ഇതും ഒരു ഇന്ത്യൻ താരം; ‘ധോണിയാകേണ്ട’ ധാമി റോഡ് പണിക്ക് കല്ല് പൊട്ടിക്കുന്നു!
Mail This Article
ഡെറാഡൂൺ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു ജാർഖണ്ഡുകാരൻ മഹേന്ദ്രസിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ തന്നെയായിരുന്നു ഉത്തരാഖണ്ഡുകാരൻ രാജേന്ദ്ര സിങ് ധാമിയും. പക്ഷേ, ഭിന്നശേഷിക്കാരുടെ വീൽചെയർ ക്രിക്കറ്റ് ടീമിനെയാണ് നയിച്ചതെന്നു മാത്രം. അതിന്റെ ‘തിളക്കക്കുറവ്’ ധാമിയുടെ ജീവിതത്തിൽ കാണാനുമുണ്ട്. ഇന്ത്യൻ കായിക ലോകത്തെ ഏറ്റവും ധനാഢ്യനായ ക്രിക്കറ്റ് താരമാണ് ധോണിയെങ്കിൽ, പട്ടിണിപ്പാവമാണ് ധാമി. രണ്ടുപേരും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻമാരായിരുന്നുവെന്ന് ഓർക്കണം!
ഇന്ത്യൻ ക്രിക്കറ്റിൽ എക്കാലവും അവഗണനകളുടെ ചരിത്രം മാത്രം പറയാനുള്ള വീൽചെയർ ക്രിക്കറ്റ് ടീമിന്റെ ഈ മുൻ നായകൻ കോവിഡ് കാല പ്രതിസന്ധിക്കിടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കൂലിപ്പണിയിലാണ്. മഹാത്മാ ഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്മെന്റ് ഗാരണ്ടി ആക്ടിനു കീഴിൽ റോഡ് പണിക്കുള്ള കല്ലു പൊട്ടിക്കുകയാണ് ഈ മുൻ ഇന്ത്യൻ ക്യാപ്റ്റൻ! ‘ന്യൂ ഇന്ത്യൻ എക്സ്പ്രസാണ്’ മുപ്പത്തിനാലുകാരനായ ധാമിയുടെ ജീവിതത്തിലെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തത്.
ഭിന്നശേഷിക്കാരായ പത്തൊൻപത് കുട്ടികളുടെ ക്രിക്കറ്റ് പരിശീലകൻ കൂടിയാണ് ധാമി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലുമെല്ലാം ഇവർക്ക് പരിശീലനം നൽകുന്നത് ധാമി തന്നെ. അഞ്ച് മത്സരങ്ങളിൽ ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ടീമിനെ നയിച്ച ക്യാപ്റ്റനാണ് അദ്ദേഹം. നേപ്പാൾ, മലേഷ്യ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നടന്ന പരമ്പരകളിൽ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങി.
രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതോടെയാണ് ധാമിയുടെ ജീവിതത്തിന്റെ ഗതി മാറുന്നത്. കർഷകരായ മാതാപിതാക്കൾ വളരെ ബുദ്ധിമുട്ടിയാണ് ധാമിയെ വളർത്തിയത്. പത്താം വയസ്സിലാണ് ആദ്യമായി സ്കൂളിൽ പോകുന്നത്. വെല്ലുവിളികളോടും പ്രതികൂല സാഹചര്യങ്ങളോടും പടപൊരുതി ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹം, ബിഎഡ് പൂർത്തിയാക്കിയശേഷമാണ് ക്രിക്കറ്റ് കളത്തിലേക്കെത്തിയത്.
2015ൽ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ധാമിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തതാണ്. പക്ഷേ, പിന്നീട് ഒന്നും നടന്നില്ല. അടുത്തിടെ ബോളിവുഡ് താരം സോനു സൂദ് 11,000 രൂപ നൽകി സഹായിച്ചിരുന്നു. ഭാവിയിൽ കൂടുതൽ സഹായങ്ങൾ വാഗ്ദാനവും ചെയ്തു. ഇത്തരം ചെറിയ പ്രതീക്ഷകളുടെ ഇടയിൽ വലിയ സ്വപ്നങ്ങളുമായി മുന്നോട്ടുപോകുകയാണ് ധാമി.
English Summary: Ex-Captain Of Specially-abled Indian Team Rajendra Singh Dhami Takes To Manual Labor For Livelihood