ADVERTISEMENT

കൊളംബോ∙ 2011ലെ ഏകദിന ലോകകപ്പ് ഫൈനൽ ഒത്തുകളിച്ച് ശ്രീലങ്ക ഇന്ത്യയ്‌ക്ക് തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടത്തിവന്ന അന്വേഷണം ശ്രീലങ്കൻ കായിക മന്ത്രാലയം അവസാനിപ്പിച്ചു. മുൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗമഗെ ഉയർത്തിയ ആരോപണങ്ങൾക്ക് തെളിവു കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം. കുമാർ സംഗക്കാരയും മഹേള ജയവർധനെയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനുള്ള നീക്കം കോവിഡ് വ്യാപനത്തിനിടയിലും ആരാധകർ തെരുവിലിറങ്ങാൻ കാരണമായിരുന്നു. സൂപ്പർതാരങ്ങൾക്കെതിരായ അന്വേഷണത്തിന് രാഷ്ട്രീയനിറം കൂടി കൈവന്നതോടെയാണ് അന്വേഷണം തിരക്കിട്ട് നിർത്തിയത്.

2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയെ നയിച്ച കുമാർ സംഗക്കാരയെ അന്വേഷണ സംഘം വ്യാഴാഴ്ച 10 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. അന്ന് ചീഫ് സിലക്ടറായിരുന്ന മുൻ താരം കൂടിയായ അരവിന്ദ ഡിസിൽവയെ ആറു മണിക്കൂറിലധികവും ചോദ്യം ചെയ്തു. ഫൈനലിൽ കളിച്ച ടീമിന്റെ ഓപ്പണറായിരുന്ന ഉപുൽ തരംഗയാണ് ചോദ്യം ചെയ്യലിന് വിധേയനായ മറ്റൊരാൾ. ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടിയ മഹേള ജയവർധനെയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയിരുന്നു. വെള്ളിയാഴ്ച ജയവർധനെ ഓഫിസിൽ ഹാജരാകും മുൻപാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനമെത്തിയത്.

‘മൂന്നു പേരിൽനിന്ന് മൊഴിയെടുത്തപ്പോൾത്തന്നെ അലുതഗമെ ഉയർത്തിയ ആരോപണം നിലനിൽക്കില്ലെന്ന് ഞങ്ങൾക്ക് ബോധ്യമായി. അദ്ദേഹത്തിന്റെ ആരോപണത്തിലെ 14 ഘടകങ്ങൾക്കും തെളിവു ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം നിർത്തുന്നത്. ഈ സംഭവത്തിൽ ഐസിസിക്ക് പരാതി നൽകിയിരുന്നെങ്കിലും അവരും അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് കൈക്കൊണ്ടത്’ – സീനിയർ പൊലീസ് സൂപ്രണ്ട് ജഗത് ഫൊൻസേക വ്യക്തമാക്കി.

വ്യാഴാഴ്ച സംഗക്കാരയെ ചോദ്യം ചെയ്യുന്നത് അ‍ഞ്ചു മണിക്കൂർ പിന്നിട്ടതോടെ കായിക മന്ത്രാലയത്തിന്റെ ഓഫിസിനു പുറത്ത് ആരാധകർ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. ശ്രീലങ്കയിലെ രാഷ്ട്രീയ കക്ഷിയായ സമഗി ജന ബലവേഗയയുടെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തെളിവുകളില്ലാത്ത വാതുവയ്പ്പ് ആരോപണത്തിന്റെ പേരിൽ സംഗക്കാര ഉൾപ്പെടെയുള്ള താരങ്ങളെ ചോദ്യം ചെയ്യലിനു വിളിപ്പിച്ച് അപമാനിക്കുന്ന നടപടിക്കെതിരെയാണ് ആരാധകർ പ്രതിഷേധിച്ചത്. സമഗി ജന ബലവേഗയയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ സജിത് പ്രേമദാസയും താരങ്ങളെ അപമാനിക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അന്വേഷണം രാഷ്ട്രീയ പോരിന് വഴിതുറന്നതും തിരിച്ചടിച്ചു.

2011ൽ ശ്രീലങ്കൻ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെ ഉയർത്തിയ ആരോപണമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അനായാസം ജയിക്കേണ്ട ഫൈനൽ മത്സരം ‘ശ്രീലങ്ക ഇന്ത്യയ്ക്ക് ‘വിറ്റു’ എന്ന് ആരോപണമുന്നയിച്ച അലുത്‌ഗമഗെ, കഴിഞ്ഞ ദിവസം പൊലീസിനു നൽകിയ മൊഴിയിൽ മയപ്പെട്ട നിലപാടാണു സ്വീകരിച്ചത്. ഒത്തുകളിയെന്നതു തന്റെ സംശയമാണെന്നും അതു തെളിയിക്കേണ്ടതു പൊലീസിന്റെ കടമയാണെന്നും അദ്ദേഹം തിരുത്തി.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ കാണാൻ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്കൊപ്പം അലുത്ഗമഗെയും എത്തിയിരുന്നു. മത്സരത്തിൽ 275 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും (97) ക്യാപ്റ്റൻ എം.എസ്.ധോണിയുടെയും (91*) മികവിലാണു വിജയം നേടിയത്.

English Summary: Investigation into Sri Lanka's 2011 World Cup final defeat dropped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com