ഇനിയും ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള കരുത്ത് എനിക്കുണ്ട്: ഉറപ്പോടെ ഉത്തപ്പ!
Mail This Article
ബെംഗളൂരു∙ ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള കരുത്ത് തന്നിൽ അവശേഷിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, ദേശീയ ടീമിലേക്ക് തിരികെയെത്താനാകുമെന്ന ആത്മവിശ്വാസം ഉത്തപ്പ പ്രകടിപ്പിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ നിലവിൽ കേരളത്തിന് കളിക്കുന്ന ഉത്തപ്പ, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. ഇതിനിടെയാണ് തന്റെ ക്രിക്കറ്റ് മോഹങ്ങളെക്കുറിച്ച് അദ്ദേഹം മനസ്സു തുറന്നത്.
‘എപ്പോഴും ഊർജസ്വലനായി നിൽക്കാനാണ് എന്റെ ശ്രമം. ഇപ്പോഴും മത്സര ക്രിക്കറ്റിന് ആവശ്യമായ ‘തീ’ എന്റെ ഉള്ളിലുണ്ട്. മാത്സര്യബുദ്ധിയോടെ പിടിച്ചുനിൽക്കാനും എല്ലാം നന്നായി ചെയ്യാനുമാണ് ഞാൻ ശ്രമിക്കുന്നത്’ – ഉത്തപ്പ പറഞ്ഞു.
‘ഇപ്പോഴും എന്റെയുള്ളിൽ ഒരു ലോകകപ്പ് കളിക്കാനുള്ള കരുത്തുകൂടി ശേഷിക്കുന്നുണ്ടെന്നാണ് എന്റെ ഉറച്ച വിശ്വാസം. പരിമിത ഓവർ മത്സരങ്ങളിൽ ആ സാധ്യതകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. ഇക്കാര്യത്തിൽ ദൈവാനുഗ്രഹവും വലിയ ഒരു ഘടകമാണ്. പ്രത്യേകിച്ചും ഇന്ത്യയിലെ സാഹചര്യങ്ങളിൽ. ഇവിടെ പ്രതിഭാധനരായ താരങ്ങൾ ഒട്ടേറെയുള്ളതിനാൽ ദേശീയ ടീമിൽ ഇടംപിടിക്കുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്’ – ഉത്തപ്പ പറഞ്ഞു.
‘നിങ്ങൾക്ക് ഒരിക്കലും നിങ്ങളെ പൂർണമായും എഴുതിത്തള്ളാനാകില്ല. സ്വയം എഴുതിത്തള്ളുന്നത് നിങ്ങൾ നിങ്ങളോടുതന്നെ ചെയ്യുന്ന നീതികേടാകും. നിങ്ങൾക്കു കഴിയുമെന്ന് വിശ്വസിച്ചാൽ അതിനുള്ള സാധ്യത വർധിക്കും. എനിക്കിപ്പോഴും പൂർണ വിശ്വാസമുണ്ട്. കാര്യങ്ങൾ അനുകൂലമായാൽ ഇനിയും ഒരു ലോകകപ്പ് കൂടി നേടാനും ആ ടീമിനായി നിർണായക സംഭാവനകൾ നൽകാനും എനിക്കു കഴിയും. ആ സ്വപ്നവുമായാണ് ഞാൻ ഇപ്പോഴും കളത്തിൽ തുടരുന്നത്. അത് നിലനിൽക്കുന്നിടത്തോളം അതേപടി തുടരുകയും ചെയ്യും’ – ഉത്തപ്പ പറഞ്ഞു.
2007ൽ നടന്ന ഏകദിന ലോകകപ്പിലും അതേ വർഷം കിരീടം ചൂടിയ പ്രഥമ ട്വന്റി20 ലോകകപ്പിലും കളിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു റോബിൻ ഉത്തപ്പ. 2006ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഉത്തപ്പ ഇന്ത്യയ്ക്കായി 46 ഏകദിനങ്ങളും 13 ട്വന്റി20 മത്സരങ്ങളും കളിച്ചു. 2008ന്റെ പകുതിയോടെ ടീമിൽനിന്ന് പുറന്തള്ളപ്പെട്ട ഉത്തപ്പയ്ക്ക് പിന്നീട് ടീമിൽ സ്ഥിരാംഗമാകാൻ കഴിഞ്ഞില്ല. 46 ഏകദിനങ്ങളിൽനിന്ന് 25.94 ശരാശരിയിൽ ആറ് അർധസെഞ്ചുറികൾ സഹിതം 934 റൺസും 13 ട്വന്റി20 മത്സരങ്ങളിൽനിന്ന് ഒരു അർധസെഞ്ചുറി സഹിതം 24.90 ശരാശരിയിൽ 249 റൺസും നേടി. 2015ലാണ് ഏറ്റവുമൊടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ പ്രധാന താരമായിരുന്ന ഉത്തപ്പയെ, കഴിഞ്ഞ വർഷത്തെ താരലേലത്തിൽ രാജസ്ഥാൻ റോയൽസാണ് വാങ്ങിയത്.
English Summary: ‘I honestly believe I have a World Cup left in me’ – Robin Uthappa eager to make his national comeback