ഐപിഎൽ ലേലത്തിൽ ആരും വാങ്ങാത്തത് കാര്യമാക്കുന്നില്ല: ബംഗ്ലദേശ് താരം റഹിം
Mail This Article
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം സീസണിനു മുന്നോടിയായി നടന്ന താരലേലത്തിൽ വാങ്ങാൻ ആളില്ലാതെ തഴയപ്പെട്ടെങ്കിലും അത് കാര്യമായെടുക്കുന്നില്ലെന്ന് ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിം. ഐപിഎൽ താരലേലത്തിൽ റഹിമും മുസ്താഫിസുർ റഹ്മാനും ഉൾപ്പെടെയുള്ള ബംഗ്ലദേശ് താരങ്ങളിൽ ഒരു ടീമുപോലും താൽപര്യം കാട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് റഹിമിന്റെ പ്രതികരണം. ആദ്യം ലേലത്തിന് തന്റെ പേരു വയ്ക്കാൻ താൽപര്യമില്ലായിരുന്നെങ്കിലും ഐപിഎൽ അധികൃതരുടെ അഭ്യർഥന മാനിച്ചാണ് പങ്കെടുത്തതെന്നും റഹിം വ്യക്തമാക്കി.
‘ഇത്തരം കാര്യങ്ങൾ കരിയറിൽ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. അതൊന്നും സത്യത്തിൽ എന്നെ ബാധിക്കുന്നു പോലുമില്ല. ഇക്കുറി എനിക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. എങ്കിലും ജീവിതം പതിവുപോലെ മുന്നോട്ടുപോകും. ഇതൊന്നും ഞാൻ കാര്യമായി എടുക്കുന്നുപോലുമില്ല. ഇപ്പോൾ ഞാൻ ബംഗ്ലദേശ് പ്രീമിയർ ലീഗിന്റെ തിരക്കിലാണ്. ശ്രദ്ധയും അതിൽത്തന്നെ’ – റഹിം പ്രതികരിച്ചു.
ഐപിഎല്‍ താരലേലത്തിനായി പേരു സമർപ്പിക്കാൻ മുഷ്ഫിഖുർ റഹിമിന് താൽപര്യമുണ്ടായിരുന്നില്ലെന്ന് ആദ്യം റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഒരു ടീം റഹിമിൽ താൽപര്യം കാട്ടിയതിനെ തുടർന്നാണ് താരം ലേലത്തിനായി റജിസ്റ്റർ ചെയ്തത്. ഐപിഎൽ അധികൃതരുടെ ഇടപെടലും ഇതിനു പിന്നിലുണ്ടായിരുന്നു.
‘സത്യസന്ധമായി പറയട്ടെ, ലേലത്തിനായി റജിസ്റ്റർ ചെയ്യാൻ ആദ്യം എനിക്കു താൽപര്യമുണ്ടായിരുന്നില്ല. ആരും എന്നെ വാങ്ങാൻ പോകുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ലേലത്തിന് പേരു റജിസ്റ്റർ ചെയ്തിട്ടും കാര്യമില്ലല്ലോ’ – റഹിം പ്രതികരിച്ചു.
‘പക്ഷേ, എന്റെ കാര്യത്തിൽ ആരോ താൽപര്യം കാട്ടിയെന്ന് വ്യക്തമാക്കി ഐപിഎൽ അധികൃതർ സമീപിച്ചപ്പോൾ ഇക്കുറി അവസരം കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ ഒന്നും സംഭവിച്ചില്ല. ഇത്തരം കാര്യങ്ങളൊന്നും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്നതല്ലല്ലോ. ഇതേക്കുറിച്ച് എനിക്ക് കാര്യമായിട്ടൊന്നും അറിയുകയുമില്ല. ഏതു ടീമാണ് എന്റെ കാര്യത്തിൽ താൽപര്യം കാട്ടിയതെന്നു പോലും ചില മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞത്. അതിൽക്കൂടുതൽ ഒന്നുമറിയില്ല’ – റഹിം വ്യക്തമാക്കി.
മുഷ്ഫിഖുർ റഹിമിനു പുറമെ ഏറെ പ്രതീക്ഷയോടെയെത്തിയ ബംഗ്ലദേശ് പേസ് ബോളർ മുസ്താഫിസുർ റഹ്മാനെയും ഒരു ടീമും ഇക്കുറി ലേലം വിളിച്ചില്ല. ഐപിഎല്ലിലെ തിളങ്ങുന്ന സാന്നിധ്യങ്ങളിലൊന്നായിരുന്നു റഹ്മാൻ, 24 മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അതേസമയം, റഹിം ഇതുവരെ ഐപിഎല്ലിൽ കളിച്ചിട്ടില്ല. ഐസിസി വിലക്കേർപ്പെടുത്തിയ ഷാക്കിബ് അൽ ഹസ്സനും ടീമിലില്ലാത്തതിനാൽ ഇത്തവണ ഐപിഎല്ലിൽ ബംഗ്ലദേശ് താരങ്ങളുടെ സാന്നിധ്യമുണ്ടാകില്ല.
English Summary: ‘I have never taken it seriously’: Mushfiqur Rahim after going unsold in IPL 2020 auction