ADVERTISEMENT

മുംബൈ∙ വെസ്റ്റിൻഡീസുകാരൻ സ്റ്റീവ് ബക്‌നർ കഴിഞ്ഞാൽ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അത്ര പ്രിയമില്ലാത്ത അംപയറാണ് ഓസ്ട്രേലിയക്കാരൻ ഡാരിൽ ഹാർപർ. 1999ൽ ബൗൺസറിൽനിന്ന് രക്ഷപ്പെടാൻ കുനിഞ്ഞ സച്ചിന്റെ തോളിൽ പന്തിടിച്ചപ്പോൾ ഓസീസ് താരങ്ങളുടെ അപ്പീൽ ശരിവച്ച് എൽബി വിധിച്ചത് തന്നെ ഹാർപറിന്റെ ഏറ്റവും ‘കുപ്രസിദ്ധ’മായ തീരുമാനം. അന്നത്തെ തന്റെ തീരുമാനത്തിൽ ‘അഭിമാനത്തോടെ ഉറച്ചുനിൽക്കുന്നു’വെന്ന് കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഹാർപർ ആവർത്തിക്കുകയും ചെയ്തു. സച്ചിന്റെ ഔട്ട് മാറ്റിനിർത്തിയാൽപ്പോലും ഇന്ത്യയ്‌ക്കെതിരായ ഒരുകൂട്ടം തീരുമാനങ്ങളുമായി പലപ്പോഴും വില്ലനായി മാറിയ അംപയറാണ് ഹാർപർ. 

ഐസിസി അംപയറെന്ന നിലയിൽ ഹാർപറിന്റെ അവസാന ടെസ്റ്റ് പരമ്പര 2011ലായിരുന്നു. ഇന്ത്യയുടെ വിൻഡീസ് പര്യടനമായിരുന്നു ഇത്. അന്ന് മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയോടെയാണ് ഹാർപർ വിരമിക്കാനിരുന്നത്. എന്നാൽ, പരമ്പരയുടെ തുടക്കം മുതൽ ഇന്ത്യയ്‌ക്കെതിരായ തീരുമാനങ്ങളിലൂടെ ഹാർപർ വിവാദപുരുഷനായി. അന്നത്തെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രസിങ് ധോണി കടുത്ത വിമർശമുയർത്തിയതിനെ തുടർന്ന് ‘വിരമിക്കൽ ടെസ്റ്റി’ൽനിന്ന് ഹാർപറിന് പിൻമാറേണ്ടി വന്നത് ചരിത്രമാണ്. ആ പരമ്പരയിൽ ധോണിയുമായി ഉടക്കിയതിന്റെ വിശദാംശങ്ങളും അഭിമുഖത്തിൽ ഹാർപർ വിശദീകരിച്ചു:

ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന ഒന്നാം ടെസ്റ്റിലാണ് ഹാർപർ വിവാദ തീരുമാനങ്ങളിലൂടെ ഇന്ത്യക്കാരുടെ ശത്രുത കൂട്ടിയത്. ബോളിങ്ങിനുശേഷം പിച്ചിലെ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതിന് അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഇന്ത്യൻ താരം പ്രവീൺ കുമാറിനെ വിലക്കിയതായിരുന്നു ഹാർപറിന്റെ ഏറ്റവും വിവാദപരമായ തീരുമാനം. ആ ഇന്നിങ്സിൽ തുടർന്ന് ബോൾ ചെയ്യുന്നതിൽനിന്നാണ് ഹാർപർ പ്രവീൺകുമാറിനെ വിലക്കിയത്.

‘അദ്ദേഹം ആദ്യ ടെസ്റ്റ് കളിക്കുന്നതിന്റെ ആവേശത്തിലായിരിക്കും അപ്രകാരം ചെയ്തത്. പക്ഷേ എനിക്കത് അത്ര നല്ല കാര്യമായി തോന്നിയില്ല. പലതവണ പ്രവീൺകുമാർ നിരോധിത മേഖലയിലേക്ക് കടന്നു. പ്രവീൺകുമാർ തുടക്കക്കാരനാണെന്നും കുറച്ചുകൂടി പരിഗണന നൽകണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ ധോണി എന്റെ അടുത്തുവന്ന് ആവശ്യപ്പെട്ടത് ഓർമയുണ്ട്. പക്ഷേ, അരങ്ങേറ്റ ടെസ്റ്റിനു മുൻപ് രാജ്യാന്തര തലത്തിൽ 52 ഏകദിനങ്ങൾ കളിച്ചിരുന്ന പ്രവീൺകുമാറിന് ഇതൊന്നും അറിയാത്തതല്ലല്ലോ. അന്ന് പ്രവീണിനെ തുടർന്ന് ബോൾ ചെയ്യുന്നതിൽനിന്ന് ഞാൻ വിലക്കിയതും അതിനോടുള്ള ധോണിയുടെ പ്രതികരണവും എനിക്ക് നല്ല ഓർമയുണ്ട്’ – ഹാർപർ വിശദീകരിച്ചു.

അതേസമയം, നിരോധിത മേഖലയിൽ കടന്നതിന് ഹാർപർ ബോൾ ചെയ്യുന്നതിൽനിന്ന് വിലക്കുന്ന ആദ്യ ഇന്ത്യൻ താരമല്ല പ്രവീൺ കുമാർ. 2000ൽ ഇന്ത്യ സിംബാബ്‌വെയിൽ പര്യടനത്തിനു പോയപ്പോൾ ആശിഷ് നെഹ്റയായിരുന്നു ഹാർപറിന്റെ ‘ഇര’! അന്ന് ധോണി ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നില്ല. അതേസമയം, ആ സംഭവത്തെക്കുറിച്ച് ധോണിക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രതികരണം തെളിയിക്കുന്നു.

‘ഹാർപർ, നിങ്ങളുമായി ഞങ്ങൾക്ക് മുൻപും പ്രശ്നങ്ങളുണ്ടായിരുന്നു’ – എന്നായിരുന്നു ധോണിയുടെ വാക്കുകൾ. ഞാൻ സ്ക്വയർ ലെഗ്ഗിലേക്ക് നടക്കുമ്പോൾ ഉറക്കെ ചിരിച്ചുകൊണ്ടാണ് പോയത്. അത് ഒരുപക്ഷേ, അത്ര മാന്യമായ പ്രതികരണമായി ധോണിക്ക് തോന്നിയിരിക്കില്ല’ – ഹാർപർ വിവരിച്ചു.

‘ടെസ്റ്റ് മത്സരത്തിൽ നിരോധിത മേഖലയിൽ പ്രവേശിച്ചതിന് ബോളിങ്ങിൽനിന്ന് വിലക്കപ്പെടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബോളറാണ് പ്രവീൺ കുമാറെന്ന് ഒരുപക്ഷേ ധോണി അറിഞ്ഞിരിക്കാം. 2000ൽ ബുലവായോയിൽവച്ച് ബോളിങ് വിലക്കപ്പെട്ട ആശിഷ് നെഹ്റയാണ് ആദ്യത്തെ ബോളറെന്നും ധോണി അറിഞ്ഞിരിക്കാം. അപൂർവമായ ആ നടപടി കൈക്കൊണ്ട അംപയർ ആരാണെന്നും ധോണി മനസ്സിലാക്കിയിരിക്കാം’ – ഹാർപർ പറഞ്ഞു.

കിങ്സ്റ്റൺ ടെസ്റ്റിൽ ഇന്ത്യ 63 റൺസിന് ജയിച്ചെങ്കിലും ഹാർപറിന്റെ തീരുമാനങ്ങളോടുള്ള എതിർപ്പ് മത്സരശേഷം ധോണി പരസ്യമാക്കിയിരുന്നു. ‘മത്സരത്തിൽ അംപയർമാരുടെ ഭാഗത്തുനിന്ന് കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ മത്സരം വളരെ മുൻപ് തന്നെ തീർന്ന് ഞാൻ ഇപ്പോൾ ഹോട്ടൽ മുറിയിലിരുന്നേനെ’ – മത്സരശേഷം മാധ്യമങ്ങളെ കാണവെ ധോണി തുറന്നടിച്ചു.

അതേസമയം, അംപയറിന്റെ തീരുമാനങ്ങളെ പരസ്യമായി വിമർശിച്ച ധോണി ശിക്ഷിക്കപ്പെടേണ്ടതായിരുന്നുവെന്നാണ് ഹാർപറിന്റെ പക്ഷം. തന്നെ ഭയപ്പെടുത്താൻ പോലും ധോണി ശ്രമിച്ചതായി ഹാർപർ ആരോപിക്കുകയും ചെയ്തു.

‘അംപയർമാർ കൃത്യമായി തീരുമാനമെടുത്തിരുന്നെങ്കിൽ താരങ്ങളെല്ലാം വളരെ മുൻപുതന്നെ ഹോട്ടൽ മുറിയിൽ വിശ്രമിച്ചേനെയെന്ന് മത്സരം ജയിച്ചശേഷം ഇന്ത്യൻ ക്യാപ്റ്റൻ ധോണി മാധ്യമപ്രവർത്തകരോട് പറഞ്ഞതായി അറിഞ്ഞു. ഇന്ത്യൻ ഫീൽഡർമാർ ക്യാച്ചുകൾ കൃത്യമായി എടുത്തിരുന്നെങ്കിൽ കുറച്ചുകൂടി നേരത്തെ എല്ലാവർക്കും ഹോട്ടലിലേക്കു പോകാമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം’ – ഹാർപർ പറഞ്ഞു.

പരമ്പരയിലെ ശേഷിച്ച രണ്ടു മത്സരങ്ങളിലും ഹാർപറായിരുന്നു ഒരു അംപയറെങ്കിലും വിവാദത്തെ തുടർന്ന് അദ്ദേഹം പിൻമാറി. ഇതോടെ 96 ടെസ്റ്റുകളുമായി കരിയർ അവസാനിപ്പിക്കുകയും ചെയ്തു. ആ പരമ്പരയിൽ ധോണിയുടെ വഴിവിട്ട പെരുമാറ്റത്തിന് ഐസിസി നടപടി സ്വീകരിക്കാത്തതിലുള്ള രോഷവും ഹാർപർ പങ്കുവച്ചു.

‘എന്തായാലും ആ ടെസ്റ്റ് എന്റെ കരിയറിലെ അവസാന ടെസ്റ്റായി മാറിയെന്നതാണ് വാസ്തവം. എന്തായാലും രണ്ടാഴ്ച കൂടിയേ എനിക്ക് കരാർ ബാക്കിയുണ്ടായിരുന്നുള്ളൂ. ഡൊമിനിക്കയിലെ മൂന്നാം ടെസ്റ്റോടെയാണ് ഞാൻ വിരമിക്കേണ്ടിയിരുന്നത്. മത്സരത്തിൽ ചില തെറ്റായ തീരുമാനങ്ങളെടുത്തു എന്നത് ഞാൻ അംഗീകരിക്കുന്നു. അന്ന് ഇത്രമാത്രം സാങ്കേതിക വിദ്യകളൊന്നും ഇല്ലായിരുന്നു. പക്ഷേ അംപയറെന്ന നിലയിൽ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ എനിക്ക് മികച്ച റെക്കോർഡുണ്ടായിരുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ’ – ഹാർപർ ചൂണ്ടിക്കാട്ടി.

Engish Summary: ‘We’ve had trouble with you before’: When Dhoni was left miffed with umpire Daryl Harper’s call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com