ADVERTISEMENT

മുംബൈ∙ കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ കിരീടം നേടാൻ തക്ക കരുത്തുള്ള ടീമായിരുന്നോ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത് എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2019 ലോകകപ്പിൽ സെമിയിൽ തോറ്റ ഇന്ത്യൻ ടീമിനെ 2011ൽ കിരീടം നേടിയ ടീമുമായി താരതമ്യപ്പെടുത്തിയാണ് ചോപ്ര ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത്. ഇരു ടീമുകളിലും ഓരോ സ്ഥാനത്തും കളിച്ച താരങ്ങളെ താരതമ്യപ്പെടുത്തിയാണ് 2019 ലോകകപ്പിൽ കളിച്ച ടീം കിരീടം നേടാൻ പ്രാപ്തിയുള്ളവരായിരുന്നില്ലെന്ന ചോപ്രയുടെ ‘കണ്ടെത്തൽ’.

ഏറ്റവും ഒടുവിൽ ലോകകപ്പ് നേടിയ മഹേന്ദ്രസിങ് ധോണിയുടെ ടീമിനെ തോൽപ്പിക്കാൻ മാത്രം കരുത്തരാണോ വിരാട് കോലിയുടെ ടീമെന്നായിരുന്നു ചോപ്രയുടെ പരിശോധന. ഓപ്പണർമാർ മുതൽ ബോളർമാർ വരെ ഇരു ടീമുകളിലും കളിച്ച താരങ്ങളെയാണ് ഇതിനായി ചോപ്ര താരതമ്യപ്പെടുത്തിയത്. തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലൂടെ:

∙ ഓപ്പണർമാർ

സച്ചിൻ തെൻഡുൽക്കറിനെയും രോഹിത് ശർമയെയുമാണ് ചോപ്ര ആദ്യമായി താരതമ്യപ്പെടുത്തിയത്. ‘സച്ചിൻ തെൻഡുൽക്കർ, രോഹിത് ശർമ എന്നിവരിൽനിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നത് അത്ര എളുപ്പമല്ല. ലോകകപ്പിലെ ഇരുവരുടെയും പ്രകടനങ്ങളെ തുല്യമായി പരിഗണിക്കേണ്ടിവരും. 2019 ലോകകപ്പിൽ അഞ്ച് സെഞ്ചുറി നേടിയ താരമാണ് രോഹിത് ശർമയെന്ന് മറക്കാനാകില്ല’.

‘കെ.എൽ. രാഹുൽ/ശിഖർ ധവാൻ എന്നിവരെ സേവാഗുമായി താരതമ്യപ്പെടുത്തുമ്പോൾ സേവാഗിന് മുൻതൂക്കം നൽകാനാണ് എന്റെ മനസ്സ് ആവശ്യപ്പെടുന്നത്. ഒരു വാദത്തിനായി ലോകകപ്പ് വേദിയിലെ ധവാന്റെ പ്രകടനത്തെ സേവാഗിനു മുന്നിൽ പ്രതിഷ്ഠിക്കുന്നു.’

∙ വൺഡൗൺ

ഗൗതം ഗംഭീറുമായി തട്ടിച്ചുനോക്കുമ്പോൾ 2019ലെ വിരാട് കോലിയാണ് മുന്ന‍ിലെന്നാണ് ചോപ്രയുടെ നിലപാട്. ‘ഇനി ഗംഭീർ–കോലി താരതമ്യം. 2011ലെ ഗംഭീറിനെ വച്ചുനോക്കിയാൽ 2019ലെ കോലി തന്നെയാണ് മുന്ന‍ിൽ. 2011ലെ ടീമിലും കോലി ഉണ്ടായിരുന്നെങ്കിലും അന്നത്തെ കോലിയും ഇന്നത്തെ കോലിയും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്.’

∙ മധ്യനിര

മധ്യനിര പരിഗണിക്കുമ്പോൾ 2011 ടീമിലെ യുവരാജ് സിങ്ങുമായി താരതമ്യം ചെയ്യാവുന്നവർ 2019ലെ ടീമിലില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ‘ദിനേഷ് കാർത്തിക്, കേദാർ ജാദവ്, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ തുടങ്ങി 2019ലെ ടീമിലെ ആരെ പരിഗണിച്ചാലും മധ്യനിരയിൽ യുവരാജ് സിങ് ബഹുദൂരം മുന്നിലാണ്. ബാറ്റ്സ്മാൻ, ബോളർ, മാച്ച് വിന്നർ എന്നീ നിലകളിലെല്ലാം യുവരാജ് വേറൊരു തലത്തിലാണ്.’

‘2011ലെ വിരാട് കോലിയെ അപേക്ഷിച്ച് ഋഷഭ് പന്ത്/ദിനേഷ് കാർത്തിക്/കേദാർ ജാദവ്/മഹേന്ദ്രസിങ് ധോണി എന്നിവർക്ക് അൽപം മുൻതൂക്കം നൽകാം.’

മധ്യനിരയിലെ അവസാന രണ്ടു സ്ഥാനങ്ങള്‍ നോക്കുമ്പോൾ 2011 ടീമിലെ സുരേഷ് റെയ്ന 2019 ടീമിലെ ഹാർദിക് പാണ്ഡ്യയ്ക്കും കേദാർ ജാദവിനും മുകളിലാണെന്നാണ് ചോപ്രയുടെ വാദം. ‘റെയ്ന ഒരു യഥാർഥ മാച്ച് വിന്നറാണ്. ഒരുപക്ഷേ, അദ്ദേഹത്തെ ഹാർദിക് പാണ്ഡ്യയുമായി താരതമ്യം ചെയ്യാം. പാണ്ഡ്യയുമായോ കേദാർ ജാദവുമായോ താരതമ്യപ്പെടുത്തിയാൽ അന്നത്തെ റെയ്ന വളരെ മുന്നിലാണ്. ഇനി ധോണിയുടെ കാര്യം. 2011ലെ ധോണി 2019ലെ ധോണിയെ അപേക്ഷിച്ചും എത്രയോ മുന്നിലാണ്.’

∙ ബോളർമാർ

2011 ടീമിലെ ഹർഭജൻ സിങ്ങും 2019 ടീമിലെ രവീന്ദ്ര ജഡേജയും ഏറെക്കുറെ തുല്യ ശക്തികളാണെന്നാണ് ചോപ്രയുടെ നിരീക്ഷണം. 2011 ടീമിലെ സഹീർ ഖാനും 2019 ടീമിലെ ജസ്പ്രീത് ബുമ്രയും തുല്യശക്തികളാണെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.

‘ഹർഭജൻ സിങ് ഒരു മാച്ച് വിന്നറാണ്. രവീന്ദ്ര ജ‍ഡേജയും അതുപോലെ തന്നെ. പക്ഷേ ഫീൽഡിങ്ങിന്റെ കാര്യത്തിൽ ജഡേജയ്ക്ക് മുൻതൂക്കമുണ്ട്. ബോളിങ്ങിൽ ഹർഭജനാണ് ഒരുപടി മുന്നിൽ. ഏകദിന ബാറ്റിങ്ങിൽ ജഡേജയ്ക്ക് ഹർഭജനേക്കാൾ കുറച്ച് മുൻതൂക്കം നൽകാം. മൊത്തത്തിൽ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെ. പേസ് ബോളിങ്ങിൽ സഹീർ ഖാനും ബുമ്രയും തുല്യശക്തികളാണ്.’

2011 ടീമിലെ മുനാഫ് പട്ടേൽ, ആശിഷ് നെഹ്റ എന്നിവരെയും 2019 ടീമിലെ മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചെഹൽ/കുൽദീപ് യാദവ് എന്നിവരെയുമാണ് അവസാന സ്ഥാനങ്ങളിലേക്ക് താരതമ്യം ചെയ്തത്. ഇക്കാര്യത്തിൽ ചോപ്രയുടെ നിരീക്ഷണം ഇങ്ങനെ:

‘മുനാഫ് പട്ടേലുമായി താരതമ്യപ്പെടുത്തുമ്പോൾ മുഹമ്മദ് ഷമിക്ക് കുറച്ചു മുൻതൂക്കം നൽകാം. കുൽദീപിനെയും ചെഹലിനെയും പരിഗണിച്ചാൽ ആശിഷ് നെഹ്റയ്ക്കും മുൻതൂക്കമുണ്ട്.’

∙ താരതമ്യങ്ങളുടെ ഫലം

ഇരു ടീമുകളിലെയും താരങ്ങളെ ഇത്തരത്തിൽ താരതമ്യപ്പെടുത്തിയാൽ 2019ലെ വിരാട് കോലിയുടെ ടീമിനെതിരെ 2011ലെ ധോണിയുടെ ടീം വിജയിക്കുമെന്നാണ് ചോപ്രയുടെ വിലയിരുത്തൽ.

‘ഇത്തരത്തിൽ സമ്പൂർണമായി താരതമ്യപ്പെടുത്തിയാൽ വിജയം ധോണിയുടെ ടീമിനു തന്നെയാണെന്ന് കാണാം. 2019 ലോകകപ്പിൽ ഇന്ത്യൻ ടീമിനു ജയിക്കാനാകാതെ പോയതിനു കാരണം അത്ര ശക്തമായ ടീമായിരുന്നില്ല അത് എന്നതു തന്നെയാണ്. കോലിയുടെ ടീമിന്റെ മധ്യനിര സുസ്ഥിരമായിരുന്നില്ല എന്നത് തന്നെ പ്രധാന പ്രശ്നം. മുഹമ്മദ് ഷമിക്ക് അവസരം ഉറപ്പാക്കുന്നതിലും പിഴവുപറ്റി. ധവാൻ പരുക്കേറ്റ് മടങ്ങിയപ്പോൾ യോജിച്ച പകരക്കാരനെ കണ്ടെത്താനുമായില്ല’ – ചോപ്ര ചൂണ്ടിക്കാട്ടി.

Engish Summary: India probably didn't have a World Cup-winning team in 2019: Aakash Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com