ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കുന്നതിന് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തുമായി യാതൊരുവിധ മത്സരവുമില്ലെന്ന് മലയാളി താരം സഞ്ജു സാംസൺ. ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനായി ഋഷഭ് പന്തുമായി മത്സരിക്കുന്നതിനേക്കുറിച്ചല്ല, പന്തിനൊപ്പം ടീമിൽ ഒരുമിച്ചു കളിക്കുന്നതിനെക്കുറിച്ചാണ് താൻ ചിന്തിക്കാറെന്നും സഞ്ജു വ്യക്തമാക്കി. ഒരു ദേശീയ മാധ്യമവുമായി സംസാരിക്കുമ്പോഴാണ് സഞ്ജു നയം വ്യക്തമാക്കിയത്. മാത്രമല്ല, ഡൽഹി ഡെയർഡെവിൾസിൽ (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ഒരുമിച്ചു കളിച്ചിരുന്ന കാലംതൊട്ടേ ഋഷഭ് പന്ത് അടുത്ത സുഹൃത്താണെന്നും സഞ്ജു വെളിപ്പെടുത്തി.

‘ടീമിലെ സ്ഥാനം എപ്പോഴും ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ടതാണ്. ടീമിൽ സ്ഥാനത്തിനായി ഋഷഭ് പന്തുമായി മത്സരമുണ്ടെന്ന തരത്തിൽ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല. ക്രിക്കറ്റ് താരമെന്ന നിലയിൽ മറ്റൊരു താരത്തിൻമേൽ കണ്ണുവച്ചുകൊണ്ടല്ല മുന്നോട്ടു പോകേണ്ടതെന്നാണ് എന്റെ വിശ്വാസം’ – സഞ്ജു വിശദീകരിച്ചു.

‘ഡൽഹി ഡെയർഡെവിള്‍സിൽ ഒരുമിച്ചു കളിച്ചു തുടങ്ങിയവരാണ് ഞാനും പന്തും. അവിടെ ഒരുമിച്ചു ചെലവഴിച്ച കാലഘട്ടം വളരെ രസകരമായിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമായി. പന്ത് വളരെ പ്രതിഭാധനനായ താരമാണ്. ഒരുമിച്ചുള്ള മത്സരങ്ങൾ ഞങ്ങൾ വളരെയധികം ആസ്വദിച്ചിരുന്നു. പന്തിനൊപ്പം ഒട്ടേറെ ഇന്നിങ്സുകളിൽ ഞാൻ കളിച്ചിട്ടുണ്ട്’ – സഞ്ജു പറഞ്ഞു.

2017ലെ ഐപിഎൽ സീസണിൽ ഗുജറാത്ത് ലയൺസിനെതിരെ ഋഷഭ് പന്തുമൊത്ത് 209 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന സംഭവവും സഞ്ജു ഓർത്തെടുത്തു. അന്ന് സഞ്ജു 31 പന്തിൽ 61 റൺസും പന്ത് 43 പന്തിൽ പുറത്താകാതെ 97 റൺസുമാണ് നേടിയത്. ‘ഗുജറാത്ത് ലയൺസിനെതിരായ ആ മത്സരം ഇപ്പോഴും എന്റെ ഓർമയിലുണ്ട്. മൈതാനത്തിന്റെ നാലുപാടും സിക്സറുകൾ പറത്തിയാണ് 200നു മുകളിലുള്ള വിജയലക്ഷ്യം അടിച്ചെടുത്തത്. പന്തിനൊപ്പമുള്ള ആ കൂട്ടുകെട്ട് ഇന്നും ഞാൻ ഓർക്കാറുണ്ട്’ – സഞ്ജു പറഞ്ഞു.

‘ടീമിൽ സ്ഥാനത്തിനായി പന്തുമായി മത്സരിക്കുന്നതിനെക്കുറിച്ച് ആളുകൾ ചോദിക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ അദ്ദേഹത്തിന്റെ കൂടെ ഒരുമിച്ചു കളിക്കുന്നതാണ്. കളിക്കുക മാത്രമല്ല, തമാശകളൊക്കെയായുള്ള ഒത്തുചേരൽ തന്നെ. തീർച്ചയായും ബോളർമാർക്കുമേൽ ആധിപത്യം സ്ഥാപിച്ച് കളിക്കാൻ ഞങ്ങൾക്കാകും. അതുകൊണ്ട് പന്തിനൊപ്പം ദേശീയ ടീമിൽ ഒരുമിച്ചു കളിക്കുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത. അല്ലാതെ പന്തുമായി മത്സരിക്കുന്നുവെന്ന തോന്നൽ ലവലേശമില്ല’ – സഞ്ജു വ്യക്തമാക്കി.

മഹേന്ദ്രസിങ് ധോണിക്കു ശേഷം പരിമിത ഓവർ മത്സരങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തെത്തുമെന്ന് കരുതുന്ന താരങ്ങളാണ് പന്തും സഞ്ജുവും. കഴിഞ്ഞ വർഷം ബംഗ്ലദേശിനെതിരായ പരമ്പരയ്ക്കുള്ള ട്വന്റി20 ടീമിൽ സഞ്ജുവിനെ സിലക്ടർമാർ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഋഷഭ് പന്തിനാണ് കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്. പിന്നീട് വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽനിന്ന് സഞ്ജുവിനെ സിലക്ടർമാർ തഴഞ്ഞപ്പോൾ, പന്ത് സ്ഥാനം നിലനിർത്തി. പിന്നീട് ഓപ്പണർ ശിഖർ ധവാന് പരുക്കേറ്റതോടെയാണ് സഞ്ജു ടീമിലെത്തിയത്. കളിക്കാൻ അവസരം ലഭിച്ചതുമില്ല.

തൊട്ടടുത്ത പരമ്പരയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് സഞ്ജുവിന് ആദ്യമായി അവസരം ലഭിക്കുന്നത്. പുണെയിൽ നടന്ന മത്സരത്തിൽ ഒരു സിക്സ് സഹിതം ആറു റൺസെടുത്ത് പുറത്താകുകയും ചെയ്തു. പിന്നീട് ന്യൂസീലൻഡ് പര്യടനത്തിൽ രണ്ട് മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും 2, 8 റൺസ് വീതമെടുത്ത് പുറത്തായി.

English Summary: Rishabh Pant and I are very good friends, don't see him as competition: Sanju Samson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com