ADVERTISEMENT

ലണ്ടൻ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ച ബെൻ സ്റ്റോക്സിന്റെ അർപ്പണബോധം വെളിവാക്കുന്ന ഫീൽഡിങ് വിഡിയോ വൈറലാകുന്നു. വിന്‍ഡീസിനെതിരായ മത്സരത്തിനിടെ ബോൾ ചെയ്തശേഷം ബൗണ്ടറി വരെ ഓടി സ്റ്റോക്സ് ഫോർ തടയുന്നതിന്റെ വിഡിയോയാണിത്. കളിയോടുള്ള അർപ്പണ മനോഭാവവും സ്റ്റോക്സിന്റെ കായികക്ഷമതയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറിയും നേടിയ സ്റ്റോക്സ്, മൂന്നു വിക്കറ്റുകളും വീഴ്ത്തി കളിയിലെ കേമനായിരുന്നു. ഇതിനു പിന്നാലെ വിൻഡീസ് ക്യാപ്റ്റൻ ജെയ്സൻ ഹോൾഡറിനെ പിന്തള്ളി ഐസിസി റാങ്കിങ്ങിൽ ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാമനുമായി. ഇതിനിടെയാണ് മത്സരത്തിനിടെ ബോൾ ചെയ്തശേഷം ബൗണ്ടറി രക്ഷപ്പെടുത്താനുള്ള സ്റ്റോക്സിന്റെ ‘മാരത്തൺ’ ഓട്ടം വൈറലാകുന്നത്.

വെസ്റ്റിൻഡീസിന്റെ രണ്ടാം ഇന്നിങ്സിൽ 43–ാം ഓവറിലാണ് സംഭവം. 312 റൺസ് വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് ഒരു ഘട്ടത്തിൽ നാലിന് 37 റൺസ് എന്ന നിലയിൽ തകർന്നതാണ്. എന്നാൽ, അർധസെഞ്ചുറി നേടിയ ഷമർ ബ്രൂക്സും (62), ജെർമൻ ബ്ലാക്ക്‌വുഡും (55) ചേർന്ന് അഞ്ചാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത് ഇംഗ്ലണ്ടിനെ പ്രതിരോധിച്ചു. ഇതിനിടെയാണ് സ്വന്തം ബോളിങ്ങിൽ ബൗണ്ടറി തടയാൻ സ്റ്റോക്സ് കുതിച്ചുപാഞ്ഞത്.

ആദ്യ ടെസ്റ്റ് തോറ്റ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമാകാതിരിക്കാൻ വിജയം അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ മിഡ് ഓഫ് ഉൾപ്പെടെ ഒഴിച്ചിട്ട് വിൻഡീസിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിലാണ് ക്യാപ്റ്റൻ ജോ റൂട്ട് ഫീൽഡ് സെറ്റ് ചെയ്തത്. ഇതിനിടെ സ്റ്റോക്സിന്റെ ഒരു പന്ത് ബ്ലാക്ക്‌വുഡ് മിഡ് ഓഫിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുകയായിരുന്നു. അത്ര വേഗത്തിലല്ലാതെ പന്ത് ബൗണ്ടറിയിലേക്ക് നീങ്ങുന്നതിനിടെ ബോൾ ചെയ്തശേഷം ഓടിയെത്തിയ സ്റ്റോക്സ് നിരങ്ങിയെത്തി ലോങ് ഓഫിൽവച്ച് പന്ത് തടയുകയായിരുന്നു. പിന്നീട് ഇതേ ഓവറിൽ ബ്ലാക്ക്‌വുഡിനെ പുറത്താക്കി സ്റ്റോക്സ് കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു. സ്റ്റോക്സിന്റെ ഫീൽഡിങ് വിഡിയോ കാണാം:

English Summary: Ben Stokes himself saves a boundary at long-off after bowling; lauded for his commitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com