ധോണിയേപ്പോലെ ആകണം, ബാറ്റിങ്ങിൽ വികാരങ്ങളെ നിയന്ത്രിക്കണം: സഞ്ജു
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിൽ ദീർഘകാലം മുടിചൂടാ മന്നനായി വാണ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയേപ്പോലെ ആകാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് മലയാളി യുവതാരം സഞ്ജു സാംസൺ. ഐപിഎല്ലിൽ സഞ്ജുവിന്റെ ടീമായ രാജസ്ഥാൻ റോയൽസ് സംഘടിപ്പിച്ച പോഡ്കാസ്റ്റിലാണ് സഞ്ജു മനസു തുറന്നത്. കളിയിൽ പരമാവധി ശ്രദ്ധ പതിപ്പിക്കാനാണ് ശ്രമം. ബാറ്റ് ചെയ്യുമ്പോൾ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ അദ്വിതീയനായ മഹേന്ദ്രസിങ് ധോണിയാണ് മാതൃകയെന്നും സഞ്ജു വെളിപ്പെടുത്തി.
‘എന്റെ ശക്തിയെന്തെന്ന് തിരിച്ചറിഞ്ഞ് അതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഞാൻ പഠിച്ചുകഴിഞ്ഞു. പിഴവുകളെ അംഗീകരിക്കാനും പഠിച്ചു. ടീമിനായി പരമാവധി സംഭാവനകൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. കളിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും ബാറ്റു ചെയ്യുമ്പോൾ എം.എസ്. ധോണിയേപ്പോലെ വികാരങ്ങളെ നിയന്ത്രിച്ചുനിർത്താനുമാണ് ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നത്’ – ഇരുപത്തഞ്ചുകാരനായ സഞ്ജു വെളിപ്പെടുത്തി.
ഇന്ത്യൻ ക്രിക്കറ്റിലെ വൻമരങ്ങളായ രാഹുൽ ദ്രാവിഡും ഗൗതം ഗംഭീറും സഞ്ജുവിന്റെ പ്രതിഭയെക്കുറിച്ച് പലതവണ വാചാലരായിട്ടുണ്ടെങ്കിലും ഇന്ത്യൻ ടീമിൽ ഇതുവരെ സ്ഥാനമുറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. 2015ൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കളിച്ചത് നാല് രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ മാത്രം. കളത്തിലിറങ്ങാൻ അവസരം ലഭിച്ചതിനേക്കാളെ മത്സരങ്ങൾ ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. അവസരം ലഭിച്ച മത്സരങ്ങളിൽ ഉജ്വല തുടക്കമിട്ടെങ്കിലും സുദീർഘമായ ഇന്നിങ്സുകൾ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാറ്റിങ്ങിൽ ധോണിയേപ്പോലെ വികാരങ്ങളെ നിയന്ത്രിച്ചുകളിക്കാനാണ് ശ്രമമെന്ന സഞ്ജുവിന്റെ തുറന്നുപറച്ചിൽ.
കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 പരമ്പരകളിൽ പലതവണ സഞ്ജു ടീമിലേക്ക് വിളിക്കപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിനൊപ്പം ചെലവഴിച്ച നിമിഷങ്ങൾ അവിസ്മരണീയമായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.
‘വീണ്ടും ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ലഭിച്ച അവസരം അവിസ്മരണീയമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമിന്റെ ഭാഗമായിരിക്കുക, ചുറ്റിലും വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ താരങ്ങളുണ്ടായിരിക്കുക എന്നൊക്കെ പറയുമ്പോൾ അതെന്തൊരു അനുഭവമായിരിക്കുമെന്ന് ഊഹിക്കാമല്ലോ’ – സഞ്ജു വിശദീകരിച്ചു.
കൊറോണ വൈറസ് വ്യാപനത്തിനു മുന്നോടിയായി നടന്ന ന്യൂസീലൻഡ് പര്യടനത്തിൽ സൂപ്പർ ഓവറിൽ ബാറ്റിങ്ങിന് ഇറങ്ങാൻ ടീം മാനേജ്മെന്റ് നിയോഗിച്ചത് ആത്മവിശ്വാസമുയർത്തിയെന്നും സഞ്ജു വെളിപ്പെടുത്തി. ‘വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ താരങ്ങൾ ഇത്തരം നിർണായക സമയത്ത് നമ്മിൽ വിശ്വാസമർപ്പിക്കുന്നത് തന്നെ വലിയ കാര്യമല്ലേ? ടീമും സഹതാരങ്ങളും നമ്മളെ മാച്ച് വിന്നറായി പരിഗണിക്കുന്നതും പറഞ്ഞറിയിക്കാനാകാത്ത വികാരമാണ്’ – സഞ്ജു പറഞ്ഞു. സഞ്ജു സാംസണിനെയും ശുഭ്മാൻ ഗില്ലിനെയും പോലുള്ള യുവതാരങ്ങളെ സംരക്ഷിക്കാനും വളർത്തിയെടുക്കാനും വിരാട് കോലിയും രോഹിത് ശർമയും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
English Summary: I have learnt to accept my failures in last two years: Sanju Samson