പ്രശ്നമാക്കി സസ്പെൻഷൻ മേടിച്ചുതരരുത്; അന്ന് ഗാംഗുലി ലങ്കൻ ഡ്രസിങ് റൂമിൽ!
Mail This Article
കൊളംബോ∙ 2002ൽ ചാംപ്യൻസ് ട്രോഫി ഫൈനലിനിടെ റസ്സൽ ആർണോൾഡുമായി ‘ഉരസിയ’ ശേഷം പ്രശ്നമുണ്ടാക്കരുതെന്ന് അഭ്യർഥിച്ച് അന്നത്തെ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ശ്രീലങ്കൻ ഡ്രസിങ് റൂമിലെത്തിയ സംഭവം വിവരിച്ച് മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര. അന്ന് മത്സരത്തിനിടെ റസ്സൽ ആർണോൾഡ് തുടർച്ചയായി പിച്ചിലെ ‘അപകട മേഖല’യിൽ കയറിയതാണ് പ്രശ്നം സൃഷ്ടിച്ചത്. ഇതിനെതിരെ പ്രതികരണവുമായി ഗാംഗുലി രംഗത്തെത്തിയതോടെ രംഗം വഷളായി. അംപയർ ഇടപെടുന്നതിനു മുൻപ് അന്ന് ഇരുവരും തമ്മിൽ വാക്പോരുമുണ്ടായി.
അന്ന് ഇന്ത്യ–ശ്രീലങ്ക കലാശപ്പോര് മഴമൂലം തടസ്സപ്പെടുകയായിരുന്നു. റിസർവ് ദിനത്തിലും മഴ കനിയാതെ പോയതോടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇരു ടീമുകളെയും സംയുക്ത ചാംപ്യൻമാരായി പ്രഖ്യാപിക്കുകയായിരുന്നു. ക്യാപ്റ്റനായിരുന്ന കാലത്ത് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലും മറ്റും പലകുറി ശിക്ഷ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് ഗാംഗുലി. റസ്സൽ ആർണോൾഡുമായി പ്രശ്നമുണ്ടായ ദിവസം ഗാംഗുലി ശ്രീലങ്കൻ ഡ്രസിങ് റൂമിലെത്തി പ്രശ്നമുണ്ടാക്കരുതെന്ന് അഭ്യർഥിച്ചതായാണ് അന്ന് ലങ്കൻ വിക്കറ്റ് കീപ്പറായിരുന്ന സംഗക്കാരയുടെ വെളിപ്പെടുത്തൽ.
‘അന്ന് ഏകദിന മത്സരത്തിനിടെ റസ്സൽ ആർണോൾഡും ദാദയും (ഗാംഗുലി) കോർത്ത സംഭവം എനിക്ക് ഓർമയുണ്ട്. അന്ന് മോശം പെരുമാറ്റത്തിന് അപംയർമാർ അദ്ദേഹത്തിന് അവസാന മുന്നറിയിപ്പും നൽകിയിരുന്നുവെന്നാണ് എന്റെ ഓർമ’ – സ്റ്റാർ സ്പോർട്സിന്റെ ‘ക്രിക്കറ്റ് കണക്ടഡ്’ എന്ന ചാറ്റ് ഷോയിൽ സംഗക്കാര വെളിപ്പെടുത്തി.
‘അന്ന് എല്ലാറ്റിനുമൊടുവിൽ ദാദ ഞങ്ങളുടെ ഡ്രസിങ് റൂമിൽ വന്ന് എല്ലാവരുമായി സംസാരിച്ചു. ഈ സംഭവം ഇതേപടി തുടർന്നാൽ തനിക്ക് സസ്പെൻഷൻ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പേടിക്കേണ്ട, ശ്രീലങ്കൻ ടീം ഇതത്ര വലിയ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ് ഞങ്ങൾ ആശ്വസിപ്പിച്ചു’ – സംഗക്കാര പറഞ്ഞു.
സൗരവ് ഗാംഗുലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും സംഗക്കാര മനസ്സു തുറന്നു: ‘വർഷങ്ങളായുള്ള പരിചയം മൂലം എനിക്ക് ദാദയുമായി അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തെ ദാദ എന്ന് വിളിക്കുന്നതുതന്നെ എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. കളിയുടെ കാര്യത്തിലായാലും ക്യാപ്റ്റൻസിയുടെ കാര്യത്തിലായാലും അത് അങ്ങനെ തന്നെ. ദാദയെ അടുത്തറിയാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരാളാണ് ഞാൻ’ – സംഗക്കാര പറഞ്ഞു.
‘പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. തന്റെ കഴിവിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കളത്തിൽ എത്ര മത്സരബുദ്ധിയോടെ പെരുമാറിയാലും കളത്തിനു പുറത്ത് അദ്ദേഹം ആരെയും ആകർഷിക്കുന്ന വ്യക്തിയായിരുന്നു. പലതവണയായി അദ്ദേഹത്തോട് അടുത്ത് ഇടപഴകാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്’ – സംഗക്കാര പറഞ്ഞു.
English Summary: ‘Ganguly came to our dressing room and asked us not to create an issue:’ Sangakkara recalls incident regarding Dada