ADVERTISEMENT

കൊളംബോ∙ ഇന്ത്യ ജേതാക്കളായ 2011ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഒത്തുകളിയായിരുന്നുവെന്ന ആരോപണ–പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ശ്രീലങ്കൻ കായിക മന്ത്രാലയമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആതിഥേയരായ ഇന്ത്യയുമായുള്ള ഫൈനലിൽ ശ്രീലങ്ക ഒത്തുകളിച്ചു തോറ്റതാണെന്ന ആരോപണം പലതവണ ഉയർന്ന സാഹചര്യത്തിലാണ് കായികമന്ത്രി ദലസ് അലഹപ്പെരുമ അന്വേഷണം പ്രഖ്യാപിച്ചത്. 2011 ലോകകപ്പ് ഫൈനലിന്റെ സമയത്ത് ശ്രീലങ്കൻ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയാണ് കഴിഞ്ഞ ദിവസം ഒത്തുകളി ആരോപണം വീണ്ടുമുയർത്തിയത്.

1996ൽ ശ്രീലങ്കയ്ക്ക് കിരീടം സമ്മാനിച്ച ക്യാപ്റ്റൻ അർജുന രണതുംഗയും ഒത്തുകളി ആരോപണം ഉയർത്തിയിരുന്നു. ഫൈനൽ നടക്കുമ്പോൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കമന്റേറ്ററായി രണതുംഗയും ഉണ്ടായിരുന്നു. കായികമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര കായിക സെക്രട്ടറി കെ.എ.ഡി.എസ്. റുവാൻചന്ദ്രയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. രണ്ട് ആഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോർട്ട് നൽകാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

∙ നിർണായകം മന്ത്രിയുടെ വെളിപ്പെടുത്തൽ

ഇന്ത്യ–ശ്രീലങ്ക കലാശപ്പോരാട്ടം നടക്കുമ്പോൾ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്നു കഴിഞ്ഞ ദിവസം ഒത്തുകളി ആരോപണം ഉന്നയിച്ച അലുത്ഗമഗെ. വാങ്കഡെയിലെ കലാശപ്പോരാട്ടത്തിന് സാക്ഷികളാകാൻ അന്നത്തെ പ്രസിഡന്റ് മഹിന്ദ രജപക്ഷെയ്‌ക്കൊപ്പം അലുത്ഗമഗെയ്ക്കും ക്ഷണമുണ്ടായിരുന്നു. അനായാസം ജയിക്കേണ്ട മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് ‘വിൽക്കുകയായിരുന്നുവെന്ന്’ നിലവിൽ ഊർജ മന്ത്രി കൂടിയായ അദ്ദേഹം ആരോപിച്ചു.

ഏതെങ്കിലും കളിക്കാർ ഒത്തുകളിച്ചതായി എടുത്തു പറയുന്നില്ലെന്നും ചില ‘ഗ്രൂപ്പു’കൾ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ 275 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ എം.എസ്.ധോണിയുടെയും മികവിലാണു കിരീടത്തിലെത്തിയത്.

‘2011ലെ ലോകകപ്പ് ഫൈനൽ ഒത്തുകളിയായിരുന്നു. ഏറ്റവും ഉത്തരവാദിത്തത്തോടെ തന്നെയാണ് ഞാൻ ഇക്കാര്യം പറയുന്നത്. ഇതേക്കുറിച്ച് ചർച്ചയുണ്ടാകണം. ഒത്തുകളിച്ചെന്ന് പറഞ്ഞ് ഏതെങ്കിലും കളിക്കാരെ ഞാൻ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകൾ ഫൈനൽ മത്സരം ഒത്തുകളിക്കുന്നതിന് ചരടുവലിച്ചിട്ടുണ്ടെന്ന് തീർച്ച’ – മന്ത്രി പറഞ്ഞു.

‘ഈ പറഞ്ഞതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഞാൻ കായികമന്ത്രിയായിരുന്ന സമയത്താണ് ലോകകപ്പ് ഫൈനൽ നടന്നത്. രാജ്യത്തിന്റെ നന്മയെ കരുതി തൽക്കാലം വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ല. 2011ൽ ഇന്ത്യയ്‌ക്കെതിരെ നടന്ന ഫൈനൽ മത്സരം നമുക്കു ജയിക്കാമായിരുന്നു. പക്ഷേ, ഒത്തുകളിച്ച് തോറ്റു’ – മന്ത്രി പറഞ്ഞു.

∙ ആരോപണം മുൻപും

ഇന്ത്യ–ശ്രീലങ്ക ഫൈനൽ മത്സരം ഒത്തുകളിയായിരുന്നുവെന്ന് ആരോപണം ഉയരുന്നത് ഇതാദ്യമല്ല. ഈ മത്സരം ഒത്തുകളിയായിരുന്നുവെന്ന ആരോപണം ആദ്യമുയർത്തിയവരിൽ ഒരാൾ മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗയാണ്. ഫൈനൽ നടക്കുമ്പോൾ കമന്റേറ്ററെന്ന നിലയിൽ വാംഘഡെ സ്റ്റേഡിയത്തിൽ സന്നിഹിതനായിരുന്നു രണതുംഗ. അന്ന് ശ്രീലങ്കൻ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

2017ൽ ശ്രീലങ്കൻ കായികമന്ത്രിയായിരുന്ന ദയസിരി ജയശേഖര ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. ആരെങ്കിലും രേഖാമൂലം പരാതി നൽകിയാൽ അന്വേഷണം പ്രഖ്യാപിക്കാൻ തനിക്കു മടിയില്ലെന്നായിരുന്നു ജയശേഖരുടെ പ്രഖ്യാപനം.

അതേസമയം, ഇപ്പോൾ ആരോപണം ഉയർത്തിയ മഹിന്ദാനന്ദ അലുത്ഗമഗെ 2017ലും സമാനമായ ആരോപണം ഉയർത്തിയിരുന്നു. ഇന്ത്യയുമായുള്ള ഫൈനൽ മത്സരം നടക്കുമ്പോൾ ഒരു മുതിർന്ന ശ്രീലങ്കൻ താരം ഡ്രസിങ് റൂമിലിരുന്ന് ടെൻഷൻ മൂലം അൻപതോളം സിഗററ്റ് പുകച്ചുതള്ളുന്നത് കണ്ടതായി അന്നത്തെ ടീം മാനേജർ പറഞ്ഞെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. മാത്രമല്ല, മത്സരം അവസാനിച്ച ഉടനെ അന്നത്തെ ക്യാപ്റ്റൻ പ്രത്യേകിച്ചു കാരണമൊന്നും പറയാതെ രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായും മാനേജരെ ഉദ്ധരിച്ച് മന്ത്രി വെളിപ്പെടുത്തി. ഇത്തരത്തിൽ സംശയമുയർത്തുന്ന പല കാര്യങ്ങളും സംഭവിച്ചതായും മന്ത്രി ആരോപിച്ചു.

∙ തിരിച്ചടിച്ച് ജയവർധനെ, സംഗക്കാര

2011 ലോകകപ്പ് ഫൈനൽ മത്സരം ശ്രീലങ്കൻ താരങ്ങൾ ഒത്തുകളിച്ചു തോറ്റതാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അന്ന് ക്യാപ്റ്റനായിരുന്ന കുമാർ സംഗക്കാരയും ഫൈനലിൽ സെഞ്ചുറി നേടിയ മഹേള ജയർവർധനെയും രംഗത്തെത്തി. ‘തിരഞ്ഞെടുപ്പ് അടുക്കാറായി എന്നു തോന്നുന്നു’വെന്നായിരുന്നു ഇതേക്കുറിച്ച് പരിഹാസപൂർവം ജയവർധനെയുടെ പ്രതികരണം.

‘തിരഞ്ഞെടുപ്പു വല്ലതും അടുത്തുവരുന്നുണ്ടോ? വീണ്ടും ആ സർക്കസ് ആരംഭിച്ചതായി കാണുന്നു. പേരുകളും തെളിവുകളും പുറത്തുവിടൂ’ – ജയവർധനെ ട്വിറ്ററിൽ കുറിച്ചു.

വളരെ ഗൗരവമുള്ള ആരോപണമെന്ന നിലയിൽ മന്ത്രി എത്രയും പെട്ടെന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് ഒത്തുകളിച്ചവരുടെ പേരുകളും അതിന്റെ തെളിവുകളും കൈമാറണമെന്ന് അന്ന് ക്യാപ്റ്റനായിരുന്ന കുമാർ സംഗക്കാര ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ ഇതേക്കുറിച്ച് ഊഹാപോഹങ്ങൾ ഉണ്ടാകില്ലെന്നും സംഗക്കാര ചൂണ്ടിക്കാട്ടി. ലോകകപ്പിനു തൊട്ടുപിന്നാലെ സംഗക്കാര രാജിവച്ചിരുന്നു.

English Summary: Sri Lankan government launches probe into 2011 World Cup final fixing allegation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com