ADVERTISEMENT

2011 ഏകദിന ലോകകപ്പി‍ൽ ഇന്ത്യയ്ക്കു കിരീടം സമ്മാനിച്ച സിക്സർ ഷോട്ടിനു സാക്ഷിയായ മനോരമ ലേഖകൻ എഴുതുന്നു... 

ഒരുപാട് രീതികളിൽ അവിശ്വസനീയനായ കളിക്കാരനായിരുന്നു ധോണി. ധോണി ചിരിക്കും എന്ന് നമ്മൾ വിചാരിക്കുമ്പോൾ അദ്ദേഹം ചിരിക്കില്ല. ആവേശം കൊണ്ട് കുപ്പായം വലിച്ചൂരും എന്ന് കരുതിയിരിക്കുമ്പോൾ ‘ക്യാപ്റ്റൻ കൂൾ’ ആയി നടന്നു പോകും. ടീമിനെ മുന്നിൽ നിന്നു നയിച്ച് സ്വന്തമാക്കിയ ലോകകിരീടം സച്ചിൻ തെൻഡുൽക്കർക്കു വച്ചു നീട്ടി, ‘സച്ചിൻ ഇതു താങ്കൾക്കുള്ളതാണ്’ എന്ന് പറഞ്ഞപ്പോഴും ഈ പ്രവചനാതീത സ്വഭാവം തന്നെയാണ് ധോണിയിൽ കണ്ടത്.

2011 ഏപ്രിൽ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ചരിത്രത്തിലേക്ക് പറന്നതായിരുന്നു ധോണിയുടെ ആ സിക്സർ. 28 വർഷത്തെ കാത്തിരിപ്പിനു ശേഷം ഏകദിന ലോകകപ്പ് വീണ്ടും ഇന്ത്യ സ്വന്തമാക്കിയ നിമിഷം. ടൂർണമെന്റിൽ അതേവരെ ധോണിയുടെ ഉയർന്ന സ്‌കോർ 34 റൺസ് മാത്രമായിരുന്നു. എന്നിട്ടും ഫൈനലിൽ ഉത്തരവാദിത്തം ധോണി ഏറ്റെടുത്തു. 79 പന്തിൽ 91 റൺസെടുത്ത് ധോണി പുറത്താകാതെ നിന്നു. അവസാനം സിക്സറിലൂടെ ഇന്ത്യയുടെ വിജയവും കുറിച്ചു.

യുവരാജിനും റെയ്‌നയ്ക്കും മുൻപ് അഞ്ചാമനായി ധോണി ഇറങ്ങി. ‘‘രണ്ട് ഇടംകൈ ബാറ്റ്‌സ്‌മാന്മാർ ക്രീസിൽ നിൽക്കുന്നതിനെക്കാൾ നല്ലതാണു ഞാൻ ഇറങ്ങുന്നത്. പിന്നെ, മുത്തയ്യ മുരളീധരന്റെ ദൂസരയ്‌ക്കു മുന്നിൽ മറ്റുള്ളവർ പരീക്ഷിക്കപ്പെടേണ്ട എന്നും തീരുമാനിച്ചു. തീരുമാനം അൽപം ബുദ്ധിമുട്ടായിരുന്നു. എങ്കിലും അത് ഫലം കണ്ടു-’’ ധോണി അന്നു പറഞ്ഞു.

പരസ്‌പരം സഹായിക്കാനും ചർച്ചകൾ നടത്താനും കുറവുകൾ പരിഹരിക്കാനും ഉതകുന്നതായിരുന്നു ഇന്ത്യൻ ഡ്രസിങ് റൂമിൽ ധോണി ഒരുക്കിയെടുത്ത അന്തരീക്ഷം. ഗ്രെഗ് ചാപ്പൽ എന്ന കടുംപിടുത്തക്കാരനായ പരിശീലകനിൽ നിന്നു മാറി ഗാരി കിർസ്റ്റൻ എന്ന ‘സുഹൃത്തി’ന്റെ കീഴിൽ ഇന്ത്യൻ ടീമിനെ ഒരുക്കിയെടുത്തത് ധോണിയാണ്. ‘‘നല്ലതു നല്ലതായും ചീത്ത ചീത്തയായും തുറന്നു പറയാനുള്ള സൗഹൃദാന്തരീക്ഷമാണു സന്ദിഗ്‌ധഘട്ടത്തിലും ടീമിനെ ഒന്നാക്കി നിർത്തിയത്.’’ ധോണിയുടെ വിലയിരുത്തലാണ് ഇത്.

2020 സ്വാതന്ത്ര്യ ദിന രാത്രി 7.29 ചരിത്രത്തിൽ ഇങ്ങനെയായിരിക്കും രേഖപ്പെടുത്തുക– എം.എസ്.ധോണി കുപ്പായം അഴിച്ച സമയം.

∙ ക്രീസിലെ മഹിഭാരതം

ഓഗസ്റ്റ് 19, 2004: കെനിയയിൽ ഇന്ത്യ ‘എ’ ടീമിനു വേണ്ടി മിന്നൽ സെഞ്ചുറികൾ. ദേശീയ ടീമിന്റെ റഡാറിൽ.

ഡിസംബർ 23, 2004: ബംഗ്ലദേശിനെതിരെ ഏകദിന അരങ്ങറ്റം. ആദ്യ ഇന്നിങ്സിൽ ‘ഡക്ക്’.

ഏപ്രിൽ 5, 2005: പാക്കിസ്ഥാനെതിരെ 123 പന്തിൽ 148 റൺസ്. ഒരു ഇന്ത്യൻ കീപ്പറുടെ ആദ്യസെഞ്ചുറി.

ഒക്ടോബർ 31, 2005 : ലങ്കയ്ക്കെതിരെ വീണ്ടും സംഹാരം. ചേസിങ് ഇന്നിങ്സിൽ145 പന്തിൽ പുറത്താകാതെ 183 *.

ഡിസംബർ 2, 2005: ചെന്നൈയിൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം.

ജനുവരി 26, 2006: പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ 153 പന്തിൽ 148 റൺസ് നേടിയ മാച്ച് സേവിങ് ഇന്നിങ്സ്.

ജൂലൈ 23, 2007: ലോഡ്സിൽ ധോണിയുടെ (76*) 203 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ടീം ഇന്ത്യക്ക് അവിശ്വസനീയ സമനില.

സെപ്റ്റംബർ 13, 2007 : ടീം ഇന്ത്യയുടെ നായകനായി ട്വന്റി 20 ലോകകപ്പിൽ.

സെപ്റ്റംബർ 24, 2007 : പാക്കിസ്ഥാനെ കീഴടക്കി ട്വന്റി 20 ലോകകപ്പ് കിരീടം

സെപ്റ്റംബർ 29, 2007: ഏകദിനത്തിലും നായകൻ.

നവംബർ 15, 2007 : പാക്കിസ്ഥാനെതിരെ ആദ്യപരമ്പര ജയം.

ഫെബ്രുവരി 20, 2008: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യലേലം. റെക്കോർഡ് തുകയ്ക്ക് ധോണി ചെന്നൈയിലേക്ക്.

ഏപ്രിൽ 11, 2008: കാൺപൂർ ടെസ്റ്റിൽ കുംബ്ലെയുടെ അഭാവത്തിൽ നായകൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വൻ ജയം.

നവംബർ 6, 2008 : ഓസ്ട്രേലിയൻ പരമ്പരയ്ക്കിടെ കുംബ്ലെ വിരമിച്ചു. ടെസ്റ്റിലും നായകദൗത്യം ധോണിക്ക്.

മാർച്ച് 11, 2009 : ന്യൂസിലൻഡ് മണ്ണിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഏകദിന പരമ്പര.

ഡിസംബർ 6, 2009: ശ്രീലങ്കയ്ക്കെതിരെ പരമ്പര നേട്ടം. ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ഒന്നാം സ്ഥാനം.

ജൂൺ 24, 2010: ശ്രീലങ്കയിൽ ഏഷ്യാ കപ്പ് കിരീടം ചൂടി ധോണിയും സംഘവും.

ജനുവരി 6, 2011: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സമനിലയിലാക്കി ടീം ഇന്ത്യ.

ഏപ്രിൽ 2, 2011: ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ 79 പന്തിൽ പുറത്താകാതെ 91 റൺസ്. 28 വർഷത്തിനു ശേഷം ഇന്ത്യയ്ക്ക് കിരീടം.

ഫെബ്രുവരി 24, 2013: ചെന്നൈയിൽ ഓസീസിനെതിരെ ഇരട്ടശതകം (224). ടെസ്റ്റിൽ ഒരു വിക്കറ്റ് കീപ്പർ – ക്യാപ്റ്റൻ താരം നേടുന്ന ഉയർന്ന സ്കോർ. ഇന്ത്യൻ വിക്കറ്റ് കീപ്പറുടെയും ഉയർന്ന സ്കോർ.

മാർച്ച് 5, 2013: ടെസ്റ്റിൽ നായകനായി ധോണിയുടെ 22–ാം വിജയം. ഗാംഗുലിയെ മറികടന്ന് ഏറ്റവുമധികം ജയം സ്വന്തമാക്കുന്ന ഇന്ത്യൻ നായകൻ.

ജൂൺ 23, 2013: ഇംഗ്ലിഷ് മണ്ണിൽ ഇംഗ്ലണ്ടിനെ കീഴടക്കി ചാംപ്യൻസ് ട്രോഫി കിരീടം. ഐസിസിയുടെ 3 പ്രധാന കിരീടങ്ങളും നേടുന്ന ആദ്യ നായകൻ.

ജൂലൈ 11, 2013: വിൻഡീസ് മണ്ണിൽ ത്രിരാഷ്ട്ര കിരീടം. കലാശക്കളിയിൽ 9 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രക്ഷിക്കാൻ അവസാന ഓവറിൽ 16 റൺസ് വാരിക്കൂട്ടി ക്യാപ്റ്റന്റെ മിന്നൽ ഫിനിഷിങ്.

ഡിസംബർ 30, 2014: വിദേശമണ്ണിൽ തുടർച്ചയായ ആറാം പരമ്പരയിലും തിരിച്ചടി. ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ധോണി.

മാർച്ച് 26, 2015 : ഏകദിന ലോകകപ്പിൽ തുടർച്ചയായ 8 ജയങ്ങൾക്കൊടുവിൽ ഓസ്ട്രേലിയയ്ക്കെതിരെ സെമിയിൽ പരാജയം.

ജൂൺ 21, 2015 : ബംഗ്ലദേശിനെതിരെ ഏകദിന തോൽവി. ബംഗ്ലദേശിൽ പരമ്പര കൈവിടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ.

മാർച്ച് 6, 2016: ഏഷ്യാകപ്പ് ട്വന്റി20 കിരീടം ഇന്ത്യയ്ക്ക്.

ജനുവരി 4, 2017 : ഏകദിന ടീമിന്റെ നായക സ്ഥാനത്തു നിന്ന് ധോണിയുടെ പടിയിറക്കം.

സെപ്റ്റംബർ 3, 2017: ഏകദിനത്തിൽ 100 സ്റ്റംപിങ് പൂർത്തിയാക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ.

ജൂലൈ 15, 2018 : ഏകദിനത്തിലെ 10,000 റൺസ് ക്ലബ്ബിൽ. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ; നാലാമത്തെ ഇന്ത്യൻ താരം.

ജൂലൈ 9, 2019: ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെതിരെ. സച്ചിനു ശേഷം 350 മത്സരം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം. ഇന്ത്യൻ പ്രതീക്ഷകൾ തകർത്തു റണ്ണൗട്ടായി ധോണിയുടെ മടക്കം.

English Summary: Salute MS Dhoni, Captain Cool !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com