ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കമന്ററി ബോക്സിൽ പോരടിച്ച് ഹർഷ ഭോഗ്‍ലെയും മുൻ ഇന്ത്യൻ താരം കൂടിയായ കമന്റേറ്റർ സഞ്ജയ് മഞ്ജരേക്കറും. പിങ്ക് ടെസ്റ്റുമായി ബന്ധപ്പെട്ട ചില നിരീക്ഷണങ്ങളുടെ പേരിലാണ് ഇരുവരും തമ്മിൽ വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത്. വാക്പോരിൽ ജയിക്കാൻ, ഹർഷ ഭോഗ്‍ലെയ്ക്ക് കളത്തിലിറങ്ങി കളിച്ച് പരിചയമില്ലെന്ന തരത്തിൽ മഞ്ജരേക്കർ നടത്തിയ പരാമർശം വിവാദമാവുകയും ചെയ്തു. മഞ്ജരേക്കറിനെ വിമർശിച്ച് ഒരു വിഭാഗം ആരാധകർ രംഗത്തെത്തുകയും ചെയ്തു.

കൊൽക്കത്ത ഈഡൻ‌ ഗാർഡൻസിൽ നടന്ന ഇന്ത്യ–ബംഗ്ലദേശ് ഡേ–നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സംഭവം. ഇന്ത്യ ആതിഥ്യം വഹിച്ച ആദ്യ പിങ്ക് ബോൾ ടെസ്റ്റ് മൂന്നാം ദിനം ആദ്യ സെഷനിൽത്തന്നെ പൂർത്തിയായിരുന്നു. ഈ സാഹചര്യത്തിൽ, പിങ്ക് ടെസ്റ്റിനെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമാണെന്നായിരുന്നു ഹർഷ ഭോഗ്‍ലെയുടെ നിരീക്ഷണം. പിങ്ക് പന്ത് കളിക്കാർക്ക് എത്രത്തോളം കാണാമെന്നതും പരിശോധിക്കണമെന്ന്  ഭോഗ്‍ലെ ചൂണ്ടിക്കാട്ടിയപ്പോഴാണ് മഞ്ജരേക്കർ വിയോജിച്ചത്.

‘അതു ശരിയല്ല. പന്തു കാണാമോ എന്നത് അത്ര വലിയ വിഷയമായി എടുക്കേണ്ടതില്ല’ – മഞ്ജരേക്കർ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ കളിക്കാരുടെ അഭിപ്രായം തേടുകതന്നെ വേണമെന്ന് ഭോഗ്‍ലെ നിലപാടെടുത്തു. അവര്‍ക്ക് പറയാനുള്ളത് കേൾക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇതോടെയാണ് മഞ്ജരേക്കർ വിവാദ പരാമർശം നടത്തിയത്.

‘നിങ്ങളേപ്പോലുള്ളവർക്ക് ഇക്കാര്യം (പിങ്ക് പന്ത് ശരിക്കു കാണാമോ ഇല്ലയോ) മറ്റുള്ളവരോടു ചോദിക്കേണ്ടിവരും. ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ല. പന്ത് വ്യക്തമായി കാണാമെന്നുള്ളത് അല്ലാതെ തന്നെ അവർക്കറിയാം’ – ഇതായിരുന്നു മഞ്ജരേക്കറിന്റെ പരാമർശം. മഞ്ജരേക്കർ ‘നൈസായിട്ടൊന്ന് കുത്തിയതാ’ണെങ്കിലും ഭോഗ്‍ലെ അത് അവഗണിക്കുകയാണ് ചെയ്തത്. ‘ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്നത് പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് തടസ്സമാകരുത്. അങ്ങനെയായിരുന്നെങ്കിൽ ട്വന്റി20 ക്രിക്കറ്റ് ഉണ്ടാകുമായിരുന്നില്ല’ – ഭോഗ്‍ലെ പറഞ്ഞു.

മഞ്ജരേക്കറിന്റെ വിവാദ പരാമർശത്തിനെതിരെ ട്വിറ്ററിൽ ഉൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മഞ്ജരേക്കർ കളത്തിലിറങ്ങി കളിച്ചിട്ടുണ്ടെന്നത് ശരിയാണെങ്കിലും കമന്ററിയുടെ കാര്യത്തിൽ ഭോഗ്‍ലെ ബഹുദൂരം മുന്നിലാണെന്ന് ഭൂരിഭാഗം ആരാധകരും കുറിച്ചു. മഞ്ജരേക്കർ കമന്റേറ്റർ ജോലി അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചവരുമുണ്ട്.

English Summary: Sanjay Manjrekar just mocked Harsha Bhogle for not playing cricket and Twitter is not pleased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com