ADVERTISEMENT

മുംബൈ∙ ഇതുവരെ ഒരു ലോകകപ്പ് പോലും നേടാനാകാത്ത ഇന്ത്യൻ വനിതാ ടീം, പുരുഷ ടീമിനു തുല്യം പ്രതിഫലം ആവശ്യപ്പെടുന്നത് എങ്ങനെയെന്ന് വനിതാ ടീം മുൻ ക്യാപ്റ്റൻ അൻജും ചോപ്ര. ഇപ്പോഴത്തെ സാഹചര്യത്തിൽ തുല്യ പ്രതിഫലമെന്ന ആവശ്യം എങ്ങനെയാണ് ഇത്ര വലിയ ചർച്ചയാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും  അൻജും ചോപ്ര പറഞ്ഞു. ഇക്കഴിഞ്ഞ വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നതിനു പിന്നാലെയാണ് പുരുഷ, വനിതാ ടീമുകൾക്ക് തുല്യ ശമ്പളമെന്ന ആവശ്യം വീണ്ടും ശക്തമായത്. ഓസ്ട്രേലിയയിൽ പുരുഷ, വനിതാ ടീമുകൾക്ക് തുല്യ ശമ്പളം ലഭിക്കുന്ന സാഹചര്യത്തിലാണ് ഇവിടെയും സമാനമായ ആവശ്യം ഉയർന്നത്.

‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതെങ്ങനെയാണ് ഇത്ര വലിയ ചർച്ചയായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇതുവരെ ഒരു ലോകകപ്പ് നേടിയിട്ടില്ല. മറിച്ച് പുരുഷ ടീം നേടിയിട്ടുണ്ട്’ – അൻജും ചോപ്ര ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാർപ്രകാരം ഗ്രേഡ് എയിലുള്ള വനിതാ താരത്തിന്റെ വാർഷിക പ്രതിഫലം 50 ലക്ഷം രൂപയാണ്. ഇതേ ഗ്രേഡിലുള്ള പുരുഷ താരങ്ങൾക്ക് അ‍ഞ്ച് കോടി രൂപ ലഭിക്കുന്ന സ്ഥാനത്താണിത്. മാത്രമല്ല, പുരുഷ ടീമിന് മാത്രമായി ഏഴു കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന എ പ്ലസ് വിഭാഗവുമുണ്ട്.

അതേസമയം, ഇന്ത്യൻ വനിതാ ടീമിനെ പ്രതിഫലത്തിന്റെ കാര്യത്തിൽ ആരെങ്കിലുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ വനിതാ ക്രിക്കറ്റിൽ മികച്ചുനിൽക്കുന്ന ഓസീസ് ടീമുമായാണ് താരതമ്യപ്പെടുത്തേണ്ടതെന്ന് അൻജും ചോപ്ര അഭിപ്രായപ്പെട്ടു. ‘ഒന്നാമത്തെ കാര്യം, ലോകത്തിലെ ഏറ്റവും മികച്ച വനിതാ ടീമുമായിട്ടാണ് പ്രതിഫലക്കാര്യത്തിൽ ഈ ടീമിനെ താരതമ്യം ചെയ്യേണ്ടത്. അത് ഓസ്ട്രേലിയൻ ടീമാണ്. ഇന്ത്യൻ പുരുഷ ടീമുമായി പ്രതിഫലക്കാര്യത്തിൽ താരതമ്യത്തിന് ശ്രമിച്ചാലും കാര്യമില്ല. ഇന്ത്യൻ പുരുഷ ടീം പ്രതിഫലത്തിന്റെ കാര്യത്തിൽ അത്യുച്ചിയിൽ നിൽക്കുന്നവരാണ്. ലോകത്ത് മറ്റേതെങ്കിലും പുരുഷ ടീമിനു പോലും അവരുടെയത്ര പ്രതിഫലം ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘നമ്മുടെ കാര്യത്തിൽ, ഓസ്ട്രേലിയൻ വനിതാ ടീമാണ് ഏറ്റവും ഉയർന്ന ശമ്പളം പറ്റുന്നത്. ഓസീസ് ടീമിന് അവരുടെ പുരുഷ ടീമിന് തുല്യം പ്രതിഫലം ലഭിക്കുന്നുമുണ്ട്. പക്ഷേ, അവരുടെ വനിതാ ടീം ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും നേടിയിട്ടുണ്ട് എന്ന കാര്യം മറക്കരുത്. അതുകൊണ്ട് ആദ്യം വനിതാ ടീമുകളുമായി നമുക്ക് മത്സരിക്കാം’ – അൻജും ചോപ്ര പറഞ്ഞു.

English Summary: Unfair to demand, women's team not a World Champion yet: Anjum Chopra on pay parity in Indian cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com