ദ്രാവിഡ്, ധോണി, ഡിവില്ലിയേഴ്സ്... ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ്!
Mail This Article
എത്ര ചോദിച്ചാലും തീരാത്തത്ര ചോദ്യങ്ങൾ! ലോക്ഡൗൺ വിശ്രമവും വർക് ഔട്ടുമൊക്കെയായി വീട്ടിലിരിക്കുന്ന സഞ്ജു സാംസണോടുള്ള ചോദ്യങ്ങൾ അയച്ചു തന്നതു നൂറുകണക്കിനു വായനക്കാർ. അതിൽ നിന്നു തിരഞ്ഞെടുത്ത 10 ചോദ്യങ്ങൾക്കുസഞ്ജു മറുപടി നൽകുന്നു
∙ എല്ലാ ബോളർമാരെയും കൂൾ ആയി നേരിടുന്ന സഞ്ജുവിന്റെ ബാറ്റിങ് സ്റ്റൈൽ എനിക്കിഷ്ടമാണ്. രാജ്യാന്തര മത്സരങ്ങളിൽ സഞ്ജുവിനു നേരിടേണ്ടി വന്നിട്ടുള്ളഏറ്റവും അപകടകാരിയായ ബോളർ ആരാണ്? – എച്ച്. ഹനീഷ്, ചക്കിട്ടപ്പറമ്പ്, പുന്നപ്ര, പി. അബ്ദുൽ അസീസ്, പൂനൂർ
വെസ്റ്റിൻഡീസ് സ്പിന്നർ സുനിൽ നരെയ്ൻ. ഐപിഎല്ലിൽ അദ്ദേഹത്തിനെതിരെ നന്നായി കളിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ബോളിങ് കിടുവാണ്.
∙ സഞ്ജുവിനു കരിയറിലെ ഏറ്റവും വിലപിടിപ്പുള്ള ഉപദേശം നൽകിയത് ആരാണ്? എന്തായിരുന്നു ആ ഉപദേശം? – എം.കെ. ഷംലി, മങ്ങാട്ട് കാവുങ്കൽ, പുത്തനത്താണി
എന്നെ ഏറ്റവും സ്വാധീനിച്ച ഉപദേശം രോഹിത് ശർമയുടേതാണ്. ഇന്ത്യൻ ടീമിൽ രണ്ടാമത്തെ അവസരം ലഭിച്ച ആദ്യകളിയിൽ നന്നായി തുടങ്ങി പെട്ടെന്നു പുറത്തായപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ നിന്റെ കളി സ്പെഷൽ ആണ്. നല്ല കഴിവു ദൈവം തന്നിട്ടുണ്ട്. അതിനനുസരിച്ചു കളിക്കുകയാണു വേണ്ടത്. പിഴവുകൾ വരുമ്പോൾ സ്വയം സംശയം വരരുത്. ചെറിയ തിരുത്തലുകൾ വരുത്തിയാൽ ഔട്ട് ആയ പന്തിൽ സ്പെഷൽ ഷോട്ട് കളിക്കാനാകും. അടുത്ത കളിയിലും സ്വന്തം ശൈലിയിൽ അടിച്ചുതകർത്തിട്ടുവാ, ഔട്ടാകുന്നെങ്കിൽ ആകട്ടെ’’. ആ വാക്കുകൾ നൽകിയ ഊർജവുംആത്മവിശ്വാസവും ചെറുതായിരുന്നില്ല.
∙ ക്രിക്കറ്റ് കളി, പരിശീലനം, വിദ്യാഭ്യാസം... ഇതിന്നിടയ്ക്ക് പ്രേമിക്കാൻ എങ്ങനെ സമയം കിട്ടി? പ്രണയത്തെക്കുറിച്ച് മറ്റുള്ളവർക്കു നൽകാനുള്ള സന്ദേശം എന്താണ്? – അജു അരികിനേത്ത്, വെട്ടൂർ, കുമ്പഴ
എത്ര തിരക്കുണ്ടായാലും മനുഷ്യനല്ലേ, പ്രേമിച്ചു പോകും. പ്രേമത്തെക്കുറിച്ച് ഉപദേശിക്കാൻ അറിയില്ല. നന്നായി പ്രേമിക്കാൻ നല്ല ഭാഗ്യം വേണം. നല്ല മനസ്സോടെ സ്നേഹിച്ചാൽ ഇരട്ടിയായി തിരിച്ചുകിട്ടും.
∙ ഇന്ത്യയ്ക്കു വേണ്ടി ട്വന്റി20 കളിക്കുമ്പോൾ ഏതു കളിക്കാരന്റെ കൂടെ പാർട്നർഷിപ് ഉണ്ടാക്കാനാണ് ഏറ്റവുമിഷ്ടം? – അവാൻ ജോസഫ്, മരോട്ടിപ്പറമ്പിൽ, ഇരിട്ടി, ആർ. ജോബിൻ, ആർബി ഭവൻ, പ്ലാമൂട്ടുകട
ഏതു കളിക്കാരനായാലും സന്തോഷം. കോലിയെപ്പോലെ ഒരാൾ ഒപ്പമുണ്ടെങ്കിൽ ഇരട്ടി സന്തോഷം.
∙ കർണൻ നെപ്പോളിയൻ, ഭഗത് സിങ് ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ് എന്ന പൃഥ്വിരാജ് ഡയലോഗ് ക്രിക്കറ്റിന്റെ ഭാഷയിൽ സഞ്ജു ഒന്നു മാറ്റിപ്പറയാമോ? സഞ്ജുവിന്റെ ആ ഹീറോസ് ആരൊക്കെയായിരിക്കും? – കെ. അനുഷ, ശ്രീശൈലം, ചട്ടുകപ്പാറ
രാഹുൽ ദ്രാവിഡ്, മഹേന്ദ്രസിങ് ധോണി, എ.ബി.ഡിവില്ലിയേഴ്സ്– ഇവരാണെന്റെ ഹീറോസ് !
∙ ക്രിക്കറ്റാണ് യഥാർഥ ജീവിതവഴിയെന്നു സഞ്ജു തിരിച്ചറിഞ്ഞത് എപ്പോഴാണ്? ക്രിക്കറ്റിലേക്ക് എത്തിച്ചേർന്ന വഴി പറയാമോ? – ഷിഫ എസ്. ഖാൻ, സജീന മൻസിൽ, മഞ്ഞപ്ര
അങ്ങനെ തിരിച്ചറിഞ്ഞത് എപ്പോഴാണെന്ന് ഓർമയില്ല. കാരണം ഓർമ വച്ച നാൾ ക്രിക്കറ്റ് കൂടെയുണ്ടായിരുന്നു. 5–ാം വയസിലാണ് അച്ഛനും അമ്മയും ബാറ്റ് കയ്യിൽ വച്ചുതന്നത്.
∙ കോച്ച് രാഹുൽ ദ്രാവിഡ് ബാറ്റിങ്ങിലും ക്രിക്കറ്റിനോടുള്ള സമീപനത്തിലും സഞ്ജുവിലുണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കയാണ്? – പി. സുമേഷ്, പങ്ങപ്പറമ്പിൽ, പള്ളിപ്പുറം
ബാറ്റിങ്ങിൽ നമുക്ക് സ്വന്തമായി ചില കഴിവുകളുണ്ടാകും. ശൈലിയും. രാജ്യാന്തര മൽസരങ്ങളിൽ അതു മാത്രം പോരെന്ന് എന്നെ പഠിപ്പിച്ചത് രാഹുൽ സർ ആണ്. ടെക്നിക്കിന്റെ പ്രാധാന്യം എന്നെ ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്.
∙ ഇന്ത്യൻ ടീമിൽ ഇനി അവസരം കിട്ടുമ്പോൾ ഏതു പൊസിഷനിൽ കളിക്കാനാണ് ഏറെയിഷ്ടം? ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച പരിശീലകൻ ആരാണ്? – വിജിൽ വിൽസൺ, പി.വി. ഭവൻ, പാറശാല
ഏതു പൊസിഷനായാലും സന്തോഷം. ഇന്ത്യയ്ക്കായി കളിക്കാൻ അവസരം കിട്ടുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.
രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ച് സുബിൻ ബറൂച്ചയാണ് ഏറ്റവും സ്വാധീനിച്ചപരിശീലകൻ. 18–ാം വയസുമുതൽ അദ്ദേഹത്തിന്റെ മാർഗനിർദേശം ലഭിക്കുന്നുണ്ട്. മുംബൈയുടെ പഴയ താരമായിരുന്നു അദ്ദേഹം.
∙ രാജസ്ഥാൻ റോയൽസ് ടീമിലെ വിദേശതാരങ്ങളായ ജോസ് ബട്‌ലർ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ് തുടങ്ങിയവരുടെ ഒപ്പമുള്ള അനുഭവങ്ങൾ പറയാമോ? – ആർ.എസ്. രോഹൻ, സ്നേഹാലയം, ആമച്ചാൽ
സ്മിത്ത് തികച്ചും വ്യത്യസ്തനാണ്. അദ്ദേഹത്തെ മാതൃകയാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ആളാണു ഞാൻ. അദ്ദേഹത്തിന്റെ ശൈലിയിൽ കളിക്കാൻ തീരുമാനിച്ചിറങ്ങിയ കളിയിൽ രണ്ടാമത്തെ പന്തിൽ ഔട്ടായി. വ്യത്യസ്തമായ ചിന്തകളും രീതികളുമാണ് അദ്ദേഹത്തിന്റേത്. സ്റ്റോക്സും ബട്‌ലറും ടീമിനു വേണ്ടി എന്തു വിട്ടുവീഴ്ചകൾക്കും തയാറാണ്. അതു മറ്റുള്ളവർക്കുള്ള വലിയ സന്ദേശവും പാഠവുമാണ്.
∙ ഈ ചോദ്യം കണ്ട് സഞ്ജു ഞെട്ടി!
വായനക്കാരുടെ ചോദ്യങ്ങൾക്കൊപ്പം സഞ്ജുവിന് അടുത്തു പരിചയമുള്ള ഒരാളും ചോദ്യം അയച്ചിരിക്കുന്നു. മറ്റാരുമല്ല, സഞ്ജുവിന്റെ അമ്മ ലിജി വിശ്വനാഥ്! അമ്മയുടെ ചോദ്യവും അതിനു സഞ്ജുവിന്റെ മറുപടിയും ഇതാ:
സർ, ക്രിക്കറ്റർ ആയതിൽപ്പിന്നെ ഇതുവരെ ഇങ്ങനെ വീട്ടിൽത്തന്നെ ഇരിക്കേണ്ട സാഹചര്യം ഉണ്ടായിക്കാണില്ലല്ലോ. താങ്കൾ ഒരിക്കൽപ്പോലും പ്രാക്ടീസ് മുടക്കാറില്ല എന്നാണു കേട്ടിട്ടുള്ളത്. ഇപ്പോൾ ലോക്ഡൗണിൽ എങ്ങനെയാണു കാര്യങ്ങൾ? – ലിജി വിശ്വനാഥ്, തിരുവനന്തപുരം
ചോദ്യം ഇഷ്ടപ്പെട്ടു. അമ്മ തന്നെ ഇതു ചോദിക്കണം! അമ്മയ്ക്ക് അറിയാമല്ലോഎന്റെ കാര്യങ്ങൾ! തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ടായിരുന്നു. പിന്നീടല്ലേ കാര്യങ്ങൾ ഉഷാറായത്. നല്ല ഭക്ഷണവും നിങ്ങളുടെ തമാശകളുമൊക്കെ ഇത്രയധികം ആസ്വദിക്കാൻ ഇതിനു മുൻപൊരു അവസരം കിട്ടിയിട്ടില്ലല്ലോ!
English Summary: Question-Answer Session With Malayali Cricketer Sanju Samson