ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ഏകദിന ടീമിൽ മികച്ച റെക്കോർഡുള്ള അജിൻക്യ രഹാനെയെ, ‘ചായയിൽ വീണ ഈച്ചയെ എടുത്തുകളയുന്ന ലാഘവത്തോടെയാണ് ടീമിൽനിന്ന് എടുത്തുകളഞ്ഞതെ’ന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് ചോപ്ര രഹാനെയെ പുറത്താക്കിയതിനെ വിമർശിച്ചത്. ഇന്ത്യൻ ടീമിൽ നാലാം നമ്പറിൽ മികച്ച റെക്കോർഡുള്ള താരമാണ് രഹാനെ. എന്നിട്ടും അദ്ദേഹത്തെ ടീമിൽനിന്ന് പുറത്താക്കിയെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ തോറ്റതിന്റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടത് നാലാം നമ്പറിൽ പരിചയസമ്പന്നനായ താരത്തിന്റെ അഭാവമായിരുന്നു.

‘നാലാം നമ്പറിൽ ബാറ്റു ചെയ്യുമ്പോൾ മികച്ച റെക്കോർഡുള്ള താരമാണ് രഹാനെ. ആ സ്ഥാനത്ത് 94നു മുകളിൽ സ്ട്രൈക്ക് റേറ്റുമായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടും അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകാത്തത് എന്തുകൊണ്ടാണ്? ചായയിൽ വീണ ഈച്ചയെ എടുത്തുകളയുന്നതുപോലെ വളരെ പെട്ടെന്നാണ് ഒരുനാൾ രഹാനെ ടീമിനു പുറത്തായത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? വളരെ കഠിനമായാണ് അദ്ദേഹത്തോട് സിലക്ടർമാർ പെരുമാറിയതെന്ന് എനിക്ക് തോന്നുന്നു’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘ജയിച്ചാലും ഇല്ലെങ്കിലും എല്ലാ കളിയിലും ശരാശരി 350 റൺസ് നേടാൻ ശ്രമിക്കുന്ന ഇംഗ്ലണ്ടിനെപ്പോലെ ഒരു ടീമല്ല നമ്മുടേത്. പരമ്പരാഗത രീതിയിൽ ഇന്നിങ്സ് കെട്ടിപ്പടുക്കുന്ന ശൈലിയാണ് നമുക്കുള്ളത്. അത്തരത്തിൽ 325 റൺസൊക്കെ നേടുന്ന തരത്തിലാണ് നമ്മുടെ കളി. ആ ശൈലിക്ക് യോജിച്ച താരമാണ് രഹാനെ. ടീമിൽ എല്ലാംകൊണ്ടും ഇടം നേടാൻ പ്രാപ്തൻ. അതുകൊണ്ടുതന്നെ, രഹാനെയോടു ടീം ചെയ്തത് അത്ര ശരിയായില്ലെന്ന അഭിപ്രായമാണ് എനിക്ക്. കാരണം, മികച്ച പ്രകടനങ്ങളുമായി കരുത്തു കാട്ടുന്നതിനിടെയാണ് രഹാനെ ടീമിനു പുറത്തായത്. കഴിവു തെളിയിച്ച ഒരാൾക്ക് അവസരം നൽകാതെ പുറത്തിരുത്തുന്ന നമ്മുടെ രീതി ശരിയല്ല’ – ചോപ്ര ചൂണ്ടിക്കാട്ടി.

‘അവസാനമായി ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അവസരം ലഭിച്ചപ്പോഴും നാലാം നമ്പർ സ്ഥാനത്ത് രഹാനെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അത് 2018ലായിരുന്നുവെന്നാണ് എന്റെ ഓർമ. ഇനിയും രഹാനെയ്ക്ക് ഏകദിന ടീമിൽ അവസരം നൽകണം’ – ചോപ്ര പറഞ്ഞു.

ഇന്ത്യയ്ക്കായി ഇതുവരെ 90 ഏകദിനങ്ങൾ കളിച്ചിട്ടുള്ള രഹാനെ, 35.26 ശരാശരിയിൽ 2962 റൺസ് നേടിയിട്ടുണ്ട്. ആകെ കളിച്ച മത്സരങ്ങളിൽ 87 മത്സരങ്ങളിലാണ് രഹാനെയ്ക്ക് ബാറ്റിങ്ങിന് അവസരം ലഭിച്ചത്. അതിൽ നാലു സെഞ്ചുറിയും 24 അർധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2018ലാണ് ഒടുവിൽ ഇന്ത്യൻ ഏകദിന ടീമിൽ കളിച്ചത്.

English Summary: It Was a Bit Unfair on Him: Aakash Chopra on Indian Batsman's Ouster from ODI Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com