കാറപകടവുമില്ല, ഞാൻ മരിച്ചിട്ടുമില്ല: വ്യാജ വാർത്തയ്ക്കെതിരെ പാക്ക് താരം
Mail This Article
കറാച്ചി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഇർഫാൻ കാർ അപകടത്തിൽ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾക്കിടെ, തനിക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തന്റെ മരണവാർത്ത വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഒന്നും സംഭവിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും വ്യക്തമാക്കി മുഹമ്മദ് ഇർഫാൻ നേരിട്ട് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് താൻ മരിച്ചെന്ന റിപ്പോർട്ടുകളെ ഇർഫാൻ തള്ളിയത്.
‘ഞാൻ കാർ അപകടത്തിൽ മരിച്ചതായി ഒരു വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത് എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വല്ലാതെ വേദനിപ്പിക്കുന്നു. മാത്രമല്ല, എനിക്ക് അതിനുശേഷം ഫോൺവിളികളുടെ ബഹളമാണ്. ദയവു ചെയ്ത് ഇത്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്നത് അവസാനിപ്പിക്കൂ. അത്തരത്തിൽ ഒരു അപകടവും സംഭവിച്ചിട്ടില്ല. എല്ലാവരും സുഖമായിരിക്കുന്നു’ – മുഹമ്മദ് ഇർഫാൻ ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാനു വേണ്ടി നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് മുപ്പത്തെട്ടുകാരനായ മുഹമ്മദ് ഇർഫാൻ. കഴിഞ്ഞ വർഷം നവംബറിൽ കാൻബറയിൽ ഓസ്ട്രേലിയയ്‌ക്കെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം. ട്വന്റി20 ലോകകപ്പ് മുൻനിർത്തി ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഇർഫാൻ.
English Summary: Mohammad Irfan quashes rumours of his death in a car accident; requests people not to spread rumours