ADVERTISEMENT

കോവിഡിനെ ഭയന്ന് പന്തിൽ തുപ്പൽ പുരട്ടി മിനുസപ്പെടുത്തരുതെന്നു പറഞ്ഞു; ആരും മിനുസ്സപ്പെടുത്താതിരുന്നിട്ടും പന്തു കറങ്ങിത്തിരിഞ്ഞു! ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെ ‘പ്രധാന ആയുധം’ പുറത്തെടുക്കാതിരുന്നിട്ടും ക്രിക്കറ്റിനൊന്നും സംഭവിച്ചില്ല.  ഇതുമാത്രമല്ല, ‘കോവിഡ് ഇടവേള’യ്ക്കു ശേഷം ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയോടെ പുനരാരംഭിച്ച ക്രിക്കറ്റ് മത്സരങ്ങളുടെ കണക്കു നോക്കുമ്പോൾ തോറ്റതു കോവിഡ് തന്നെ!

‘ക്രിക്കറ്റിനെക്കാൾ മറ്റു പല കാര്യങ്ങൾക്കും മുൻഗണന നൽകിയ പരമ്പരയാണു കടന്നുപോയത്!’ – ടെസ്റ്റ് ക്രിക്കറ്റിന്റെ 143 വർഷത്തെ ചരിത്രത്തിലാദ്യമായി കാണികളെ പ്രവേശിപ്പിക്കാതെ 3 മത്സരങ്ങൾ വിജയകരമായി നടത്തിയശേഷം ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തതാണിത്.  കോവിഡിനെ പിടിച്ചുകെട്ടും മുൻപേ ആദ്യ ടെസ്റ്റ് പരമ്പര സംഘടിപ്പിച്ച ഇംഗ്ലണ്ട് അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎൽ ഉൾപ്പെടെയുളള ടൂ‍ർണമെന്റുകൾക്കു പകർന്ന ശുഭാപ്തി വിശ്വാസവും ചെറുതല്ല. കോവിഡിനെ കീഴ്പ്പെടുത്തിയ ‘ന്യൂ നോർമൽ’ ക്രിക്കറ്റ് വിശേഷങ്ങളിലൂടെ...

ആഷസ് തോറ്റു!

സ്റ്റേഡിയത്തി‍ൽ പ്രവേശനം കിട്ടാതിരുന്നവർകൂടി ടിവിക്കു മുന്നിലിരുന്നു; ഫലമോ കഴിഞ്ഞ ആഷസ് പരമ്പരയെക്കാൾ 7% ആളുകൾ ഇംഗ്ലണ്ട് – വിൻഡീസ് ടെസ്റ്റ് കണ്ടതായി സ്കൈ സ്പോർട്സിന്റെ കണക്കുകൾ പറയുന്നു.  2–ാം ടെസ്റ്റിന്റെ കഥയാണിത്. നിർണായകമായ 3–ാം ടെസ്റ്റ് കണ്ടവരുടെ കണക്ക് ലഭ്യമായിട്ടില്ല;  അത് ഇതിലും വർധിക്കാനേ വഴിയുള്ളൂ.  

ടീം വലുതായി!

കോവിഡ് റിസർവ് നിരയിലേക്കു കൂടുതൽ കളിക്കാർ വേണ്ടിവന്നതോടെ കോളടിച്ചതു യുവതാരങ്ങൾക്കാണ്. സാധാരണ 14–18 പേരാണു ടീമിലുള്ളതെങ്കിൽ ഇത്തവണ ഇംഗ്ലണ്ടിനൊപ്പം 9 പേരും വിൻഡീസിനൊപ്പം 11 പേരും അധികമുണ്ടായിരുന്നു.  കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാമെന്നതിനാൽ ഈ സംവിധാനം ഭാവിയിലും ടീമുകൾ തുടർന്നേക്കും. ഇംഗ്ലണ്ട് പരമ്പരയ്ക്കു വന്ന പാക്കിസ്ഥാൻ ഇക്കാര്യത്തിൽ റെക്കോർഡിട്ടു കഴി‍ഞ്ഞു; സംഘത്തിലുള്ളത് 29 പേർ! 

ദൂരം കുറഞ്ഞു

ഇംഗ്ലണ്ട് – വിൻഡീസ് പരമ്പരയിലെ അവസാന 2 ടെസ്റ്റുകൾ ഒരേ വേദിയിൽ തന്നെയാണു നടന്നത്. മത്സരങ്ങൾക്കിടയിലെ യാത്രകൾ പൊതുവേ താരങ്ങളെ ക്ഷീണിതരാക്കാറുണ്ട്. എന്നാൽ, മാഞ്ചസ്റ്ററിൽ താമസിച്ച് 2 ടെസ്റ്റുകൾ കളിച്ചതിലൂടെ ഇരുടീമുകളിലെ താരങ്ങൾക്കും യാത്രമൂലമുള്ള പ്രയാസമുണ്ടായതേയില്ല. പ്രാദേശിക ബോർഡുകൾക്കു ടിക്കറ്റ് വരുമാനമുണ്ടാക്കാനാണു വ്യത്യസ്ത വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെങ്കിലും ഭാവിയിൽ ആ മാതൃകയ്ക്കു മാറ്റമുണ്ടാകാൻ സാധ്യതയേറെയാണ്.

പന്തും മിനുസവും

പന്തിനെ മിനുക്കാൻ തുപ്പൽ ഉപയോഗിക്കരുതെന്ന നിർദേശം കൃത്യമായി പാലിക്കപ്പെട്ടു. എന്നു കരുതി, പന്തിൽനിന്നു സ്വിങ്ങും ടേണുമൊന്നും ബോളർമാർക്കു കിട്ടാതെ വന്നില്ല. ആദ്യ ടെസ്റ്റിൽ വിൻഡീസ് പേസർമാർക്കും പിന്നീടുള്ള ടെസ്റ്റുകളിൽ ഇംഗ്ലിഷ് പേസർമാർക്കും പിച്ചിൽനിന്നു നല്ല പിന്തുണ കിട്ടി. ജഴ്സിയിലുരച്ചു പന്തിനു മിനുസം കൂട്ടാൻ താരങ്ങൾ അൽപം പ്രയാസപ്പെട്ടെന്നു മാത്രം. തുപ്പൽ നിരോധനം ഒരു നിമിഷത്തേക്കു മറന്ന ഇംഗ്ലണ്ട് താരം ഡോം സിബ്‍ലിക്ക്, പ്രോട്ടോക്കോൾ ലംഘനത്തിനു താക്കീത് ലഭിച്ചതൊഴിച്ചാൽ ആരും തുപ്പൽ തൊട്ടുകളിച്ചതുമില്ല!

English Summary: Windies- England test, a success story during covid period

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com