‘ഐപിഎൽ ഏറ്റവും മികച്ചത്; മുംബൈ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെ’
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിനെയും മുംബൈ ഇന്ത്യൻസ് ടീമിനെയും പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോസ് ബട്‍ലർ. മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ടീം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ വമ്പന്‍മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ പോലെയാണെന്ന് ബട്‍ലർ പ്രതികരിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളത് പോലെയാണ് മുംബൈ ഇന്ത്യൻസിന്റെ ആരാധക പിന്തുണ.
മുംബൈ ഇന്ത്യൻസിനായി കളിച്ച കാലം ഏറെ ഇഷ്ടമുള്ളതാണ്. നിലവിൽ ബട്‍ലറുടെ ടീമായ രാജസ്ഥാൻ റോയൽസിനെയും അതേ രീതിയിലാണ് ഇഷ്ടപ്പെടുന്നതെന്നും ഒരു രാജ്യാന്തര മാധ്യമവുമായുള്ള അഭിമുഖത്തിൽ ബട്‌ലർ പറഞ്ഞു. ലോകകപ്പ് കഴിഞ്ഞാൽ ഏറ്റവും മികച്ച ടൂർണമെന്റ് ഐപിഎൽ ആണെന്നും ബട്‍ലർ പ്രതികരിച്ചു. ഐപിഎൽ ഇംഗ്ലിഷ് ക്രിക്കറ്റിനെ ഏറെ സഹായിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഐപിഎല്ലാണ് ലോകത്ത് ഏറ്റവും മികച്ചത്.
ലോകകപ്പ് ഇതിൽനിന്നും വ്യത്യസ്തമാണെന്ന് അറിയാം. കെവിൻ പിറ്റേഴ്സണാണ് ഞാനുൾപ്പെടെയുള്ള ഇംഗ്ലിഷ് താരങ്ങൾക്ക് ഐപിഎൽ കളിക്കാനുള്ള വഴി കാണിച്ചുതന്നതെന്നും ബട്‌ലർ വ്യക്തമാക്കി. 2016ലാണ് ബട്‌ലർ ഐപിഎൽ കളിക്കുന്നതിനായി ഇന്ത്യയിലെത്തുന്നത്. 2016ൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു ബട്‍ലർ. ഐപിഎല്ലിൽ 45 മൽസരങ്ങളിൽനിന്ന് 1,386 റൺസ് താരം സ്കോർ ചെയ്തിട്ടുണ്ട്.
English Summary: IPL is best tournament in the world: Jos Buttler