ADVERTISEMENT

കൊച്ചി∙ ഐപിഎൽ ഒത്തുകളിക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിൽ നേരിട്ട കടുത്ത പീഡനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ഐപിഎൽ മത്സരത്തിനുശേഷമുള്ള പാർട്ടിയുടെ ആഹ്ലാദത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാർ, ഭീകരർക്കായുള്ള പ്രത്യേക വാർഡിലാണ് തന്നെ പാർപ്പിച്ചതെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. തുടർച്ചയായി 12 ദിവസങ്ങളോളം 16 മുതൽ 17 മണിക്കൂർ വരെ നീളുന്ന കൊടിയ പീഡനമാണ് താൻ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ആദർശ് രാമനുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ജയിലിലെ പീഡനങ്ങളെക്കുറിച്ച് ശ്രീയുടെ വെളിപ്പെടുത്തൽ.

‘എന്റെ ജീവിതത്തിൽ സംഭവിച്ചതുതന്നെ നോക്കൂ. മത്സരശേഷമുള്ള പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഞാൻ സെക്കൻഡുകൾക്കുള്ളിലാണ് ഭീകരര്‍ക്കായുള്ള പ്രത്യേക വാർഡിലേക്ക് നീക്കപ്പെട്ടത്. അതിനുശേഷം തുടർച്ചയായി 12 ദിവസം കടുത്ത പീഡനങ്ങളുടേതായിരുന്നു. ദിവസേന 16–17 മണിക്കൂറായിരുന്നു പീഡനം. ആ സമയത്തെല്ലാം എന്റെ മനസ്സിൽ വീടും വീട്ടുകാരും മാത്രമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം മൂത്ത സഹോദരൻ സന്ദർശിക്കാൻ വന്നപ്പോഴാണ് വീട്ടുകാർ സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞത്. വീട്ടുകാരുടെ പിന്തുണയും പ്രാർഥനയുമാണ് ഈ പ്രതിസന്ധി ഘട്ടം മറികടക്കാൻ എന്നെ സഹായിച്ചത്’ – ശ്രീശാന്ത് പറഞ്ഞു.

‘ഒരു കാര്യം ഉറപ്പിച്ചു പറയാം. ജീവിതത്തിൽ നാം ഓരോരുത്തരും പോരാട്ടത്തിലാണ്. ഓരോ പോരാട്ടവും പ്രധാനവുമാണ്. ഒരു മത്സരത്തിൽ സെഞ്ചുറി നേടുന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ പോലും തൊട്ടടുത്ത മത്സരത്തിൽ പൂജ്യത്തിൽനിന്നാണ് ബാറ്റിങ് തുടങ്ങുന്നത്’ – ശ്രീശാന്ത് ചൂണ്ടിക്കാട്ടി.

ഏതു തീരുമാനമെടുക്കും മുൻപും 10 സെക്കൻഡ് ഇരുത്തി ചിന്തിക്കുക. ഇതും കടന്നുപോകും എന്ന് മനസ്സിലുറപ്പിക്കുക. നിങ്ങൾക്ക് വേണ്ടതെന്താണെങ്കിലും അതു നേടുക. ചുറ്റുമുള്ളവർ എന്തു പറയുമെന്ന് ഗൗനിക്കുകപോലും അരുത്’ – ശ്രീശാന്ത് പറഞ്ഞു.

∙ സുശാന്ത് സിങ് രാജ്പുത്

ആ സമയത്ത് (സുശാന്തിന്റെ മരണവാർത്ത പുറത്തുവരുമ്പോൾ) ഞാൻ പരിശീലനത്തിലായിരുന്നു. സുശാന്ത് മരിച്ച വിവരം ഭാര്യ മെസേജ് അയച്ചെങ്കിലും പരിശീലനത്തിനിടെ ഞാൻ അതു കണ്ടിരുന്നില്ല. പിന്നീട് കാറിൽ മടങ്ങുമ്പോഴാണ് മെസേജ് നോക്കുന്നത്. ഭാര്യയുടെ ശബ്ദ സന്ദേശം കേട്ട് ആദ്യം അതൊരു തമാശയാണെന്നാണ് കരുതിയത്.’

‘പിന്നീട് പല ഇടത്തുനിന്നും ഇതേ സന്ദേശം വന്നതോടെ സംഭവം സത്യമാണെന്ന് മനസ്സിലായി. ഈ സമയം തന്നെ സുശാന്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കറങ്ങിനടക്കുന്നതും കണ്ടു. ഞാൻ ജയിലിലേക്കു പോകുന്നതിന്റെയോ ജയിലില്‍നിന്ന് ഇറങ്ങുന്നതിന്റെയോ ചിത്രം അന്ന് ആരും പകർത്താതിരുന്നത് ഭാഗ്യമായെന്ന് ഇപ്പോൾ തോന്നുന്നു. എന്റെ മക്കൾ ഭാവിയിൽ അത്തരം ചിത്രങ്ങൾ കാണില്ലല്ലോ. സുശാന്തിന്റെ വിയോഗം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു’ – ശ്രീശാന്ത് പറഞ്ഞു.

English Summary: Was Taken to The Terrorist Ward, For 12 Days It Felt Like Torture' - S Sreesanth Reveals Details of Spot-fixing Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com