നായകൻ, വില്ലൻ, ദുരന്ത നായകൻ; ക്രോണിയയും കോഴപ്പണം ‘കറുപ്പിച്ച’ കരിയറും!
Mail This Article
രാജ്യാന്തര ക്രിക്കറ്റിലെ ‘ഹീറോ’യിൽനിന്ന് അഴിമതിക്കറ പുരണ്ട് ‘സീറോ’ ആയി മാറിയ ഹാൻസി ക്രോണിയയെ ഓർമയില്ലേ? ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നായക പദവിയിൽനിന്ന് ഒത്തുകളി വിവാദത്തിൽ അകപ്പെട്ട് വില്ലനായി മാറിയ താരം. പിന്നീട് 32–ാം വയസ്സിൽ വിമാനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ, ആരാധകരുടെ മനസ്സിൽ ഒരു ദുരന്തനായകന്റെ വേഷമായിരുന്നു ക്രോണിയയ്ക്ക്. വർഷങ്ങൾക്കിപ്പുറം പിന്നിലേക്ക് ചിന്തിക്കുമ്പോഴും ക്രോണിയയുടെ ആ ചിരിക്കുന്ന മുഖം ഒട്ടൊരു നൊമ്പരത്തോടെയല്ലാതെ ഓർമിക്കാനാകുമോ?
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ ഹീറോ ആയിരുന്നു ഹാൻസി ക്രോണിയ. പക്ഷേ അതെല്ലാം 2000 ഏപ്രിൽ ഏഴുവരെ മാത്രം. ശേഷം ക്രിക്കറ്റിലെ അഴിമതിക്കറ പുരണ്ട താരങ്ങളുടെ നിരയിലാണു ക്രോണിയയെ ആരാധകർ കണ്ടത്. ക്രിക്കറ്റിൽ കുത്തനെ കുതിച്ചുയര്‍ന്ന കരിയർ ഒറ്റ ദിവസം കൊണ്ട് കൂപ്പുകുത്തി നിലംതൊട്ട കഥയാണ് ക്രോണിയയുടേത്. കരിയറിലെ ദുരന്തം ജീവിതത്തിലാകമാനം പിന്തുടർന്ന ക്രോണിയയുടെ അന്ത്യവും മറ്റൊരു ദുരന്തത്തിലായിരുന്നു. 2002 ജൂണ്‍ ഒന്നിന് വിമാന അപകടത്തിലാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ വിവാദ നായകൻ മരണമടഞ്ഞത്. മരിക്കുമ്പോൾ പ്രായം 32 വയസ്സു മാത്രം.
ഏതൊരാളും കണ്ണുവച്ചു പോകുന്ന കരിയറായിരുന്നു ക്രോണിയയുടേത്. 1992ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഏകദിനത്തിലും അതേ വർഷം വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റിലും ക്രോണിയ അരങ്ങേറ്റ മത്സരം കളിച്ചു. 1994 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 53 ടെസ്റ്റുകളിലും 138 ഏകദിനങ്ങളിലും നയിച്ചു. കരിയറിൽ ആകെ കളിച്ചത് 68 ടെസ്റ്റ്. അതിൽ 13 പരമ്പര വിജയങ്ങൾ ഉൾപ്പെടെ 27 മത്സരങ്ങളിൽ ജയിച്ചു. 1990കളിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ വിജയങ്ങളിലെ കുന്തമുനയായിരുന്നു ക്രോണിയ. ഏകദിന ക്യാപ്റ്റനെന്ന നിലയിൽ മെച്ചപ്പെട്ട വിജയ നിരക്കാണ് ക്രോണിയയുടേത്. നയിച്ച 138 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക തോറ്റത് 35 കളികളിൽ മാത്രം. ആരെയും അസൂയപ്പെടുത്തുന്ന ആ കരിയറിന് പിന്നീട് സംഭവിച്ചതെന്താണ്? അതേക്കുറിച്ചൊരു അന്വേഷണം...
∙ തിരിച്ചിറക്കത്തിന്റെ ഏപ്രിൽ
2000 ഏപ്രിൽ ഏഴിനാണ് ക്രോണിയയുടെ കരിയറിലെ വിവാദങ്ങളുടെ തുടക്കം, അതും ഇന്ത്യയില്‍വച്ച്. ക്രോണിയയും ഇന്ത്യൻ വാതുവെപ്പ് സംഘത്തിന്റെ പ്രതിനിധിയായ സഞ്ജയ് ചൗളയും തമ്മിലുള്ള സംഭാഷണം ഡൽഹി പൊലീസിലെ ക്രൈം ബ്രാഞ്ചിന് ലഭിച്ചെന്ന വിവരം പുറത്തുവരുന്നത് അന്നേ ദിവസമാണ്. ക്രിക്കറ്റ് ലോകത്ത് ഏറെ കോലാഹലങ്ങൾക്ക് വഴിയൊരുക്കിയ വെളിപ്പെടുത്തൽ ആദ്യം തള്ളിക്കളയുകയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ചെയ്തത്. തനിക്കെതിരായ ആരോപണങ്ങൾ സത്യമല്ലെന്ന് ക്രോണിയയും തൊട്ടടുത്ത ദിവസം തന്നെ നിലപാടെടുത്തു. ഇതേ വർഷം മാർച്ചിൽ ഇന്ത്യയിൽ നടന്ന ഏകദിന മത്സരവുമായി ബന്ധപ്പെട്ടായിരുന്നു കോഴ ആരോപണം. ആരൊക്കെ കളിക്കാനിറങ്ങും, ആരൊക്കെ വിട്ടുനിൽക്കും, ‘ഡീലിൽ’ ഉള്ളത് ഏതൊക്കെ താരങ്ങൾ തുടങ്ങിയ കാര്യങ്ങളാണു പുറത്തുവന്ന ഫോൺ സംഭാഷണത്തിലുണ്ടായിരുന്നത്.
കോഴപ്പണം ക്രോണിയയ്ക്കു പുറമേ ടീം അംഗങ്ങളായ ഹെർഷേൽ ഗിബ്സ്, പീറ്റർ സ്റ്റിർഡം, നിക്കി ബോയെ തുടങ്ങിയവർക്കു നൽകിയതായും വെളിപ്പെടുത്തലുണ്ടായി. കോഴ ആരോപണത്തെക്കുറിച്ച് ക്രോണിയയുടെ ആദ്യ പ്രതികരണം ഇങ്ങനെ: ‘പണം കൈപ്പറ്റിയെന്ന ആരോപണം തള്ളുന്നു. പങ്കില്ലെന്ന കാര്യം നൂറ് ശതമാനം ഞാൻ ഉറപ്പിക്കുകയാണ്. ടീമിൽ ആരുമായും ഇങ്ങനെയുള്ള വിഷയങ്ങൾ സംസാരിച്ചിട്ടുമില്ല’ – തൊട്ടടുത്ത ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ക്രോണിയ അവകാശപ്പെട്ടു.
എന്നാൽ ക്രോണിയയെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പുറത്താക്കിയ വാർത്തയുമായാണ് ഏപ്രിൽ 11 പിറന്നത്. ബോർഡ് മാനേജിങ് ഡയറക്ടര്‍ അലി ബേക്കറിനെ പുലര്‍ച്ചെ മൂന്ന് മണിക്ക് വിളിച്ച് ക്രോണിയ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇന്ത്യയിലെ തന്റെ പ്രവര്‍ത്തനങ്ങൾ ‘വഞ്ചനാപരമായിരുന്നെന്ന്’ താരം സമ്മതിച്ചു. എന്നാൽ ചില കാര്യങ്ങൾ പ്രവചിക്കുക മാത്രമാണു ചെയ്തതെന്നും വാതുവെപ്പു നടത്തിയിട്ടില്ലെന്നും താരം അവകാശപ്പെട്ടു. ഇതിനു പിന്നാലെയായിരുന്നു നടപടി.
2000 ജനുവരിയിൽ സെഞ്ചൂറിയനിൽ നടന്ന ദക്ഷിണാഫ്രിക്ക– ഇംഗ്ലണ്ട് ‘വിവാദ’ ടെസ്റ്റിൽ അന്വേഷണം നടത്താനും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഇതോടെ തീരുമാനമെടുത്തു. ക്രോണിയയുടെ നിർദേശപ്രകാരം ഇരു ടീമുകളും ഓരോ ഇന്നിങ്സുകള്‍ മത്സരത്തിൽ ഉപേക്ഷിച്ചിരുന്നു. വാതുവെപ്പ് ആരോപണം ഉയർന്ന സാഹചര്യത്തിലാണു ഈ മത്സരത്തെക്കുറിച്ചും ബോർഡ‍് അന്വേഷണം നടത്തിയത്. ഇന്ത്യ– ദക്ഷിണാഫ്രിക്ക ക്രിക്കറ്റിലെ കോഴ ആരോപണത്തിൽ സിബിഐയും അന്വേഷണം നടത്തി. ഇന്ത്യയിലെ ഏതെങ്കിലും ക്രിക്കറ്റ് താരമോ, ഉദ്യോഗസ്ഥനോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
∙ കൂടുതൽ കണ്ടെത്തലുകൾ
ക്രോണിയ വിവാദം അന്വേഷിച്ച കിങ്സ് കമ്മിഷനു മുന്നിൽ വെളിപ്പെടുത്തലുകളുടെ പെരുമഴയായിരുന്നു. 1994–95 കാലത്ത് പാക്കിസ്ഥാനെതിരായ മത്സരം തോറ്റുകൊടുക്കുന്നതിന് ക്രോണിയ തന്നെ സമീപിച്ചതായി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം പാറ്റ് സിംകോക്സ് കമ്മിഷൻ മുൻപാകെ പരാതിപ്പെട്ടു. 1996ൽ മുംബൈയിൽ നടന്ന ദക്ഷിണാഫ്രിക്കൻ ടീം മീറ്റിങ്ങിനിടെ ഏകദിന മത്സരം തോൽക്കുന്നതിനായി 2,50,000 ഡോളറിന്റെ ഓഫറുള്ളതായി ക്രോണിയ തന്നോടു പറഞ്ഞതായും സിംകോക്സ് അറിയിച്ചു. ക്രോണിയയില്‍നിന്ന് കളി തോൽക്കുന്നതിന് ഓഫറുകൾ ലഭിച്ചതായി ഹെർഷേൽ ഗിബ്സും പിന്നീട് സമ്മതിച്ചു. ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തില്‍ 20ൽ താഴെ മാത്രം റൺസ് നേടുന്നതിന് 15,000 ഡോളർ നൽകാമെന്ന ക്യാപ്റ്റൻ ക്രോണിയയുടെ വാഗ്ദാനം സ്വീകരിച്ചതായും ഗിബ്സ് സമ്മതിച്ചു.
ഇതിനു പിന്നാലെ കൂടുതൽ ദക്ഷിണാഫ്രിക്കൻ താരങ്ങള്‍ തുറന്നുപറച്ചിലുകളുമായി മുന്നോട്ടുവന്നു. വിവാദത്തിൽ തന്റെ പേരു കണ്ടു ഞെട്ടിയതായും ക്രോണിയ വാഗ്ദാനങ്ങളുമായി തന്നെ സമീപിച്ചിട്ടില്ലെന്നും നിക്കി ബോയെ പറഞ്ഞു. ഡൽഹി പൊലീസ് റജിസ്റ്റർ ചെയ്ത വാതുവെപ്പു കേസിൽ നിക്കി ബോയെയുടെ പേരും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കെതിരെ റൺസ് വിട്ടുനൽകുന്നതിനായി ക്രോണിയ 15,000 ഡോളർ വാഗ്ദാനം ചെയ്തതായി പേസ് ബോളര്‍ ഹെന്‍റി വില്യംസ് വെളിപ്പെടുത്തി. ഇന്ത്യയ്ക്കെതിരെ മുംബൈയിൽ നടന്ന ടെസ്റ്റ് മത്സരത്തിന് മുന്‍പ് ഒത്തുകളിക്കായി ക്രോണിയ പണം വാഗ്ദാനം ചെയ്തതായി പീറ്റര്‍ സ്റ്റിർഡം അറിയിച്ചു. ജാക്ക് കാലിസ്, മാർക് ബൗച്ചർ, ലാൻസ് ക്ലൂസ്നർ തുടങ്ങിയ താരങ്ങളും ക്രോണിയയ്ക്കെതിരെ നിലപാടെടുത്തു.
ഒത്തുകളിയില്‍ എത്രത്തോളം പങ്കുണ്ടെന്ന് പൂർണ വിവരം നൽകിയാൽ ദക്ഷിണാഫ്രിക്കയിലെ ക്രിമിനൽ നടപടികളിൽനിന്ന് ഒഴിവാക്കാമെന്ന് ക്രോണിയയ്ക്ക് അധികൃതർ ഉറപ്പു നൽകിയിരുന്നു. തുടർന്ന് കേപ്ടൗണിൽ നടന്ന മൂന്ന് ദിവസത്തെ കിങ്സ് കമ്മിഷന്റെ ചോദ്യം ചെയ്യലിൽ ക്രോണിയ കുറ്റങ്ങളെല്ലാം സമ്മതിച്ചു. വാതുവെപ്പുകാരിൽനിന്നു പണം സ്വീകരിച്ച കാര്യം സമ്മതിച്ച താരം, ഇതിന്റെ തെളിവുകളും നൽകി. പണത്തോടുള്ള പ്രണയത്തിൽ ക്രിക്കറ്റിനോടുള്ള ഇഷ്ടം ബലികഴിച്ചതായി താരം ഏറ്റുപറഞ്ഞു.
∙ ആരോപണമുനയിൽ അസ്ഹർ
വാതുവെപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനെതിരെയും ക്രോണിയ ആരോപണങ്ങള്‍ ഉന്നയിച്ചു. അസ്ഹറുദ്ദീനാണു വാതുവെപ്പുകാരുടെ പ്രതിനിധിയെ പരിചയപ്പെടുത്തിയതെന്നു ക്രോണിയ പറഞ്ഞു. എന്നാൽ അസ്ഹറുദ്ദീൻ ഇതു തള്ളി. ക്രോണിയയ്ക്കെതിരെ ഇന്ത്യയിൽ വ്യാപക പ്രതിഷേധം അരങ്ങേറി. 1996 മുതൽ വാതുവെപ്പുകാരില്‍നിന്ന് 1,00,000 ഡോളർ കൈപ്പറ്റിയതായി ക്രോണിയ സമ്മതിച്ചു. എന്നാൽ ഇതിനായി ഒരു മത്സരങ്ങളിലും ഇളവുകൾ ചെയ്തിട്ടില്ലെന്നും താരം അവകാശപ്പെട്ടു.
മാപ്പപേക്ഷ നടത്തിയ ക്രോണിയ ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതായും പ്രഖ്യാപിച്ചു. ഗിബ്സിനെയും ഹെൻറി വില്യംസിനെയും യുണൈറ്റഡ് ക്രിക്കറ്റ് ബോർഡ് ഓഫ് സൗത്ത് ആഫ്രിക്ക രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിലക്കുകയാണു ചെയ്തത്. പീറ്റർ സ്റ്റിർഡമിനെ വെറുതെവിട്ടു. ഇന്ത്യയിലെത്തിയാൽ ഡൽഹി പൊലീസ് പിടികൂടുമെന്നതിനാൽ 2004ലെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പര്യടനത്തിൽനിന്നു നിക്കി ബോയെ വിട്ടുനിന്നിരുന്നു. എന്നാല്‍ 2007ൽ ഇന്ത്യയിലെത്തിയ താരത്തെ പൊലീസ് ചോദ്യം ചെയ്തു. 2006ൽ ഹെർഷൽ ഗിബ്സിനെയും ഡൽഹി പൊലീസ് ചോദ്യം ചെയ്തു.
∙ ആജീവനാന്ത വിലക്ക്, പിന്നാലെ മരണം
കുറ്റങ്ങൾ തെളിഞ്ഞതിനാൽ ക്രോണിയയ്ക്ക് ക്രിക്കറ്റിൽനിന്നും അനുബന്ധ പ്രവർത്തനങ്ങളിൽനിന്നും ആജീവനാന്ത വിലക്കാണു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വിധിച്ചത്. രണ്ടു വര്‍ഷങ്ങൾക്കപ്പുറം 32–ാം വയസ്സിൽ യാത്ര ചെയ്തിരുന്ന ചെറുവിമാനം തകർന്ന് ക്രോണിയ മരിച്ചു. ക്രോണിയയുടെ മരണത്തിൽ അന്വേഷണം നടത്തിയ അധികൃതർ പൈലറ്റിന്റെ വീഴ്ചയാണ് അപകടത്തിലേക്കു നയിച്ചതെന്നു കണ്ടെത്തി. വിവാദങ്ങളുണ്ടായി 13 വർഷങ്ങൾക്കു ശേഷം 2013ൽ ഡൽഹി പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. വാതുവെപ്പുകാരുടെ പേരിനൊപ്പം കുറ്റപത്രത്തിലുണ്ടായിരുന്ന ഒരേയൊരു ക്രിക്കറ്റ് താരം ഹാൻസി ക്രോണിയയായിരുന്നു.
English Summary: Hansie Cronje match fixing scandal