മറക്കില്ല, കൊച്ചിയിലെ വീട്ടിൽ വിരുന്നെത്തിയ ധോണിയെ: ശ്രീശാന്ത് പറയുന്നു
Mail This Article
എല്ലാ അർഥത്തിലും പകരക്കാരനില്ലാത്ത കളിക്കാരനാണു ധോണി. അദ്ദേഹം വിരമിക്കുന്നതു ടീമിനു വലിയ നഷ്ടം തന്നെയാണ്. അടുത്ത ട്വന്റി20 ലോകകപ്പിനായി അദ്ദേഹം ടീമിലുണ്ടാവണമായിരുന്നു. അതിൽ ഇന്ത്യ ചാംപ്യൻമാരായി സഹകളിക്കാരുടെ തോളിലേറി ഒരു വിടവാങ്ങലായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യൻ ടീമിലെത്തിയ സമയത്ത് എനിക്ക് അടുത്ത സൗഹൃദം രൂപപ്പെട്ടവരിലൊരാൾ ധോണിയായിരുന്നു. കൊച്ചിയിലെ എന്റെ വീട്ടിൽ അദ്ദേഹം ഉൾപ്പടെയുള്ളവർ വിരുന്നെത്തിയത് മറക്കാനാവാത്ത അനുഭവമാണ്.
കായികശേഷി മാത്രമല്ല നല്ല അത്മബലവും ബുദ്ധിയുമുള്ള കളിക്കാരനാണെന്നതാണ് ധോണിയെ ശ്രദ്ധേയനാക്കിയത്. ഏതു പ്രതികൂല സാഹചര്യങ്ങളിലും പതറില്ല. ടീമിന്റെ വിജയത്തിലേക്കുള്ള വഴികളാവും അദ്ദേഹം കണക്കുകൂട്ടുക. പലപ്പോഴും അസാധാരണ നീക്കങ്ങളും നടത്തും. മികച്ച മാച്ച് ഫിനിഷറായതും അങ്ങനെയാണ്.
കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കാതെ അടുത്ത ബോളിനായി തയാറെടുക്കാനാണ് എപ്പോഴും ഉപദേശിക്കുന്നത്. ബാറ്റ് ചെയ്യുമ്പോഴും ഫീൽഡ് ചെയ്യുമ്പോഴും കൂടെയുള്ളവർക്ക് കൃത്യമായ ഉപദേശം നൽകാൻ അദ്ദേഹത്തിനാവും. എതിരാളിയുടെ ശക്തിയും ദൗർബല്യവും സൂക്ഷ്മതയോടെ മനസിലാക്കിയാവും ഇത്. അതു വലിയ തുണയാണ്. സമ്മർദം കുറയ്ക്കുകയും ചെയ്യും. ആ അനുഭവ സമ്പത്തിൽനിന്നു പഠിക്കാനാണ് പുതിയ കളിക്കാർ ശ്രമിക്കേണ്ടത് (ഇന്ത്യൻ ടീമിൽ ധോണിയുടെ സഹതാരമായിരുന്ന മലയാളി താരം എസ്. ശ്രീശാന്തിന്റെ പ്രതികരണം)
∙ ധോണിയുടെ വിരമിക്കലിൽ മറ്റു താരങ്ങളുടെ പ്രതികരണം
∙ ഇന്ത്യൻ ക്രിക്കറ്റിനു നിങ്ങൾ നൽകിയ സംഭാവനകൾ വലുതാണ്. നമ്മൾ ഒരുമിച്ച് ഏകദിന ലോകകപ്പ് നേടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം. – സച്ചിൻ തെൻഡുൽക്കർ
∙ എല്ലാ താരങ്ങൾക്കും ഒരു ദിവസം കരിയർ അവസാനിപ്പിക്കേണ്ടി വരും. എന്നാൽ, താങ്കളെപ്പോലെ അടുത്തറിയാവുന്ന ഒരാൾ വിടപറയുമ്പോൾ സങ്കടം കൂടും. എനിക്കു നൽകിയ ബഹുമാനവും സൗഹൃദച്ചൂടും ഞാനൊരിക്കലും മറക്കില്ല. ലോകം താങ്കളുടെ നേട്ടങ്ങൾ കണ്ടു; ഞാൻ താങ്കളിലെ മനുഷ്യനെയും. എല്ലായ്പ്പോഴും ടീം ബസിൽ അവസാന സീറ്റിൽ ഇരിക്കുന്ന ധോണിയുടെ ചിത്രം ഒരിക്കലും മായില്ല. താങ്കൾ എന്നും എന്റെ ക്യാപ്റ്റനായിരിക്കും. – വിരാട് കോലി
∙ ഒരു യുഗത്തിന്റെ അവസാനം. ലോക ക്രിക്കറ്റിനും ഇന്ത്യൻ ക്രിക്കറ്റിനും നഷ്ടം. അപാരമായ നേതൃഗുണമായിരുന്നു ധോണിയുടേത്. – സൗരവ് ഗാംഗുലി
∙ ഒരു പോക്കറ്റടിക്കാരനെക്കാൾ വേഗത്തിൽ സ്റ്റംപിങ് നടത്തുന്ന വിക്കറ്റ് കീപ്പറും ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ ക്യാപ്റ്റനുമാണു ധോണി. ആ വിടവ് നികത്താൻ പ്രയാസമാണ്. താങ്കൾക്കൊപ്പം ഡ്രസിങ് റൂമിൽ ഒന്നിക്കാനായതു വലിയ ഭാഗ്യമായി കരുതുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റർമാരിലൊരാളായ ധോണിക്കു സല്യൂട്ട്. ആർക്കും പിന്നിൽ രണ്ടാമനല്ല നിങ്ങൾ. ഇനിയുള്ള ജീവിതം ആഘോഷിക്കൂ. – രവി ശാസ്ത്രി
∙ 3 ഐസിസി കിരീടങ്ങൾ നേടിയ ക്യാപ്റ്റനെന്ന ധോണിയുടെ റെക്കോർഡ് മറികടക്കാൻ ആർക്കും കഴിയില്ല. – ഗൗതം ഗംഭീർ
∙ ധോണിയെപ്പോലെ ഇപ്പോൾ ആരുമില്ല, മുൻപ് ആരുമില്ലായിരുന്നു; ഇനി ആരും വരാൻ പോകുന്നുമില്ല. അസാധ്യ താരമാണു ധോണി. താരങ്ങൾ വരും, പോകും. പക്ഷേ, ധോണിയെപ്പോല ശാന്തനായ മറ്റൊരു താരമില്ല. ഓം ഫിനിഷായ നമഃ – സേവാഗ്
∙ ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാൾ. മനോഹരമായ ഓർമകൾക്കു നന്ദി. – വി.വി.എസ്.ലക്ഷ്മൺ
∙ ഏകദിനത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനും ഫിനിഷറുമാണു ധോണി. – മൈക്കൽ വോൺ
∙ ധോണിയില്ലാതെ ക്രിക്കറ്റിന്റെ കഥ ഒരിക്കലും പൂർണമാകില്ല. – ശുഐബ് അക്തർ
∙ നിങ്ങളുടെ ആത്മവിശ്വാസവും ധൈര്യവും കഠിനാധ്വാനവും അനേകം തലമുറകൾക്കു പ്രചോദനമാണ്. – കിരൺ റിജിജു
∙ എന്നെപ്പോലെയുള്ള യുവതാരങ്ങൾക്ക് എന്നും പ്രചോദനവും പ്രോത്സാഹനവുമാണു താങ്കൾ. – ജസ്പ്രീത് ബുമ്ര
∙ ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച യുഗത്തിൽ തന്റേതായ മുദ്ര പതിപ്പിച്ച താരം. മുന്നേറൂ, കയറാൻ ഇനിയും കൊടുമുടികൾ ബാക്കിയുണ്ടാകും. – ശശി തരൂർ എംപി
∙ ക്യാപ്റ്റൻ ധോണിക്കു വിട. ഭാവി പരിപാടികൾക്ക് എല്ലാ ആശംസകളും. – മോഹൻലാൽ
English Summary: S Sreesanth on MSD