വെസ്റ്റിൻഡീസിനെതിരെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു ജയം; പരമ്പര
Mail This Article
മാഞ്ചസ്റ്റർ ∙ മഴ മാറി മാനം തെളിഞ്ഞതോടെ വെസ്റ്റിൻഡീസിന്റെ മാനം പോയി! കനത്ത മഴമൂലം നാലാം ദിനം ബാറ്റിങ്ങിനിറങ്ങാതെ രക്ഷപ്പെട്ട അവരെ ഇന്നലെ ആ ഭാഗ്യവും തുണച്ചില്ല. ഫലം ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 269 റൺസിന്റെ ദയനീയ തോൽവി. 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ അഞ്ചാം ദിനം വെറും 129 റൺസിനു പുറത്തായി.
സ്കോർ: ഇംഗ്ലണ്ട്: 369, രണ്ടിന് 226 ഡിക്ല. വെസ്റ്റിൻഡീസ്: 197,129. ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ് രണ്ടാം ഇന്നിങ്സിൽ 4 വിൻഡീസ് ബാറ്റ്സ്മാൻമാരെ മടക്കി. ടെസ്റ്റ് കരിയറിൽ 500 വിക്കറ്റ് എന്ന നാഴികക്കല്ലും പിന്നിട്ടു. ക്രിസ് വോക്സ് 5 വിക്കറ്റ് വീഴ്ത്തി. ബ്രോഡാണ് മാൻ ഓഫ് ദ് മാച്ച്. ബ്രോഡും വിൻഡീസ് താരം റോഷ്ടൻ ചേസുമാണ് പരമ്പരയുടെ താരങ്ങൾ. 3 മത്സര പരമ്പര 2–1ന് ഇംഗ്ലണ്ട് 2–1ന് സ്വന്തമാക്കി.
വോക്സിങ് ഡേ!
399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് മൂന്നാം ദിനം തന്നെ രണ്ടിന് 10 എന്ന നിലയിലായിരുന്നു. അഞ്ചാം ദിനം ഇറങ്ങിയപ്പോഴും അവരുടെ കഷ്ടപ്പാട് അകന്നില്ല. ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ (19) എൽബിയിൽ കുരുക്കി സ്റ്റുവർട്ട് ബ്രോഡ് തന്നെയാണ് വിൻഡീസ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നീട് ക്രിസ് വോക്സ് അതേറ്റെടുത്തു.
19–ാം ഓവറിൽ ഷായ് ഹോപ്പിനെയും (31) 21–ാം ഓവറിൽ ഷർമാർ ബ്രൂക്സിനെയും (22) വോക്സ് മടക്കിയതോടെ വിൻഡീസ് അഞ്ചിന് 79 എന്ന നിലയിലായി. ലഞ്ചിനു ശേഷം റോഷ്ടൻ ചേസ് (7) റൺഔട്ടാവുകയും ചെയ്തു. അവസാന പ്രതീക്ഷയായ ക്യാപ്റ്റൻ ജയ്സൻ ഹോൾഡറിനെ (12) അടുത്ത വരവിൽ വോക്സ് എൽബിയിൽ കുരുക്കിയതോടെ വിൻഡീസിന്റെ ചെറുത്തുനിൽപ് അവസാനിച്ചു.
38–ാം ഓവറിൽ ജർമെയ്ൻ ബ്ലാക്ക്‌വുഡ് ബ്രോഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കയ്യിലെത്തിയതോടെ വിൻഡീസ് ഇന്നിങ്സിന് അവസാനം. 11 ഓവറിൽ 50 റൺസ് വഴങ്ങിയാണ് വോക്സ് 5 വിക്കറ്റെടുത്തത്. ബ്രോഡ് 8.1 ഓവറിൽ 36 റൺസ് വഴങ്ങി 4 വിക്കറ്റ്.