ലോകകപ്പിലെ ഇന്നിങ്സും തോറ്റുപോകും, ഈ പ്രകടനത്തിൽ; വീണ്ടും സ്റ്റോക്സ്, ഇംഗ്ലണ്ട്!
Mail This Article
ആഷസ് മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ ഒരു വിക്കറ്റിനു കീഴടക്കിയ ഇംഗ്ലണ്ട് 5 മത്സര പരമ്പരയിൽ ഒപ്പമെത്തി (1–1). സ്കോർ: ഓസീസ്: 179, 246; ഇംഗ്ലണ്ട്: 67, 9 വിക്കറ്റിന് 362. സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സിന്റെ മനസ്സാന്നിധ്യമാണ് (135 നോട്ടൗട്ട്) ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. മാൻ ഓഫ് ദ് മാച്ചും സ്റ്റോക്സ് തന്നെ.
ലീഡ്സ്∙ പ്രതിസന്ധി ഘട്ടങ്ങളിൽ ‘ബിഗ് ബെൻ’ തുണയായുള്ളപ്പോൾ ഇംഗ്ലണ്ടിന് എന്തു പേടിക്കാൻ? ലോകകപ്പ് ഫൈനലിനു പിന്നാലെ, മറ്റൊരു ഒറ്റയാൾ പോരാട്ടത്തിലൂടെ ഇംഗ്ലണ്ടിനെ അവിസ്മരണീയ വിജയത്തിലെത്തിച്ച് ബെൻ സ്റ്റോക്സ്. ആദ്യത്തേത് ലോഡ്സിൽ ആയിരുന്നെങ്കിൽ ഇക്കുറി ലീഡ്സിൽ. ആദ്യ ഇന്നിങ്സിൽ വെറും 67 റൺസിനു പുറത്തായ ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്സിലെ ഉജ്വല തിരിച്ചുവരവിൽ അർഹിച്ച വിജയമാണു പിടിച്ചെടുത്തത്.
ഇംഗ്ലണ്ടിന്റെ ഓരോ വിക്കറ്റും വീഴ്ത്തി വിജയത്തിലേക്കു ചുവടുവച്ച ഓസീസിനെ സ്റ്റോക്സ് ഒറ്റയ്ക്കാണു പിടിച്ചുനിർത്തിയത് (219 ബോളിൽ പുറത്താകാതെ 135). നാലാം ദിവസത്തിന്റെ തുടക്കത്തിലെ ജോ റൂട്ട് (77) പുറത്തായതോടെ ഇംഗ്ലണ്ട് സ്കോറിങ്ങിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത സ്റ്റോക്സ് വാലറ്റത്തെ കൂട്ടുപിടിച്ചാണ് ഓസീസിന്റെ ഹൃദയം തകർത്തത്.
ജോണി ബെയർസ്റ്റോ (36) ഒഴികെയുള്ള ഇഗ്ലണ്ട് ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതോടെ ഉത്തരവാദിത്തം വർധിച്ചെങ്കിലും സ്റ്റോക്സ് തളർന്നില്ല. ജോസ് ബട്‌ലർ (1) റണ്ണൗട്ടായപ്പോൾ ക്രിസ് വോക്സ് (1), ജോഫ്ര ആർച്ചർ (15) സ്റ്റുവർട്ട് ബ്രോഡ് എന്നിവരുടെ ഇന്നിങ്സുകളും അധികം നീണ്ടില്ല. എന്നാൽ, അവസാന വിക്കറ്റിൽ ജാക് ലീഷിനെ കൂട്ടുപിടിച്ച് 76 റൺസ് നേടിയ സ്റ്റോക്സ്, ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. ഇതിൽ ലീഷിന്റെ സമ്പാദ്യം ഒരു റൺ മാത്രമാണ്!
ഇംഗ്ലണ്ട് വിജയത്തിലേക്കു നീങ്ങവേ, ഡിആർഎസും റണ്ണൗട്ട് അവസരവും നഷ്ടമാക്കിയതും ഓസീസിനു തിരിച്ചടിയായി.
4 വിക്കറ്റ് വീഴ്ത്തിയ ജയിംസ് പാറ്റിൻസനാണ് ഓസീസ് ബോളർമാരിൽ തിളങ്ങിയത്.
English Summary: England Vs Australia Ashes Series, 3rd Test, Day Four, Live Updates