‘ഐപിഎല്ലിൽ തിളങ്ങിയാൽ സഞ്ജുവിന് ലോകകപ്പ് ടീമിലെത്താം,ഇത് സുവർണാവസരം’
Mail This Article
തിരുവനന്തപുരം∙സഞ്ജു സാംസണ് ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള സുവർണാവസരമാണ് ഐപിഎല്ലെന്ന് സഞ്ജുവിന്റെ പരിശീലകൻ ബിജു ജോർജ്. സഞ്ജുവിന്റെ കരിയർ നോക്കിയാൽ സ്ഥിരതയാർന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ഐപിഎല്ലിലും സഞ്ജു മികച്ചു നിൽക്കുമെന്ന് ഉറപ്പാണ്. ഐപിഎല്ലിൽ അരങ്ങേറിയതു മുതൽ സഞ്ജു സ്ഥിരത നിലനിർത്തുന്നുണ്ട്– ബിജു ജോർജ് ദേശീയ വാർത്താ ഏജൻസിയായ എഎന്‍ഐയോടു പറഞ്ഞു.
ഐപിഎൽ കളിക്കാൻ പോകുമ്പോൾ സഞ്ജുവിന് മുകളിൽ എന്തെങ്കിലും തരത്തിലുള്ള സമ്മര്‍ദം ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നില്ല. ഈ വർഷം അദ്ദേഹം വളരെയധികം തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇത്രയധികം ശ്രദ്ധാലുവായി ഞാൻ സഞ്ജുവിനെ ഇതുവരെ കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ലോക്ഡൗണിൽ ഇരിക്കുമ്പോൾ പോലും അദ്ദേഹം പരിശീലനത്തിലായിരുന്നു. ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് ഇന്ത്യൻ ടീമിലെ താരങ്ങൾക്കെല്ലാം ധാരണയുണ്ട്.
ഇടം കയ്യൻ ആയതിന്റെ ആനുകൂല്യം കെ.എൽ. രാഹുലിനെയും സഞ്ജുവിനെയും അപേക്ഷിച്ച് ഋഷഭ് പന്തിന് ലഭിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തന്ത്രങ്ങളാണ് മറ്റൊരു കാരണം. എന്നോടു ചോദിക്കുകയാണെങ്കിൽ സഞ്ജുവിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നു പറയും. പന്താണോ സഞ്ജുവാണോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് യോജിക്കുന്നതെന്ന് ചീഫ് സിലക്ടറാണു തീരുമാനിക്കുക. ടൈമിങ്ങിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമാണ് സഞ്ജു സാംസൺ. ഈ വർഷം സഞ്ജുവിനെ കണ്ടപ്പോൾ അതൊക്കെയാണു ചർച്ച ചെയ്തത്. അടുത്ത സീസണിൽ നിങ്ങൾക്ക് വ്യത്യസ്തനായൊരു സഞ്ജുവിനെ കാണാൻ സാധിക്കും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും രാജ്യാന്തര തലത്തിലും അദ്ദേഹം തിളങ്ങും– ബിജു ജോർജ് അവകാശപ്പെട്ടു.
സെപ്റ്റംബർ 19ന് യുഎഇയിലാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. അടുത്ത വർഷം സാധാരണപോലെ മാർച്ച്–മേയ് മാസങ്ങളിൽതന്നെ ടൂർണമെന്റ് നടക്കുമെന്നാണു റിപ്പോർട്ടുകൾ. ഈ രണ്ടു ടൂർണമെന്റുകളിലും തിളങ്ങിയാൽ സഞ്ജുവിന് ഇന്ത്യൻ ടീമിലും മികച്ച അവസരങ്ങൾ ലഭിക്കുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് സഞ്ജു. ഐപിഎല്ലിൽ 93 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 1,696 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഉയർന്ന സ്കോർ 102.
English Summary: Samson will definitely perform in IPL, have never seen him more focused: Coach Biju George