‘പാക്ക് താരങ്ങൾ വായിൽ വരുന്നത് വിളിച്ചു പറയുന്നു; അവർക്ക് ഇന്ത്യയോട് അസൂയ’
Mail This Article
ന്യൂഡൽഹി∙ ഒട്ടും ചിന്തിക്കാതെ വായിൽ വരുന്നത് വിളിച്ചു പറയുന്ന ശൈലിയാണ് ഒട്ടുമിക്ക പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്കും ഉള്ളതെന്ന് മുൻ ഇന്ത്യൻ താരം മദൻ ലാൽ. ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് റദ്ദാക്കിയതിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) പങ്കുണ്ടെന്ന പാക്കിസ്ഥാന്റെ മുൻ താരങ്ങളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മദൻ ലാലിന്റെ വിമർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ നിമിത്തം ക്രിക്കറ്റ് പരമ്പരകൾ പോലും നടക്കാത്ത കാലത്താണ് പാക്ക് താരങ്ങൾ വായിൽ വരുന്നതെല്ലാം വിളിച്ചു പറയുന്നതെന്ന് മദൻ ലാൽ ചൂണ്ടിക്കാട്ടി. ഇന്ത്യയോടുള്ള അസൂയയാണ് ഇതിനു കാരണമെന്നും മദൻ ലാൽ പരിഹസിച്ചു.
‘പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളിൽ ഒട്ടുമിക്കവരും വായിൽ വരുന്നത് അതേപടി വിളിച്ചുപറയുന്നവരാണ്. ഒരു കാര്യം പറയുന്നതിനു മുൻപ് അതേക്കുറിച്ച് അവർ ആലോചിക്കുന്നു പോലുമില്ല. ഈ വർഷത്തെ (ട്വന്റി20) ലോകകപ്പ് റദ്ദാക്കിയതിനു പിന്നിൽ ഇന്ത്യയാണെന്ന് ഇവരോട് ആരു പറഞ്ഞു?’ – മദൻ ലാൽ ചോദിച്ചു.
‘കോവിഡ് 19 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതച്ച പ്രതിസന്ധി എല്ലാവർക്കും അറിവുള്ളതാണ്. ട്വന്റി20 ലോകകപ്പ് ചില പ്രത്യേകതകൾ ഉള്ള ടൂർണമെന്റാണ്. ഈ ടൂർണമെന്റ് ആകർഷിക്കുന്ന ജനക്കൂട്ടവും നിലവിലെ സാഹചര്യത്തിൽ നേരിട്ടേക്കാവുന്ന സ്പോൺസർഷിപ് പ്രശ്നങ്ങളും പരിഗണിച്ചാൽ ലോകകപ്പ് റദ്ദാക്കിയതിലൂടെ ഐസിസിയും ക്രിക്കറ്റ് ഓസ്ട്രേലിയയും ഉചിതമായ തീരുമാനമാണ് ൈകക്കൊണ്ടതെന്ന് വ്യക്തമല്ലേ?’ – മദൻ ലാൽ ചോദിച്ചു.
ഈ വർഷം ഐപിഎൽ നടത്തുന്നതിനു ബിസിസിഐ സമ്മർദ്ദം ചെലുത്തി ലോകകപ്പ് റദ്ദാക്കിച്ചതെന്ന പാക്കിസ്ഥാൻ താരങ്ങളുടെ ആരോപണത്തെയും മദൻ ലാൽ വിമർശിച്ചു. ശുഐബ് അക്തർ ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ മുൻ താരങ്ങൾ ഇത്തരം ആരോപണം ഉയർത്തിയിരുന്നു.
‘എന്തൊക്കെ സംഭവിച്ചാലും ഐപിഎൽ നടക്കുമെന്നുള്ളത് തീർച്ചയുള്ള കാര്യമാണ്. ടൂർണമെന്റ് നടത്താൻ സാധ്യതയുള്ള തീയതികൾ നോക്കിയ കൂട്ടത്തിൽ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളും പരിഗണിച്ചിരുന്നു. അതിനനുസരിച്ച് ഐപിഎൽ പ്ലാൻ ചെയ്തതിൽ എന്താണ് പ്രശ്നം’ – മദൻ ലാൽ ചോദിച്ചു.
‘ഏഷ്യാകപ്പ് നടക്കാൻ ചെറിയ സാധ്യതയുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും മിക്ക പാക്കിസ്ഥാൻ താരങ്ങളുടെയും സംസാരത്തിൽ മുന്നിട്ടുനിൽക്കുന്നത് ശുദ്ധ അസൂയയാണ്. ഇപ്പോൾത്തന്നെ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധം നിലച്ച സ്ഥിതിയാണ്. അതു പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ട സമയത്താണ് പാക്ക് താരങ്ങൾ ഓരോരുത്തർ മാറിമാറി വായിൽ തോന്നിയത് വിളിച്ചുപറയുന്നത്.’ – മദൻ ലാൽ പരിഹസിച്ചു.
English Summary: Lot of Pakistan players don't think before speaking: Madan Lal on claims of BCCI role in T20 World Cup delay