വനിതാ ക്രിക്കറ്റിൽ ചെറിയ പന്ത് മതി, പിച്ചിന്റെ നീളം കുറയ്ക്കണം: സോഫി, ജമീമ
Mail This Article
മുംബൈ∙ വനിതാ ക്രിക്കറ്റിന്റെ ജനപ്രീതി ഉയർത്താൻ വ്യത്യസ്തമായ മാർഗനിർദ്ദേശങ്ങളുമായി ന്യൂസീലൻഡ് താരം സോഫി ഡിവൈനും ഇന്ത്യൻ താരം ജമീമ റോഡ്രിഗസും. പുരുഷ ക്രിക്കറ്റിനെ അപേക്ഷിച്ച് ഉപയോഗിക്കുന്ന പന്തിന്റെ വലിപ്പം കുറയ്ക്കാനും പിച്ചിന്റെ നീളം കുറയ്ക്കാനുമാണ് ഇരുവരുടെയും നിർദ്ദേശം. വനിതാ ക്രിക്കറ്റിനെ നവീകരിക്കാനുള്ള വഴികൾ തേടി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സോഫി ഡിവൈനും ജമീമയും നിലപാട് വ്യക്തമാക്കിയത്.
പുരുഷ ക്രിക്കറ്റിനെ അപേക്ഷിച്ച് വനിതാ ക്രിക്കറ്റിൽ കുറച്ചുകൂടി വലിപ്പം കുറഞ്ഞ പന്ത് ഉപയോഗിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് ന്യൂസീലൻഡ് താരം സോഫിയാണ്. ഇപ്പോൾത്തന്നെ പുരുഷ ക്രിക്കറ്റിനെ അപേക്ഷിച്ച് താരതമ്യേന ചെറിയ പന്താണ് വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്നത്. ഇത് ഒന്നുകൂടി ചെറുതാക്കി പരീക്ഷണം നടത്തണമെന്നാണ് സോഫിയുടെ നിർദ്ദേശം.
‘വനിതാ ക്രിക്കറ്റിൽ കുറച്ചുകൂടി ചെറിയ പന്ത് ഉപയോഗിക്കണമെന്ന അഭിപ്രായമാണ് എനിക്ക്. അങ്ങനെയെങ്കിൽ പിച്ച് ഇപ്പോഴത്തെ അതേ വലിപ്പത്തിൽ നിലനിർത്തിയാലും പേസ് ബോളർമാർക്ക് കൂടുതൽ വേഗത കൈവരിക്കാനാകും. സ്പിന്നർമാർക്ക് കൂടുതൽ ടേണും ലഭിക്കും’ – സോഫി ഡിവൈൻ ചൂണ്ടിക്കാട്ടി.
എന്നാൽ, പിച്ചിന്റെ വലിപ്പത്തിലും വ്യത്യാസം വരുത്തി പരീക്ഷിക്കാവുന്നതാണെന്ന് ജമീമ റോഡ്രിഗസ് അഭിപ്രായപ്പെട്ടു. മത്സരത്തിന്റെ തന്നെ വേഗത കൂട്ടാൻ അത്തരമൊരു പരീക്ഷണം സഹായിക്കുമെന്ന് ജമീമ ചൂണ്ടിക്കാട്ടി.
‘പിച്ചിന്റെ നീളം കുറച്ച് മത്സരം നടത്തുന്ന കാര്യം കൂടി പരിഗണിക്കാവുന്നതാണ്. അത് കളിയുടെ നിലവാരമുയർത്താനും വനിതാ ക്രിക്കറ്റിനെ പുതിയൊരു തലത്തിലെത്തിക്കാനും സഹായിക്കുമെങ്കിൽ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ?’ – പത്തൊൻപതുകാരിയായ ജമീമ ചോദിച്ചു.
English Summary: Jemimah Rodrigues recommends shorter pitches to attract more fans to women's cricket