ഇംഗ്ലണ്ട് – വിൻഡീസ് 3–ാം ടെസ്റ്റ് ഇന്ന്; ‘ഫൈനൽ’ ജയിച്ചാൽ പരമ്പര സ്വന്തം!
Mail This Article
മാഞ്ചസ്റ്റർ ∙ ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പരയിലെ ജേതാക്കളെ തീരുമാനിക്കാനുള്ള അവസാന ടെസ്റ്റിന് ഇന്നു തുടക്കം. 3 മത്സര പരമ്പര ഇപ്പോൾ 1–1 സമനിലയിലാണ്. ജയിച്ചാൽ വിൻഡീസിനെ കാത്തിരിക്കുന്നത് 22 വർഷത്തിനുശേഷം ഇംഗ്ലണ്ടിൽ ഒരു പരമ്പരയെന്ന ചരിത്രം. ഇനി ഇംഗ്ലണ്ട് ഈ ടെസ്റ്റ് ജയിച്ചാൽ, കഴിഞ്ഞ വർഷം വെസ്റ്റിൻഡീസിൽ നഷ്ടപ്പെട്ട വിസ്ഡൻ ട്രോഫി അവർക്കു തിരിച്ചുപിടിക്കാം. ഈ ടെസ്റ്റ് സമനിലയിലായാൽ, വിൻഡീസിനു ട്രോഫി സൂക്ഷിക്കാം.
ഒന്നാം ടെസ്റ്റിൽ അട്ടിമറി ജയം നേടിയ വിൻഡീസ് 2–ാം ടെസ്റ്റിൽ ബെൻ സ്റ്റോക്സ് എന്ന ഇംഗ്ലിഷ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞു. പരുക്കുമൂലം ഈ ടെസ്റ്റിൽ സ്റ്റോക്സ് ബോൾ ചെയ്യാൻ സാധ്യതയില്ലെന്നു ക്യാപ്റ്റൻ ജോ റൂട്ട് പറഞ്ഞു. മുൻനിര ബാറ്റ്സ്മാൻമാരായ ജോൺ കാംപെൽ, ഷായ് ഹോപ് എന്നിവരുടെ മോശം ഫോം സന്ദർശകർക്കു തലവേദനയാണ്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനു 2–ാം ടെസ്റ്റിൽനിന്നു പുറത്തായ ജോഫ്ര ആർച്ചർക്കു പുറമേ ജയിംസ് ആൻഡേഴ്സൻ, മാർക് വുഡ് എന്നിവരും 14 അംഗ ടീമിലേക്കു മടങ്ങിയെത്തും. പ്ലേയിങ് ഇലവനിലേക്കെത്താൻ സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ്, ആർച്ചർ, ആൻഡേഴ്സൻ, വുഡ് എന്നിവർ തമ്മിലാകും മത്സരം.
English Summary: England - West Indies 3rd Test to Begin from Today