അതിവേഗക്കാരായ യുവാക്കളും ‘കനിഞ്ഞില്ല’; പാക്കിസ്ഥാന് ഇന്നിങ്സ് തോൽവി
Mail This Article
ബ്രിസ്ബേൻ∙ അതിവേഗക്കാരായ യുവ ബോളർമാരിൽ വിശ്വാസമർപ്പിച്ച് ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് കളിക്കാനിറങ്ങിയ പാക്കിസ്ഥാന് കൈപൊള്ളി; പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയ തോൽവി! ഇന്നിങ്സിനും അഞ്ചു റൺസിനുമാണ് ആതിഥേയരായ ഓസീസ് പാക്കിസ്ഥാനെ തകർത്തത്. 340 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 84.2 ഓവറിൽ 335 റൺസിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റെടുത്ത ജോഷ് ഹെയ്സൽവുഡ്, മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക്, രണ്ടു വിക്കറ്റ് പിഴുത പാറ്റ് കമ്മിൻസ്, ഒരു വിക്കറ്റ് വീഴ്ത്തിയ നേഥൻ ലയൺ എന്നിവർ ചേർന്നാണ് പാക്കിസ്ഥാനെ തകർത്തത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓസീസ് 1–0ന് മുന്നിലെത്തി.
സ്കോർ: പാക്കിസ്ഥാൻ – 240, 335 (84.2 ഓവർ), ഓസ്ട്രേലിയ – 580
തകർപ്പൻ സെഞ്ചുറിയുമായി ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലായ മാർനസ് ലബുഷെയ്നാണ് കളിയിലെ കേമൻ. 279 പന്തുകൾ നേരിട്ട ലബുഷെയ്ൻ 20 ഫോറുകളോടെ 185 റൺസാണെടുത്തത്. 296 പന്തിൽ 10 ഫോറുകൾ സഹിതം 154 റൺസെടുത്ത ഡേവിഡ് വാർണറിന്റെ പ്രകടനവും ഓസീസ് ഇന്നിങ്സിൽ നിർണായകമായി. അതേസമയം, വിദേശമണ്ണിൽ അവസാനം കളിച്ച തുടർച്ചയായ അഞ്ചാം മത്സരാണ് പാക്കിസ്ഥാൻ തോൽക്കുന്നത്.
പാക്കിസ്ഥാന്റെ ടോപ് സ്കോറർ കൂടിയായ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്‌വാനും യാസിർ ഷായും ചേർന്ന് ഇന്നിങ്സ് തോൽവി ഒഴിവാക്കാന്‍ ആവതു ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ടെസ്റ്റിലെ രണ്ടാമത്തെ മാത്രം സെഞ്ചുറി നേടിയ അസം 173 പന്തിൽ 13 ഫോറുകൾ സഹിതം 104 റൺസെടുത്തു. റിസ‌്‌വാൻ കന്നി ടെസ്റ്റ് സെഞ്ചുറിക്ക് അഞ്ചു റൺസ് അകലെ പുറത്തായി. 145 പന്തിൽ 10 ഫോറുകൾ സഹിതമാണ് റിസ്‌വാൻ 95 റൺസെടുത്തത്. യാസിർ ഷാ 55 പന്തിൽ ആറു ഫോറുകൾ സഹിതം 42 റൺസെടുത്തു.
94 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കി കൂറ്റൻ തോൽവി മുന്നിൽക്കണ്ട പാക്കിസ്ഥാന്, ആറാം വിക്കറ്റിൽ ബാബർ അസം – മുഹമ്മദ് റിസ്‌വാൻ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടും ഏഴാം വിക്കറ്റിൽ മുഹമ്മദ് റിസ്‌വാൻ – യാസിർ ഷാ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുമാണ് കരുത്തായത്. എന്നാൽ ഈ മൂവർ സംഘം മടങ്ങിയതോടെ പാക്കിസ്ഥാൻ അനിവാര്യമായ തോൽവിയിലേക്കു പതിച്ചു. ആറാം വിക്കറ്റിൽ അസം – റിസ്‌വാൻ സഖ്യം 132 റൺസും ഏഴാം വിക്കറ്റിൽ റിസ്‌വാൻ – യാസിർ ഷാ സഖ്യം 79 റൺസും കൂട്ടിച്ചേർത്തു.
81 പന്തിൽ നാലു ഫോറുകൾ സഹിതം 42 റൺസെടുത്ത ഓപ്പണർ ഷാൻ മസൂദും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇവർക്കു പുറമെ രണ്ടക്കം കടന്നത് ഷഹീൻ അഫ്രീദി (10) മാത്രം. ക്യാപ്റ്റൻ അസ്ഹർ അലി (5), ഹാരിസ് സുഹൈൽ (8), ആസാദ് ഷഫീഖ് (0), ഇഫ്തിഖർ അഹമ്മദ് (0), ഇമ്രാൻ ഖാൻ (5) എന്നിവർ നിരാശപ്പെടുത്തി.
English Summary: Australia vs Pakistan, 1st Test - Live Cricket Score