2021 ഐപിഎൽ സീസണിന് മുൻപ് ധോണിക്ക് ‘ലേലത്തിനു പോകണം’; ടീമിനെ ‘രക്ഷിക്കാൻ’!
Mail This Article
ചെന്നൈ∙ 2021ലെ ഐപിഎൽ താരലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് അവരുടെ നായകൻ കൂടിയായ മഹേന്ദ്രസിങ് ധോണിയെ ടീമിൽനിന്നു ‘റിലീസ്’ ചെയ്യുമോ? ധോണി തന്നെയാണ് ഇക്കാര്യം ടീം അധികൃതരോട് ആവശ്യപ്പെട്ടത്. ടീമുകളുടെ മുഖഛായ തന്നെ മാറ്റിമറിച്ചേക്കാവുന്ന ബൃഹദ് ലേലമാണ് 2021 സീസണിനു മുന്നോടിയായി നടക്കാൻ പോകുന്നത്. ഈ സാഹചര്യത്തിൽ തന്നെ നിലനിർത്തുന്നത് ചെന്നൈയ്ക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവച്ചേക്കാമെന്ന ചിന്തയിലാണ് ‘റിലീസ്’ ചെയ്യാനുള്ള ധോണിയുടെ നിർദ്ദേശം. താരലേലത്തിൽ നിശ്ചിത തുക മാത്രമേ താരങ്ങൾക്കായി മുടക്കാൻ ടീമുകൾക്ക് അനുവാദമുള്ളൂ.
അതേസമയം ചെന്നൈയിൽ തന്നെ തുടരാന്‍ താൽപര്യം അറിയിച്ച ധോണി, ഇതിനായി റൈറ്റ് ടു മാച്ച് (ആർടിഎം) സൗകര്യം ഉപയോഗപ്പെടുത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടീമിൽ നിലനിർത്തുന്നതിലൂടെ വരുന്ന സാമ്പത്തിക ബാധ്യതയിലും കുറവായിരിക്കും ആർടിഎം സൗകര്യം പ്രയോജനപ്പെടുത്തി തിരികെ വാങ്ങുന്നതെന്നാണ് ധോണിയുടെ ചിന്ത. ചെന്നൈ സൂപ്പർ കിങ്സ് അധികൃതരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത്.
‘2021 സീസണിനു മുന്നോടിയായി വലിയൊരു ലേലമാണ് നടക്കുക. ആ സീസണിലും ടീമിൽ തുടരാനുള്ള താൽപര്യം ധോണി മുൻപുതന്നെ അധികൃതരെ അറിയിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ധോണി ട്വന്റി20 ക്രിക്കറ്റിൽനിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ല. സീസണിനു മുന്നോടിയായി നടക്കുന്ന ബൃഹദ് ലേലത്തിന്റെ ഭാഗമാകുന്നതിന് തന്നെ റിലീസ് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കിൽ ആർടിഎം സംവിധാനത്തിലൂടെ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഞങ്ങൾക്ക് അദ്ദേഹത്തെ വീണ്ടും വാങ്ങാം. നായകനെന്ന നിലയിൽ ടീമിനായി പണം പോലും വേണ്ടെന്നു വയ്ക്കുകയാണ് അദ്ദേഹം. എങ്കിലും അദ്ദേഹത്തെ ലേലത്തിനു വിടേണ്ടെന്നാണ് ഞങ്ങളുടെ തീരുമാനം’ – ചെന്നൈ ടീം പ്രതിനിധി പറഞ്ഞു. ധോണി സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ചാലം എക്കാലവും ചെന്നൈയുടെ മെന്ററായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്ലിന്റെ പ്രഥമ സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മുഖമാണ് ആരാധകർ സ്നേഹപൂർവം ‘തല’ എന്നു വിളിക്കുന്ന ധോണി. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ടീം രണ്ടു സീസണിൽ വിലക്കു നേരിട്ടെങ്കിലും അതിനു മുൻപും പിൻപുമായി മൂന്നു തവണ അവർ ഐപിഎൽ കിരീടം ചൂടിയത് ധോണിക്കു കീഴിലാണ്. 2018ൽ വിലക്കിൽനിന്ന് തിരിച്ചെത്തിയ പ്രഥമസീസണിൽത്തന്നെ അവർ കിരീടം നേടി ഞെട്ടിച്ചിരുന്നു. ഇക്കഴിഞ്ഞ സീസണിലും ഫൈനലിലെത്തിയെങ്കിലും കലാശപ്പോരിൽ രോഹിത് ശർമ നയിച്ച മുംബൈ ഇന്ത്യൻസിനോട് ഒരു റണ്ണിനു തോറ്റു.
എന്താണ് ആർടിഎം?
താര ലേലത്തിനു മുന്നോടിയായി കഴിഞ്ഞ സീസണിലെ അഞ്ചു കളിക്കാരെ ഇത്തവണ ഓരോ ടീമുകൾക്കും നിലനിർത്താം. അതിൽ പരമാവധി മൂന്നുപേരെ മാത്രമേ ലേലത്തിൽ വയ്ക്കാതെ സ്വന്തമാക്കാനാകൂ. ശേഷിക്കുന്ന താരങ്ങളെ ആർടിഎം (റൈറ്റ് ടു മാച്ച്) വഴി ലേലത്തിൽ അവതരിപ്പിക്കണം. ലേലത്തിനൊടുവിൽ ലഭിക്കുന്ന പരമാവധി വില കൊടുത്ത് ഫ്രാഞ്ചൈസിക്ക് അവരെ സ്വന്തമാക്കാം. ഉദാഹരണത്തിന് സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ ആർടിഎം പട്ടികയിലുണ്ടെന്നു കരുതുക. നാലുകോടിക്ക് മുംബൈ ചാഹലിനായി ലേലം വിളിച്ചാൽ അത്രയും തുക മുടക്കിയാലേ താരത്തെ ബാംഗ്ലൂരിനു സ്വന്തമാക്കാനാകൂ. എതിരാളികളുടെ കീശകാലിയാക്കാൻ ആർടിഎം താരങ്ങൾക്കായി ലേലത്തുക കുത്തനെ ഉയർത്തുന്ന തന്ത്രങ്ങളാകും ഫ്രാഞ്ചൈസികൾക്കു പരീക്ഷിക്കാവുന്നതേയുള്ളൂ.
English Summary: MS Dhoni wants CSK to release him ahead of IPL 2021 auction