ടെസ്റ്റിൽ ഇന്ത്യ ധവാനെ കൈവിട്ട മട്ട്, തിരിച്ചുവരവിന് സാധ്യത വിരളം: തുറന്നടിച്ച് ചോപ്ര
Mail This Article
ന്യൂഡൽഹി∙ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണർ ശിഖർ ധവാന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ധവാൻ ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടില്ല. സമീപഭാവിയിലൊന്നും ധവാൻ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് കരുതുന്നില്ലെന്നാണ് ചോപ്രയുടെ നിരീക്ഷണം. ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽനിന്ന് ധവാനെ കൈവിട്ട മട്ടാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഏകദിന, ട്വന്റി20 ടീമുകളിൽ ശിഖർ ധവാൻ സ്ഥിരാംഗമാണെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ അതല്ല സ്ഥിതി. സ്ഥിരതയില്ലായ്മയാണ് ടെസ്റ്റിൽ ധവാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതുവരെ 34 ടെസ്റ്റുകളിൽനിന്ന് 40.61 ശരാശരിയിൽ 2315 റൺസാണ് ധവാന്റെ സമ്പാദ്യം. 2018 മുതൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്ത ധവാന്റെ കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്മെന്റ് വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് ചോപ്ര വ്യക്തമാക്കി.
‘ഒരിക്കിലും ടീമിലെത്തില്ലെന്ന് ഞാൻ പറയുന്നില്ല. എന്നെങ്കിലും അവസരം കിട്ടിയേക്കാം. പക്ഷേ ഉടനെ ടെസ്റ്റ് ടീമിൽ അവസരം കിട്ടാൻ സാധ്യതയുണ്ടോ? ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ധവാന് ഇടം കിട്ടാൻ സാധ്യത വിരളമാണ്. കാരണം ഓപ്പണിങ് സ്ഥാനത്തേക്ക് വളരെയധികം സാധ്യതകളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്’– യുട്യൂബ് ഷോയായ ആകാശ് വാണിയിൽ ചോപ്ര പറഞ്ഞു.
‘അടുത്തിടെ ഇന്ത്യയുടെ 30 അംഗ സാധ്യതാ ടെസ്റ്റ് ടീമിനെ ഞാൻ തിരഞ്ഞെടുത്തിരുന്നു. നാല് ബാറ്റ്സ്മാൻമാരാണ് അന്ന് ഓപ്പണിങ് സ്ഥാനത്ത് എന്റെ മുന്നിൽ വന്നത്. രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ. രാഹുൽ എന്നിവർ. ഓപ്പണിങ് സ്ഥാനത്തേക്ക് ഇവരെല്ലാം കഴിഞ്ഞ് അഞ്ചാമത് മാത്രമാണ് ധവാന്റെ സാധ്യത. ഈ സ്ഥാനത്ത് ധവാന്റെ സ്ഥാനം സുരക്ഷിതമല്ലെന്ന് ചുരുക്കം’ – ചോപ്ര പറഞ്ഞു.
‘ഭാവിയിൽ ശിഖർ ധവാനെ ടെസ്റ്റ് ജഴ്സിയിൽ കണ്ടേക്കുമോ എന്ന് ഉറപ്പില്ല. അടുത്ത കാലത്തൊന്നും സാധ്യതയില്ല. കാരണം, ധവാനും അപ്പുറത്തേക്ക് ഇന്ത്യൻ ടീം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ടെസ്റ്റ് കരിയറിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് ധവാനോട് സംസാരിച്ചിട്ടൊന്നുമില്ലെങ്കിലും അദ്ദേഹത്തെ മാറ്റിനിർത്തിയാണ് ആലോചനകൾ നടക്കുന്നതെന്ന് വ്യക്തം. മാത്രമല്ല, ഏകദിനത്തിലും ട്വന്റി20യിലും ധവാൻ ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണ്. അവിടെ ശ്രദ്ധ പതിപ്പിക്കുകയാകും ധവാനിൽനിന്ന് ടീം പ്രതീക്ഷിക്കുന്നത്’ – ചോപ്ര പറഞ്ഞു.
English Summary: Unlikely Shikhar Dhawan will play Tests anytime soon, India looking ahead: Aakash Chopra