ADVERTISEMENT

മുംബൈ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കുന്നതിനു മുന്നോടിയായി സംസ്ഥാന അസോസിയേഷനുകൾക്കായി പ്രത്യേക മാർഗരേഖ തയാറാക്കി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഈ മാർഗരേഖയിലെ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വന്നാൽ ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത മുൻ പരിശീലകൻ ഡേവ് വാട്മോർ ഉൾപ്പെടെയുള്ള ചിലരുടെ ഇന്ത്യയിലെ ജോലി തെറിക്കുമെന്നാണ് വിവരം. കഴിഞ്ഞ സീസൺ വരെ കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചിരുന്ന വാട്മോർ, ഇത്തവണ ബറോഡയിലേക്ക് കൂടുമാറിയിരുന്നു.

എന്നാൽ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 60 വയസ്സിനു മുകളിലുള്ളവരെ ഈ സീസണിൽ ടീമിനൊപ്പം ചേർക്കരുതെന്ന ബിസിസിഐ നിർദ്ദേശമാണ് വാട്മോർ ഉൾപ്പെടെയുള്ളവർക്ക് വെല്ലുവിളിയാകുന്നത്. ബറോഡ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും ഡയറക്ടറായും അറുപത്തിയാറുകാരനായ വാട്മോറിനെ നിയമിച്ചത് അടുത്തിടെയാണ്.

ബിസിസിഐ മാർഗരേഖ പുറത്തുവന്നതോടെ വാട്മോറിനെ നിലനിർത്തണോ എന്ന കാര്യത്തിൽ ബറോഡ ക്രിക്കറ്റ് അസോസിയേഷനിലും അഭിപ്രായ വ്യത്യാസം ഉടലെടുത്തു. വയസ്സ് 66 ആയെങ്കിലും വാട്മോറിനെ പരിശീലകനാക്കി നിലനിർത്തിത്തന്നെ മുന്നോട്ടു പോകണമെന്ന അഭിപ്രായക്കാരനാണ് ബോർഡ് പ്രസിഡന്റ് പ്രണവ് അമീൻ. അതേസമയം, ബിസിസിഐ മാർഗരേഖ കൃത്യമായി പിന്തുടർന്ന് വാട്മോറിനെ മാറ്റിനിർത്തണമെന്ന് ജോയിന്റ് സെക്രട്ടറി പരാഗ് പട്ടേലും ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഓസ്ട്രേലിയയിലുള്ള വാട്മോറിന് ഇപ്പോഴത്തെ യാത്രാനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തുക എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാട്മോറിനു പുറമെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മറ്റു ചില പ്രമുഖ പരിശീലകർക്കും ബിസിസിഐ നിർദ്ദേശം തിരിച്ചടിയാണ്. ദീർഘകാലത്തിനുശേഷം ബംഗാളിന് രഞ്ജി ട്രോഫിയിൽ ഉയർത്തെഴുന്നേൽപ്പിനു വഴിയൊരുക്കിയ പരിശീലകൻ അരുൺ ലാലിന് 65 വയസ്സുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ ശക്തരായ സൗരാഷ്ട്രയുടെ പരിശീലകൻ കർസൻ ഗാവ്‌റിക്ക് 67 വയസ്സുമുണ്ട്.

English Summary: BCCI SOP puts Dav Whatmore’s Baroda job under threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com