തേക്കു വെള്ളം കയറി തകരാർ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ വാഹനം വെള്ളക്കെട്ടിലേക്കിറക്കി ഓടിച്ചതിനു ശേഷമാണ് തകരാർ സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് ലഭിക്കില്ല. വാഹനം പാർക്ക് ചെയ്തിരിക്കുമ്പോഴോ ഡ്രൈവ് ചെയ്യുന്നതിനിടെ പെട്ടെന്നു വെള്ളപ്പൊക്കം ഉണ്ടായി എൻജിനകത്തു വെള്ളം കയറിയാൽ പരിരക്ഷ ലഭിക്കും. ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അറിയാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com