കനിത്കറിനെ ഓർമയില്ലേ, ആ ഫോറും; ആവേശപ്പോരിന്റെ ഓർമക്കുറിപ്പ്!
Mail This Article
ധാക്ക ∙ ഇന്ത്യയ്ക്ക് ജയിക്കാൻ രണ്ടു പന്തിൽ മൂന്നു റൺസ്. രണ്ടു പന്ത് അകലത്തിൽ കാത്തിരിക്കുന്നത് ലോക റെക്കോർഡ്. ക്രീസിൽ താരതമ്യേന പുതുമുഖമായ ഋഷികേശ് കനിത്കർ. പന്തെറിയുന്നതാവട്ടെ പാക്കിസ്ഥാന്റെ ലോകോത്തര സ്പിന്നർ സഖ്‌ലെയ്ൻ മുഷ്താഖും. ക്രിക്കറ്റ് പ്രേമികളെ ഒന്നാകെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾക്കൊടുവിൽ കനിത്കറുടെ ആ ഷോട്ട് പാഞ്ഞത് ചരിത്രത്താളുകളിലേക്കാണ്. ഒരു പന്തു മാത്രം ശേഷിക്കെ മൂന്നു വിക്കറ്റ് വിജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത് ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺചേസിന്റെ ലോക റെക്കോഡ്. കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച ഋഷികേശ് കനിത്കർ എന്ന പേര് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തപ്പെട്ട മത്സരവുമായി അത്.
ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന സിൽവർ ജൂബിലി ഇൻഡിപെൻഡൻസ് കപ്പ് ടൂർണമെന്റിന്റെ മൂന്നാം ഫൈനലായിരുന്നു വേദി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ മൂന്നു ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ടു വിജയവുമായി ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി. ബംഗ്ലാദേശിനെ തോൽപിച്ച് രണ്ടാം സ്ഥാനത്തോടെ പാക്കിസ്ഥാനും ഫൈനൽ ഉറപ്പിച്ചു. മൂന്നു ഫൈനലുകൾ. ആദ്യത്തേതിൽ 18 റൺസിന് ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം ഫൈനലിൽ പാക്കിസ്ഥാന് ആറു വിക്കറ്റ് ജയം. ഇതോടെ മൂന്നാം ഫൈനലിന് ഇന്ത്യ – പാക്ക് പോരാട്ടത്തിന്റെ പതിവു വീറും വാശിക്കും അപ്പുറത്തായി കാര്യങ്ങൾ.
പകലും രാത്രിയുമായി നടന്ന മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഓപ്പണർ സയീദ് അൻവറിന്റെയും (132 പന്തിൽ 140 റൺസ്) ഇജാസ് അഹമ്മദിന്റെയും (112 പന്തിൽ 117) സെഞ്ചുറി പ്രകടനങ്ങളുടെ പിൻബലത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് നേടി. മോശം വെളിച്ചത്തെ തുടർന്ന് മത്സരം തടസ്സപ്പെട്ടതോടെ കളി 48 ഓവറാക്കി ചുരുക്കിയിരുന്നു. 10 ഓവറിൽ 74 റൺസ് വഴങ്ങി ഹർവീന്ദർ സിങ് മൂന്നു വിക്കറ്റ് വീഴ്ത്തി. ജവഗൽ ശ്രീനാഥ്, സച്ചിൻ തെൻഡുൽക്കർ എന്നിവർ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കു സൗരവ് ഗാംഗുലിയും (138 പന്തിൽ 124 റൺസ്) സച്ചിനും (26 പന്തിൽ 41) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സച്ചിൻ പുറത്തായതിനു പിന്നാലെയെത്തിയ റോബിൻ സിങ് 83 പന്തിൽ 82 റൺസ് നേടി സ്കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. എന്നാൽ ടീം സ്കോർ 250ൽ നിൽക്കെ റോബിൻ സിങ്ങും പുറത്തായി. പിന്നാലെ തുടരെത്തുടരെ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4),സൗരവ് ഗാംഗുലി (124), അജയ് ജഡേജ (8), നവജ്യോത് സിങ് സിദ്ദു (5) എന്നിവർ കൂടി പുറത്തായതോടെ ഇന്ത്യ പരാജയം മണത്തുതുടങ്ങി. അവശേഷിച്ച ഏക പ്രതീക്ഷയായിരുന്ന നയൻ മോംഗിയ (9) റണ്ണൗട്ടാകുകകൂടി ചെയ്തതോടെ ഇന്ത്യ പതറി.
വെറും 56 റൺസിനിടെ ആറു വിക്കറ്റുകൾ വീണതോടെ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എന്ന നിലയിലേക്ക് പതിച്ചു. പരാജയം തുറിച്ചുനോക്കുന്ന അവസ്ഥ. അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടത് ഒൻപതു റൺസ്. ക്രീസിൽ പുതുമുഖമായ ഋഷികേശ് കനിത്കറും കൂട്ടായി ജവഗൽ ശ്രീനാഥും. സഖ്‌ലെയ്ൻ മുഷ്താഖ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ കനിത്കർ സിംഗിൾ നേടി. രണ്ടാം പന്തിൽ ശ്രീനാഥിന്റെ വക ഡബിൾ. ശ്രീനാഥ് ഉയർത്തിയടിച്ച മൂന്നാം പന്ത് ചെന്നുപതിച്ചത് മൂന്നു പാക്ക് താരങ്ങളുടെ മധ്യത്തിൽ. വീണ്ടും ഡബിൾ. അടുത്ത പന്തിൽ ശ്രീനാഥ് സിംഗിളെടുത്ത് സ്ട്രൈക്ക് കനിത്കറിനു കൈമാറി.
ഇതോടെ, രണ്ടു പന്തിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കു വേണ്ടത് മൂന്നു റൺസ്. ഓവറിലെ അഞ്ചാം പന്തിൽ കനിത്കർ വീശിയടിച്ച പന്ത് ബൗണ്ടറിയിലേക്കു പാഞ്ഞു. പന്ത് ബൗണ്ടറി കടക്കും മുൻപേ ഇന്ത്യൻ ഡ്രസിങ് റൂമിലും സ്റ്റേഡിയത്തിലും ആഘോഷം ആരംഭിച്ചിരുന്നു. ഒരു പന്ത് ശേഷിക്കെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് ജയം. ഒപ്പം ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺചേസിന്റെ ലോക റെക്കോഡ്. കനിത്കർ 12 പന്തിൽ 11 റൺസ് നേടിയും ശ്രീനാഥ് മൂന്നു പന്തിൽ അഞ്ച് റൺസ് നേടിയും പുറത്താകാതെ നിന്നു. 124 റൺസ് നേടിയ ഗാംഗുലി കളിയിലെ കേമനായി. 1998 ജനവരി 18ലെ ആ രാവ് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇന്നും ഒളിമങ്ങാത്ത ഓർമയാണ്.
English Summary: Hrishikesh Kanitkar and a boundary that pushed the limits