ADVERTISEMENT

തൊടുപുഴ/കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവിലിയനിൽനിന്നു കാണാതായ സ്മരണികകളിൽ ചിലതു തൃപ്പൂണിത്തുറയിലുണ്ടെന്നു സൂചന. സ്മരണികകൾ കെസിഎ മുൻ സെക്രട്ടറി ജയേഷ് ജോർജും കൂട്ടരും രഹസ്യമായി കടത്തിയതാണെന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുൻ വൈസ് പ്രസിഡന്റ് ടി.സി. മാത്യു രംഗത്തെത്തി. ‘‘സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം 2018ൽ തൃപ്പൂണിത്തറ ക്രിക്കറ്റ് ക്ലബ്ബിൽ പ്രദർശനത്തിനു കൊണ്ടുപോയ ശേഷം തിരികെ എത്തിച്ചിട്ടില്ല. ജയേഷിന്റെ ബന്ധുവിന്റെ കയ്യിലാണു സ്റ്റേഡിയത്തിലെ പവിലിയന്റെ താക്കോൽ. ’’– ടി.സി മാത്യു പറഞ്ഞു. 

‘‘2017ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദമുണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണ്. ജയേഷും കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽകുമാറും ചേർന്നു സ്കോർ ലൈൻ എന്ന കമ്പനി നടത്തുന്നു. ബിസിസിഐ ഔദ്യോഗിക സ്ഥാനത്തിരുന്നു സ്വകാര്യ കമ്പനി നടത്തുന്നത് ലോധ കമ്മിറ്റി ശുപാർശയ്ക്കെതിരാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രവർത്തനങ്ങൾ പരാജയമാണ്. ഇതു മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.  ടി.സി. മാത്യു പറഞ്ഞു. 

തെൻഡുൽക്കർ ഒപ്പുവച്ച ജഴ്സി ഉൾപ്പെടെയുള്ള സ്മരണികകൾ കെ.വി. കേളപ്പൻ തമ്പുരാന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ സംഘടിപ്പിച്ച ‘മെമ്മറീസ്’ പ്രദർശനത്തിലുണ്ടായിരുന്നുവെന്നതിന് വാർത്തകളും ചിത്രങ്ങളും തെളിവായുണ്ട്. 

2018 മേയ് 18,19 തീയതികളിലായിരുന്നു പ്രദർശനം. 

സ്മരണികകളിൽ ചിലത് കണ്ടെത്തി: ജയേഷ്

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ സച്ചിൻ തെൻഡുൽക്കർ പവിലിയനിൽനിന്നു കാണാതായവ സ്മരണികകളിൽ ചിലത് സമീപത്തെ ചില മുറികളിൽ കണ്ടെത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മുൻ സെക്രട്ടറിയും ബിസിസിഐ ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോർജ്. 2 ദിവസം മുൻപാണ് ഇവ കണ്ടെത്തിയത്. തെൻഡുൽക്കറുടെ ഫോട്ടോകളാണു കണ്ടെത്തിയത്. ‘‘സ്മരണികകൾ ബ്ലാസ്റ്റേഴ്സ് കളഞ്ഞുവെന്ന്  പറഞ്ഞിട്ടില്ല. സച്ചിന്റെ ചിത്രങ്ങൾക്കു  മീതെ ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡിങ്ങുള്ള വോൾപേപ്പർ പതിച്ചു എന്നാണു പരാതി. പവിലിയനിലേക്കു ഞങ്ങൾക്കു ജിസിഡിഎ പ്രവേശനം നിഷേധിച്ചതിനാൽ  സച്ചിൻ സ്മരണികകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല.’’ ജയേഷ്  പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com