ADVERTISEMENT

ജൊഹാനാസ്ബർഗ്∙ വംശീയാധിക്ഷേപ വിഷയത്തിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ച ദേശീയ ടീമംഗം ലുങ്കി എൻഗിഡിയെ ഒരു വിഭാഗം മുൻ താരങ്ങൾ വിമർശിച്ചതിനു പിന്നാലെ, ഇതേ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവനയുമായി 30 ദക്ഷിണാഫ്രിക്കൻ താരങ്ങൾ. രാജ്യത്ത് ക്രിക്കറ്റിൽപ്പോലും വംശീയത നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങളുടെ രംഗപ്രവേശം. മഖായ എൻടിനി, ഹെർഷേൽ ഗിബ്സ്, വെർനോൺ ഫിലാൻഡർ തുടങ്ങിയവരാണ് പരസ്യ പ്രസ്താവനയിലൂടെ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചത്.

ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിൽ വിമർശിക്കപ്പെട്ട ലുങ്കി എൻഗിഡിയോടും ഇവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കറുത്ത വർഗക്കാർക്കെതിരായ വംശീയാധിക്ഷേപത്തെ വിമർശിച്ച എൻഗിഡിയെ, ദക്ഷിണാഫ്രിക്കയുടെ മുൻ താരങ്ങളായ പാറ്റ് സിംകോക്സ്, ബോത്ത ഡിപ്പനാർ തുടങ്ങിയവർ കുറ്റപ്പെടുത്തിയിരുന്നു. വെളുത്ത വംശജർക്കെതിരെയും അതിക്രമം നടക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഇ്.

ആഷ്‌വെൽ പ്രിൻസ്, ജെ.പി. ഡുമിനി, പോൾ ആഡംസ് തുടങ്ങിയ താരങ്ങളും സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.

‘ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ച ലുങ്കി എൻഗിഡി അഭിനന്ദനം അർഹിക്കുന്നു. ഈ ക്യാംപയിന് ഞങ്ങളുടെ പിന്തുണയും അറിയിക്കുന്നു. തന്റെ നിലപാട് പരസ്യമാക്കിയതിന് എൻഗിഡിയെ ഉന്നമിട്ട് ഉയർന്ന വിമർശനങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചു. മുൻ താരങ്ങളോടും ഇപ്പോഴുള്ള താരങ്ങളോടും ചേർന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ബ്ലാക്ക് ലൈവ് മാറ്റർ ക്യാംപയിന് പിന്തുണ നൽകുമെന്നാണ് ഞങ്ങളുടെ ഉറച്ച പ്രതീക്ഷ’ – ‘സ്പോർട്24’ൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു.

‘എൻഗിഡിക്കെതിരായ ഏറ്റവും രൂക്ഷമായ വിമർശനം മുൻ താരങ്ങൾ കൂടിയായ പാറ്റ് സിംകോക്സ്, ബോത്ത ഡിപ്പനാർ, റൂഡി സ്റ്റെയ്ൻ, ബ്രയാൻ മക്മില്ലൻ തുടങ്ങിയവരാണ് ഉയർത്തിയതെന്നും കണ്ടു. അവരുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഞങ്ങൾ കരുതുന്നു’ – പ്രസ്താവനയിൽ പറയുന്നു. ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാംപയിനെ പിന്തുണച്ചതിന്റെ പേരിൽ എൻഗിഡിക്കെതിരെ ഇവർ വിമർശനം ഉയർത്തിയത് അതിശയിപ്പിച്ചുവെന്നും പ്രസ്താവനയിലുണ്ട്.

English Summary: 30 former South Africa cricketers issue statement supporting BLM movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com