ADVERTISEMENT

ജൊഹാനസ്ബെർഗ്∙ ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് നേരിടേണ്ടി വന്നിട്ടുള്ള വംശീയ വിവേചനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞു ദക്ഷിണാഫ്രിക്കൻ മുൻ താരം മഖായ എൻടിനി. ടീമിലുണ്ടായിരുന്ന സമയത്തു സഹതാരങ്ങൾ തന്നെ ഒറ്റപ്പെടുത്തിയിരുന്നതായി എൻടിനി പറഞ്ഞു. എല്ലായ്പ്പോഴും ഞാൻ ഒറ്റയ്ക്കായിരുന്നു. ഡിന്നർ കഴിക്കാൻ പോകുന്നതിനായി ആരും എന്റെ വാതിലിൽ മുട്ടിയിട്ടില്ല. ടീം അംഗങ്ങൾ എന്റെ മുന്നില്‍ വച്ചാണ് അതിനായുള്ള പ്ലാനുകൾ ഉണ്ടാക്കുക, എന്നാൽ എന്നെ ഒഴിവാക്കും. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ പോയാലും ആരും എന്റെ കൂടെ ഇരിക്കാന്‍ തയാറാകില്ല– ദക്ഷിണാഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷന് നൽകിയ അഭിമുഖത്തിൽ എൻടിനി പറഞ്ഞു.

ഞങ്ങൾ ടീമിലെ സഹതാരങ്ങൾ ഒരേ യൂണിഫോമാണു ധരിച്ചിരുന്നത്. ഒരേ ദേശീയ ഗാനം ആലപിക്കുന്നു. എന്നാൽ എനിക്ക് ഒറ്റപ്പെടലിനെയും മറികടക്കേണ്ടിവന്നു. ടീം ബസില്‍ സഞ്ചരിക്കുന്നതിനു പകരം സ്റ്റേഡിയത്തിലേക്ക് ഓടിപ്പോയിട്ടുണ്ട്. ബസ് ഡ്രൈവറെ കണ്ട് എന്റെ ബാഗ് ഏ‌ൽപിക്കും. പിന്നീട് ഗ്രൗണ്ടിലേക്ക് ഓടും. മത്സരം കഴിഞ്ഞു തിരിച്ചെത്തുമ്പോഴും അങ്ങനെ തന്നെ ചെയ്യും. ഞാൻ എന്തിനാണ് അതു ചെയ്യുന്നതെന്ന് ആൾക്കാർക്കു മനസ്സിലായിരുന്നില്ല. എന്താണു ഞാൻ ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന് അവരോടു പറഞ്ഞിരുന്നില്ല. ഒറ്റപ്പെടലിൽനിന്ന് ഓടിയകലുകയായിരുന്നു ഞാൻ. ഞാൻ ബസിന്റെ പിറകിലാണ് ഇരിക്കുന്നതെങ്കിൽ സഹതാരങ്ങള്‍ മുന്നിലിരിക്കും– എൻടിനി വ്യക്തമാക്കി.

വംശീയമായ അവഗണനകൾ നേരിട്ടതിനെ തുടർന്ന് മകൻ താൻഡോ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാംപിൽ പോകുന്നതുതന്നെ നിർത്തിവച്ചതായും എൻടിനി അഭിമുഖത്തിൽ പ്രതികരിച്ചു. വംശീയതയ്ക്കെതിരായ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മൂവ്മെന്റിനു പിന്തുണ അറിയിച്ച് എൻടിനി ഉൾപ്പെടെ 30 മുൻ ക്രിക്കറ്റ് താരങ്ങൾ പ്രസ്താവന ഇറക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റിൽ ഇപ്പോഴും വംശീയത നിലനിൽക്കുന്നതായും താരം പ്രതികരിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണ അറിയിച്ച ദക്ഷിണാഫ്രിക്കൻ ബോളർ ലുങ്കി എൻഗിഡിക്കെതിരെ മുൻ താരങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ മഖായ എൻടിനി ഉൾപ്പെടെയുള്ള താരങ്ങൾ എൻഗിഡിക്കു പിന്തുണയുമായെത്തി.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായിരുന്ന എൻടിനി ടെസ്റ്റിൽ 390, ഏകദിനത്തിൽ 266 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഷോൺ പൊള്ളോക്ക്, ജാക്വസ് കാലിസ്, മാർക്ക് ബൗച്ചർ, ലാൻസ് ക്ലൂസ്നർ തുടങ്ങിയവർക്കൊപ്പം കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ ഫാഫ് ‍ഡുപ്ലെസിയും വംശീയതയ്ക്കെതിരായ പോരാട്ടത്തിന് പിന്തുണ അറിയിച്ചു. സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷൻ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക എന്നിവയും മൂവ്മെന്റിന് പിന്തുണ അറിയിച്ചു പ്രസ്താവന ഇറക്കി.

യുഎസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത പ്രതിഷേധമാണ് പിന്നീട് ബ്ലാക്ക് ലിവ്സ് മാറ്റർ എന്ന ക്യാംപയിനായി സംഘടിത രൂപത്തിലേക്കു മാറിയത്. വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റൻ ഡാരൻ സമിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ലോകത്തും വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധം ഉയർന്നു. ഇതിനിടെയാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ അഭിപ്രായ ഭിന്നതകളും പുറത്തുവന്നത്. ദക്ഷിണാഫ്രിക്കയുടെ മുൻ താരങ്ങളായ റൂഡി സ്റ്റെയ്ൻ, പാറ്റ് സിംകോക്സ്, ബോത്ത ഡിപ്പനാർ തുടങ്ങിയവരാണ് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപെയിന് പിന്തുണ പ്രഖ്യാപിച്ചതിന് എൻഗിഡിയെ വിമർശിച്ചത്. രാജ്യത്ത് വെളുത്ത വർഗക്കാരായ കർഷകർക്കുനേരെ നടന്ന ആക്രമണങ്ങൾ ആരും മറക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു.

English Summary: I was forever lonely: Ntini recalls racism within SA team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com