ADVERTISEMENT

മുംബൈ∙ രാജ്യാന്തര ഏകദിനത്തിൽ 2019ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബോളറെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി. കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന ഷമി 21 മത്സരങ്ങളിൽനിന്ന് വീഴ്ത്തിയത് 42 വിക്കറ്റാണ്. ലോക ക്രിക്കറ്റിലെ വമ്പൻ ബോളർമാരെയെല്ലാം തകർത്ത പ്രകടനം! പുരുഷ ക്രിക്കറ്റിൽ ഇത്തരമൊരു നേട്ടം കൈവരിച്ച മുഹമ്മദ് ഷമി ഒരു വനിതാ താരത്തിനെതിരെ പന്തെറിഞ്ഞാൽ എങ്ങനെയുണ്ടാകും? ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ സൂപ്പർതാരമായ സ്മൃതി മന്ഥനയോടു ചോദിക്കണം. പരിശീലനത്തിനിടെ മുഹമ്മദ് ഷമിയുടെ പന്തു നേരിടുകയെന്ന സാഹസത്തിനു മുതിർന്ന മന്ഥനയുടെ കാലിൽ നീരു മായാതെ കിടന്നത് 10 ദിവസമാണ്!

ഈ ദിവസങ്ങളിൽ സർവസാധാരണമായി മാറിയ ലൈവ് ചാറ്റിൽ രോഹിത് ശർമ, വനിതാ ടീമിൽ സഹതാരമായ ജമീമ റോഡ്രിഗസ് എന്നിവരുമായി സംസാരിക്കുമ്പോഴാണ് സ്മൃതി മന്ഥന ‘വേദനി’പ്പിക്കുന്ന ഈ അനുഭവം വിവരിച്ചത്. കളത്തിലെയും കളത്തിനു പുറത്തെയും രസകരങ്ങളായ ഒട്ടേറെ നിമിഷങ്ങളാണ് ലൈവ് ചാറ്റിൽ മൂവർ സംഘം ഓർത്തെടുത്തത്.

ഇടക്കാലത്ത് പരുക്കുമൂലം വിശ്രമത്തിലായിരുന്ന സമയത്താണ് മുഹമ്മദ് ഷമിയുടെ പന്തു നേരി‍ടാൻ സ്മൃതി മന്ഥനയ്ക്ക് (നിർ)ഭാഗ്യം ലഭിച്ചത്. മണിക്കൂറിൽ ഏതാണ്ട് 120 കിലോമീറ്റർ വേഗത്തിലാണ് ഷമി പന്തെറിഞ്ഞുകൊണ്ടിരുന്നത്. ദേഹത്തേക്ക് പന്തെറിയില്ല എന്ന് ഷമിയിൽനിന്ന് ഉറപ്പുവാങ്ങിയശേഷമായിരുന്നു മന്ഥനയുടെ ബാറ്റിങ് പരീക്ഷണം. പക്ഷേ, ഗതിമാറിയെത്തിയ പന്ത് വന്നിടിച്ചത് തുടയിൽ. 10 ദിവസമാണ് നീരു മായാതെ കിടന്നതെന്ന് മന്ഥന!

‘ഷമി ഭയ്യ (മുഹമ്മദ് ഷമി) പരുക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം പരിശീലിച്ചത് ഓർക്കുന്നു. അന്ന് 120 കിലോമീറ്റർ വേഗത്തിലാണ് അദ്ദേഹം പന്തെറിഞ്ഞിരുന്നത്. എന്റെ ദേഹത്തേക്ക് പന്തെറിയില്ലെന്ന ഉറപ്പിലാണ് ഞാൻ ബാറ്റുമായി കളത്തിലിറങ്ങിയത്. അഞ്ചാമത്തെയോ ആറാമത്തെയോ സ്റ്റംപിന് കണക്കാക്കി എറിയാമെന്നായിരുന്നു വാഗ്ദാനം’ – സ്മൃതി വിശദീകരിച്ചു.

‘ആദ്യത്തെ രണ്ടു പന്തും എനിക്കു തൊടാൻ പോലുമായില്ല. അത്രയും വേഗതയേറിയ പന്തുകൾ നേരിട്ട് എനിക്ക് പരിചയമില്ലല്ലോ. പക്ഷേ മൂന്നാമത്തെ ബോൾ എന്നെ ചതിച്ചു. അദ്ദേഹത്തിന്റെ ഇൻ–ഡിപ്പർ നേരെ വന്നിടിച്ചത് എന്റെ അകംതുടയിലാണ്. ഞാൻ വേദനകൊണ്ട് പുളഞ്ഞുപോയി. 10 ദിവസമാണ് അവിടെ നീരു മായാതെ കിടന്നത്’ – സ്മൃതി വിവരിച്ചു.

2013ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ സ്മൃതി മന്ഥന ഇതിനകം രണ്ടു ടെസ്റ്റുകളും 51 ഏകദിനങ്ങളും 75 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ ഒരു അർധസെഞ്ചുറി സഹിതം 27 ശരാശരിയിൽ 81 റൺസാണ് സമ്പാദ്യം. ഏകദിനത്തിൽ നാലു സെഞ്ചുറിയും 17 അർധസെഞ്ചുറിയും സഹിതം 43.08 ശരാശരിയിൽ 2025 റൺസ് നേടി. ട്വന്റി20യിൽ 12 അർധസെഞ്ചുറികൾ സഹിതം 25.23 ശരാശരിയിൽ 1716 റൺസും സ്വന്തമാക്കി.

English Summary: My thigh got swollen for 10 days: Smriti Mandhana recalls being hit by Mohammed Shami’s in-dipper delivery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com