മുഷ്ഫിഖർ സംസാരിച്ചുകൊണ്ടിരിക്കും, കോലി അടിച്ചുപറത്തും; ക്യാപ്റ്റന്റെ ‘ബാറ്റിങ് രഹസ്യം’
Mail This Article
മുംബൈ∙ റൺ ചേസിങ്ങിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ മികവ് പ്രശസ്തമാണ്. കോലി
വിജയ ലക്ഷ്യങ്ങൾ ബാറ്റു കൊണ്ടു മറികടക്കുന്നത് ആരാധകർ പല തവണ ക്രിക്കറ്റ് മൈതാനങ്ങളിൽ കണ്ടു. ചേസിങ്ങിലാണെങ്കിലും കോലി എല്ലായ്പ്പോഴും അതീവ ശ്രദ്ധയിലായിരിക്കും. എന്നാൽ എവിടെനിന്നാണ് ബാറ്റിങ്ങിൽ അധിക പ്രോൽസാഹനം തനിക്കു ലഭിക്കുന്നതെന്നു വ്യക്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ കോലി.
ബംഗ്ലദേശ് ക്രിക്കറ്റ് താരം തമീം ഇക്ബാലിനോടൊപ്പമുള്ള ഒരു ഫെയ്സ്ബുക്ക് ലൈവിലാണ് കോലി ഇക്കാര്യം ‘പരസ്യമാക്കിയത്’. തമീം ഇക്ബാലും കോലിയുടെ ‘അധിക കരുത്തിനെക്കുറിച്ച്’ ലൈവിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് വിരാട് കോലിയുടെ മറുപടി ഇങ്ങനെ– വിക്കറ്റിനു പിറകിൽനിന്ന് ബംഗ്ലദേശ് കീപ്പർ മുഷ്ഫിഖർ റഹീമിനെ പോലുള്ളവർ നിരന്തരമായി സംസാരിക്കുന്നതാണ് ബാറ്റിങ്ങിൽ എല്ലായ്പ്പോഴും പ്രോൽസാഹനമാകുന്നത്. അതു വളരെ എളുപ്പമാണ്. മുഷിയെപ്പോലുള്ളവർ (മുഷ്ഫിഖർ റഹീം) വിക്കറ്റിനു പിന്നിൽനിന്ന് എന്തെങ്കിലുമൊക്കെ പറഞ്ഞ് സഹായിക്കാറുണ്ട്. അങ്ങനെയാണ് എനിക്ക് അധിക പ്രോൽസാഹനം ലഭിക്കുന്നത്– കോലി മനസ്സു തുറന്നു.
ഒരു താരത്തിന് ഏതു സ്കോറും പിന്തുടരാൻ കഴിയുമെന്ന വിശ്വാസം എപ്പോഴും ഉണ്ടായിരിക്കണമെന്നും കോലി പ്രതികരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം തോറ്റ് നില്‍ക്കുമ്പോൾ വിജയത്തിൽ എത്തിക്കാൻ എനിക്കു സാധിക്കുമെന്നു തോന്നിയിട്ടുണ്ട്. വിജയത്തിലെത്താൻ എത്ര റൺസ് വേണമെന്ന് അറിയുന്ന സാഹചര്യം ഏറെ ഇഷ്ടമാണ്. അതു ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണു നമുക്ക് ഉണ്ടാകേണ്ടത്. ഇക്കാര്യമാണു യുവതാരങ്ങളോടെല്ലാം എല്ലായ്പ്പോലും പറയുന്നത്.
ചെറുപ്പകാലത്ത് ഇന്ത്യ തോറ്റ മൽസരങ്ങളെല്ലാം കാണുമായിരുന്നു. അതു വിജയിപ്പിക്കാൻ എനിക്കു സാധിക്കുമെന്നു സ്വയം ബോധ്യപ്പെടുത്തും. അങ്ങനെയൊരു ചിന്തയുമായിട്ടായിരുന്നു ഉറങ്ങാൻ പോയിരുന്നത്. ഇപ്പോൾ റൺസ് പിന്തുടരുമ്പോൾ ആ സന്തോഷവും പുറത്തുവരുന്നു. എത്ര റൺസ് വേണമെന്നും എന്താണ് അതിനു ചെയ്യേണ്ടതെന്നും അറിയുമെങ്കിൽ ചേസിങ് എന്നതു വളരെ വ്യക്തമാണ്. ജയിക്കാൻ 370, 380 റണ്‍സ് വേണമെങ്കിലും അതു നേടുമെന്നു തന്നെയാണു തോന്നാറുള്ളതെന്നും കോലി വ്യക്തമാക്കി.
English Summary: Mushfiqur Rahim’s chatter behind the stumps give extra motivation to me: Virat Kohli