ADVERTISEMENT

ബ്ലൂംഫൊണ്ടെയ്ൻ (ദക്ഷിണാഫ്രിക്ക)∙ അണ്ടർ 19 ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ തുടർച്ചയായ രണ്ടാം ജയത്തോടെ ക്വാർട്ടർ ഫൈനലിൽ. രാജ്യാന്തര ക്രിക്കറ്റിലെ കുഞ്ഞൻമാരായ ജപ്പാനെ 10 വിക്കറ്റിനു തകർത്താണ് ഇന്ത്യ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ജപ്പാൻ ഉയർത്തിയ 42 റൺസ് വിജയലക്ഷ്യം വെറും 4.5 ഓവറിൽ ഇന്ത്യ മറികടന്നു. ബാക്കിയായത് 271 പന്തുകൾ! ഓപ്പണർ യശ്വസി ജയ്സ്വാൾ 18 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം നേടിയ 29 റൺസാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. കുമാർ കുശാഗ്ര 11 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യ നേടിയ 42 റൺസിൽ 34 റൺസും ബൗണ്ടറിയിലൂടെയാണ് വന്നത്. ജപ്പാൻ ആകട്ടെ, ആകെ നേടിയത് രണ്ടേ രണ്ടു ഫോറും.

ആദ്യ മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ ഇന്ത്യ 90 റൺസിനു തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് എയിൽ ഈ മാസം 24ന് ന്യൂസീലൻഡുമായാണ് ഇന്ത്യയ്ക്ക് ഇനി മത്സരമുള്ളത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ജപ്പാൻ 22.5 ഓവറിൽ 41 റൺസിന് എല്ലാവരും പുറത്തായതോടെയാണ് ഇന്ത്യയ്ക്കു മുന്നിൽ 42 റൺസ് വിജയലക്ഷ്യം ഉയർന്നത്. അഞ്ച് ജപ്പാൻ താരങ്ങൾ പൂജ്യത്തിനു പുറത്തായ ഇന്നിങ്സിൽ ഇന്ത്യൻ ബോളർമാർ എക്സ്ട്രായിനത്തിൽ വഴങ്ങിയ 19 റൺസാണ് ജപ്പാൻ സ്കോർബോർഡിലെ ‘ടോപ് സ്കോറർ’. അണ്ടർ 19 ലോകപ്പിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ജപ്പാൻ നേടിയ 41 റൺസ്.

ജപ്പാൻ താരങ്ങളിൽ 17 പന്തിൽ ഏഴു റൺസെടുത്ത ഓപ്പണർ ഷു നൊഗൂച്ചി, 39 പന്തിൽ ഏഴു റണ്‍സെടുത്ത കെന്റോ ഒട്ടാ ഡോബൽ എന്നിവരാണ് കൂടുതൽ റൺസ് നേടിയത്. ഇരുവരും നേടിയോ ഓരോ‍ ഫോറുകൾ മാത്രമാണ് ജപ്പാൻ ഇന്നിങ്സിലെ ബൗണ്ടറി. എട്ടാം വിക്കറ്റിൽ മാക്സ് ക്ലെമന്റ്സും കെന്റോ ഒട്ടാ ഡോബലും ചേർന്നു നേടിയ 13 റണ്‍സാണ് ജപ്പാന്റെ ഉയർന്ന കൂട്ടുകെട്ട്. മാർക്കസ് തർഗെയ്റ്റ് (18 പന്തിൽ ഒന്ന്), നീൽ ഡേറ്റ് (0), ദേബാശിഷ് സാഹൂ (0), കസുമാസ തകഹാഷി (0), ഇഷാൻ ഫാർട്ടിൽ (0), ആഷ്‌ലി തർഗെയ്റ്റ് (0), മാക്സ് ക്ലെമന്റ്സ് (21 പന്തിൽ അഞ്ച്), യുഗാന്ദർ റെത്തരേക്കർ (11 പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റു ജപ്പാൻ താരങ്ങളുടെ പ്രകടനം. സോറാ ഇച്ചികി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

എട്ട് ഓവറിൽ മൂന്ന് മെയ്ഡൻ ഓവറുകൾ സഹിതം അഞ്ചു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത രവി ബിഷ്ണോയിയാണ് ഇന്ത്യൻ ബോളർമാരി‍ൽ കൂടുതൽ തിളങ്ങിയത്. കാർത്തിക് ത്യാഗി ആറ് ഓവറിൽ 10 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ആകാശ് സിങ് 4.5 ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 11 റൺസ് വഴങ്ങി രണ്ടും വിദ്യാധർ പാട്ടീൽ നാല് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം എട്ടു റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

English Summary: India U19 vs Japan U19, 11th Match, Group A - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com