ADVERTISEMENT

മുംബൈ∙ ഐപിഎൽ ഒത്തുകളി വിവാദത്തിൽ അകപ്പെട്ട മലയാളി താരം എസ്. ശ്രീശാന്തിന് കളിക്കളത്തിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കിയതുപോലെ തനിക്കും ഒരിക്കൽക്കൂടി അവസരം നൽകണമെന്ന ആവശ്യവുമായി വാതുവയ്പു കേസിൽ കൂട്ടുപ്രതിയായിരുന്ന മുൻ രാജസ്ഥാൻ റോയൽസ് താരം അങ്കീത് ചവാൻ. ആജീവനാന്ത വിലക്ക് പുനഃപരിശോധിച്ച് തിരിച്ചുവരവിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനും (ബിസിസിഐ) മാതൃ ക്രിക്കറ്റ് അസോസിയേഷനായ മുംബൈ ക്രിക്കറ്റ് അസോസിയേഷനും (എംസിഎ) കത്തയച്ചതായി അങ്കീത് ചവാൻ വെളിപ്പെടുത്തി. 2012ലെ ഐപിഎൽ വാതുവയ്പ്പു കേസിൽ ശ്രീശാന്തിനൊപ്പം ബിസിസിഐ വിലക്കേർപ്പെടുത്തിയ താരമാണ് ചവാൻ. അജിത് ചണ്ഡിലയാണ് മൂന്നാമൻ.

ബിസിസിഐ മുൻപ് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഏഴു വർഷമാക്കി കുറച്ചതോടെ ഈ വർഷം സെപ്റ്റംബറിൽ സജീവ ക്രിക്കറ്റിലേക്കു മടങ്ങാനൊരുങ്ങുകയാണ് ശ്രീശാന്ത്. ഇതിനിടെയാണ് സമാന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട തനിക്കും തിരിച്ചുവരവിന് അവസരം നൽകണമെന്ന ആവശ്യവുമായി ചവാന്റെ രംഗപ്രവേശം. കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശ്രീശാന്ത് ഉൾപ്പെടെ മൂവർക്കും ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 2015ൽ ഡൽഹിയിലെ വിചാരണക്കോടതി ഇവർക്കെതിരായ കേസ് തള്ളി.

ആജീവനാന്ത വിലക്കു കുറയ്ക്കാൻ ബിസിസിഐ തയാറാകാതിരുന്നതോടെ സുപ്രീംകോടതിയെ സമീപിച്ച ശ്രീശാന്ത് അനുകൂല വിധി സമ്പാദിച്ചിരുന്നു. ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീംകോടതി, ശിക്ഷാ കാലയളവ് പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ബിസിസിഐ ഓംബുഡ്സ്മാൻ ശ്രീശാന്തിന്റെ വിലക്ക് ഏഴു വർഷമാക്കി ഇളവു ചെയ്തതോടെയാണ് താരത്തിന് തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.

ഈ സാഹചര്യത്തിലാണ് ശ്രീശാന്തിനൊപ്പം ഡൽഹി വിചാരണ കോടതി വെറുതെവിട്ട തനിക്കും തിരിച്ചുവരവിന് അവസരം നൽകണമെന്ന ചവാന്റെ ആവശ്യം. നിലവിൽ 34 വയസ്സുള്ള ചവാൻ ആജീവനാന്ത വിലക്ക് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ആദ്യം ബിസിസിഐയെ ആണ് സമീപിച്ചത്. എന്നാൽ, മാതൃ ക്രിക്കറ്റ് അസോസിയേഷനിലൂടെ സമീപിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചത്. ‘തിരിച്ചുവരവിന് അവസരം തേടി ഞാൻ ബിസിസിഐയ്ക്കും എംസിഎയ്ക്കും കത്തയച്ചിട്ടുണ്ട്. ശ്രീശാന്തിനേപ്പോലെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ എനിക്കും അവസരം നൽകണമെന്നാണ് കത്തിലെ ആവശ്യം’ – ചവാൻ മുംബൈ മിററിനോടു പറഞ്ഞു.

‘2015ൽ ഡൽഹിയിലെ കോടതി എനിക്കും ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നിട്ടും വിലക്ക് ഇപ്പോഴും തുടരുകയാണ്. സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന് എനിക്കും മോഹമുണ്ട്. അതുകൊണ്ടാണ് അസോസിയേഷന് കത്തയച്ചത്. ക്രിക്കറ്റില്ലെങ്കിൽ ജീവിതം അപൂർണമാണ് എന്ന തോന്നലുണ്ട്. അതു മാറ്റണം. എന്താണ് സംഭവിക്കുന്നതെന്ന് നോക്കട്ടെ’ – ചവാൻ പറഞ്ഞു.

English Summary: Chavan writes to MCA to allow him to play like Sreesanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com